കൊച്ചി: തിരുവാണിയൂര്‍ ഗ്ലോബല്‍ പബ്ലിക് സ്‌കൂളിലെ ഒന്‍പതാംക്ലാസ് വിദ്യാര്‍ഥി മിഹിർ അഹമ്മദിന്‍റെ ആത്മഹത്യക്ക് കാരണം റാഗിങ് അല്ലെന്ന് പോലീസ് റിപ്പോര്‍ട്ട്. റാഗ് ചെയ്തതിന് തെളിവുകളില്ലെന്നും ആത്മഹത്യയുടെ കാരണം റാഗിങ് അല്ലെന്നും കുടുംബ പ്രശ്‌നങ്ങളാണെന്നും വ്യക്തമാക്കുന്ന റിപ്പോര്‍ട്ടാണ് പുത്തന്‍കുരിശ് പോലീസ് ആലുവ റൂറല്‍ എസ്.പിക്ക് സമര്‍പ്പിച്ചിരിക്കുന്നത്.

ജനുവരി 15-നാണ് തൃപ്പുണിത്തുറയിലെ ഫ്‌ളാറ്റ് സമുച്ചയത്തില്‍നിന്ന് ചാടി ഗ്ലോബല്‍ പബ്ലിക് സ്‌കൂള്‍ ഒമ്പതാംക്ലാസ് വിദ്യാര്‍ഥി മിഹിര്‍ ജീവനൊടുക്കിയത്. പിന്നാലെ സ്‌കൂളില്‍നിന്ന് നേരിട്ട ക്രൂരമായ റാഗിങ്ങാണ് തന്റെ മകന്റെ ആത്മഹത്യക്ക് കാരണമെന്ന് ആരോപിച്ച് മിഹിറിന്റെ മാതാവ് രംഗത്തെത്തുകയായിരുന്നു.

കുട്ടി മറ്റ് വിദ്യാര്‍ഥികളില്‍നിന്ന് ക്രൂരമായ പീഡനമാണ് ഏറ്റുവാങ്ങിയതെന്നും ക്ലോസറ്റില്‍ തല താഴ്ത്തിവെപ്പിച്ച് ഫ്‌ളഷ് ചെയ്യുന്നതടക്കമുള്ള പീഡനം അനുഭവിച്ചിരുന്നുവെന്നും കുട്ടിയുടെ അമ്മ വ്യക്തമാക്കിയിരുന്നു. ഇതിന് പുറമെ നിറത്തിന്റെ പേരിലും കുട്ടി കളിയാക്കലിന് വിധേയനായെന്നും ആരോപണമുണ്ടായിരുന്നു. പിന്നാലെ സ്‌കൂളിലേക്കും പ്രിന്‍സിപ്പലിനെതിരേയും വലിയ പ്രതിഷേധങ്ങളുണ്ടായി.

മരണവുമായി ബന്ധപ്പെട്ട് പൊതുവിദ്യാഭ്യാസ വകുപ്പും അന്വേഷണം പ്രഖ്യാപിക്കുകയും റിപ്പോര്‍ട്ട് കൈമാറുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് മരണകാരണം റാഗിങ് അല്ലെന്ന് വ്യക്തമാക്കി പോലീസ് റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്. കുടുംബപ്രശ്‌നങ്ങളാണ് ആത്മഹത്യക്ക് കാരണമെന്നും റാഗിങ് ആരോപണത്തിന് തെളിവുകളില്ലെന്നും പോലീസ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

അതേസമയം, മിഹിറിന്റെ മരണവുമായി ബന്ധപ്പെട്ട് ദുരൂഹത ആരോപിച്ച് നേരത്തെ പിതാവ് പരാതി നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് മാതാവ് റാഗിങ് ആരോപണം ഉന്നയിച്ചുകൊണ്ട് പോലീസില്‍ പരാതിപ്പെട്ടത്.

അമ്മയ്ക്കും രണ്ടാനച്ഛനുമൊപ്പം തൃപ്പൂണിത്തുറയിലെ ഫ്ളാറ്റില്‍ താമസിക്കുന്ന മകന്‍ തന്നോട് സ്ഥിരമായി ആശയവിനിമയം നടത്താറുണ്ടെന്നും എന്തെങ്കിലും പ്രശ്നമുള്ളതായി മകന്‍ പറഞ്ഞിട്ടില്ലെന്നും പിതാവ് ഷഫീഖ് മാടമ്പാട്ട് പറഞ്ഞിരുന്നു. മിഹിര്‍ മരിക്കുന്നതിന് തൊട്ടുമുമ്പ് രണ്ടാനച്ഛനുമായി സംസാരിച്ചിരുന്നുവെന്നും അത് എന്താണെന്ന് കണ്ടെത്തണമെന്നും മരിക്കുന്ന സമയത്ത് ആരൊക്കെ ഫ്ളാറ്റില്‍ ഉണ്ടായിരുന്നു എന്ന് അറിയണമെന്നും ആവശ്യപ്പെട്ടാണ് പോലീസില്‍ പരാതി നല്‍കിയിരുന്നത്. മിഹിറുമായുള്ള ചാറ്റിന്റെ സ്‌ക്രീന്‍ ഷോട്ടുകളടക്കം വെച്ചുകൊണ്ടാണ് പിതാവ് പരാതി നല്‍കിയിരുന്നത്. ഈ പരാതിക്ക് പിന്നാലെയാണ് മാതാവ് സ്‌കൂളിനെതിരേ പരാതിയുമായി രംഗത്തെത്തിയത്.


Discover more from MALAYALAM

Subscribe to get the latest posts sent to your email.

Leave a comment

Leave a Reply