ന്യൂഡല്‍ഹി: ഒരു രാജ്യത്ത് അനധികൃതമായി പ്രവേശിക്കുന്ന ആര്‍ക്കും അവിടെ ജീവിക്കാന്‍ അവകാശമില്ലെന്നും ഇത് ലോകത്തിന് മുഴുവന്‍ ബാധകമാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. അനധികൃതമായി യുഎസില്‍ താമസിക്കുന്ന ഇന്ത്യന്‍ പൗരന്മാരെ സ്വീകരിക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. മനുഷ്യക്കടത്ത് അവസാനിപ്പിക്കാന്‍ ശ്രമങ്ങള്‍ നടത്തേണ്ടതുണ്ട്.
ഇന്ത്യയിലെ യുവാക്കളും ദുര്‍ബലരും ദരിദ്രരുമായ ആളുകള്‍ പറ്റിക്കപ്പെടുകയാണ്. വലിയ സ്വപ്നങ്ങളും വലിയ വാഗ്ദാനങ്ങളും കണ്ട് ആകര്‍ഷിക്കപ്പെടുന്ന വളരെ സാധാരണ കുടുംബങ്ങളിലെ കുട്ടികളാണ് ഇവര്‍. എന്തിനാണ് കൊണ്ടുവരുന്നതെന്ന് പോലും അറിയാതെയാണ് പലരും എത്തിപ്പെടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മനുഷ്യക്കടത്ത് ശൃംഖല അവസാനിപ്പിക്കാന്‍ ഇന്ത്യയും യുഎസും സംയുക്ത ശ്രമങ്ങള്‍ നടത്തണമെന്നും അദ്ദേഹം പറഞ്ഞു. ഞങ്ങളുടെ ഏറ്റവും വലിയ പോരാട്ടം ഈ മുഴുവന്‍ ശൃംഖലക്കെതിരെയാണ്. ഇതില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇന്ത്യയുമായി പൂര്‍ണ്ണമായി സഹകരിക്കുമെന്ന് ഞങ്ങള്‍ക്ക് ഉറപ്പുണ്ടെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.
ഇതിനിടെ, ഏറ്റവും ഉയര്‍ന്ന ഇറക്കുമതി തീരുവ ചുമത്തുന്ന രാജ്യമാണ് ഇന്ത്യയെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. എന്നാല്‍ ബിസിനസ്സിന് സൗഹൃദ രാജ്യമല്ല ഇന്ത്യയെന്നും ട്രംപ് പറഞ്ഞു. ഇരു രാജ്യങ്ങളുടെയും പുരോഗതിക്കും അഭിവൃദ്ധിക്കും വേണ്ടി ഒരുമിച്ച് മുന്നേറുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും പറഞ്ഞു. വൈറ്റ് ഹൗസില്‍ വെച്ചായിരുന്നു മോദി-ട്രംപ് കൂടിക്കാഴ്ച്ച. സംയുക്ത വാര്‍ത്താ സമ്മേളനത്തില്‍ പരസ്പരം വാനോളം പുകഴ്ത്തിയാണ് നേതാക്കള്‍ സംസാരിച്ചത്.


Discover more from MALAYALAM

Subscribe to get the latest posts sent to your email.

Leave a comment

Leave a Reply