ന്യൂഡൽഹി: ആണവായുധങ്ങളുടെ പേരിലുള്ള ഭീഷണി ഇന്ത്യയോടുവേണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. അത് പറഞ്ഞുള്ള ബ്ലാക്മെയിലിങ് വിലപ്പോകില്ലെന്നും അദ്ദേഹം പാകിസ്താന് ശക്തമായ മുന്നറിയിപ്പ് നൽകി. ഓപ്പറേഷൻ സിന്ദൂറിന് ശേഷം ആദ്യമായി രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു മോദി. 22 മിനിറ്റ് നീണ്ട പ്രസംഗത്തിൽ പാകിസ്താനും ഭീകരതയ്ക്കുമെതിരേ ശക്തമായ താക്കീതാണ് പ്രധാനമന്ത്രി നൽകിയത്.

ആണവ ഭീഷണി ഇന്ത്യയോടു വേണ്ട, അത് വെച്ചു പൊറുപ്പിക്കില്ല. ഇന്ത്യയ്ക്കെതിരായ ഭീകരവാദ ആക്രമണത്തിന് ഉചിതമായ തിരിച്ചടി നേരിടേണ്ടിവരും. പ്രതികരണം എങ്ങനെവേണമെന്ന് ഞങ്ങൾ തീരുമാനിക്കും. ഇന്ത്യയും പാകിസ്താനും തമ്മിൽ ചർച്ചയുണ്ടെങ്കിൽ അത് ഭീകരവാദത്തെക്കുറിച്ചും പാക് അധീന കശ്മീരിനെക്കുറിച്ചും മാത്രമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇന്ന് ബുദ്ധപൂർണിമയാണെന്നും ബുദ്ധൻ സമാധാനത്തിന്റെ പാത കാണിച്ചു തന്നുവെന്നും മോദി പ്രസംഗത്തിൽ ഓർമ്മിപ്പിച്ചു.

പഹൽഗാമിൽ അവധിയാഘോഷിക്കാനെത്തിയ സാധാരണക്കാരെയാണ് ഭീകരർ മതം ചോദിച്ച് കൊലപ്പെടുത്തിയതെന്ന് മോദി ചൂണ്ടിക്കാട്ടി. ഭീകരവാദികൾ കാണിച്ച ക്രൂരത ലോകത്തെ പിടിച്ചുകുലുക്കുന്നതായിരുന്നു. കുടുംബങ്ങളുടെ മുന്നിൽ വെച്ചാണ് സാധാരണക്കാരെ ഭീകരവാദികൾ കൊലപ്പെടുത്തിയത്. ഭീകരരെ തുടച്ചുനീക്കാൻ സൈന്യത്തിന് പൂർണ സ്വാതന്ത്ര്യം നൽകിയിരുന്നെന്നും മോദി പറഞ്ഞു.

ഇന്ത്യ നൽകിയ കനത്ത തിരിച്ചടി ഭീകരവാദികൾ സ്വപ്നത്തിൽപോലും പ്രതീക്ഷിച്ചില്ല. ഇന്ത്യൻ മിസൈലും ഡ്രോണുകളും പാകിസ്താനിലെ സ്ഥലങ്ങൾ ആക്രമിച്ചപ്പോൾ ഭീകരവാദികളുടെ കെട്ടിടങ്ങൾ മാത്രമല്ല അവരുടെ ധൈര്യവും തകർന്നു. തിരിച്ചടിയിലൂടെ ഇന്ത്യ തകർത്തത് ഭീകരതയുടെ യൂണിവേഴ്സിറ്റിയാണെന്നും മോദി തന്‍റെ അഭിസംബോധനയിൽ ചൂണ്ടിക്കാട്ടി.


Discover more from MALAYALAM

Subscribe to get the latest posts sent to your email.

Leave a comment

Leave a Reply