
പട്‌ന: പഹല്‍ഗാമില്‍ ആക്രമണം നടത്തിയ ഭീകരര്‍ക്ക് അവര്‍ സങ്കല്‍പ്പിക്കുന്നതിനും അപ്പുറമുള്ള ശിക്ഷ ലഭിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ദേശീയ പഞ്ചായത്ത് രാജ് ദിനവുമായി ബന്ധപ്പെട്ട് ബിഹാറിലെ മധുബനിയിൽ സംഘടിപ്പിച്ച ചടങ്ങിലായിരുന്നു പഹല്‍ഗാം ഭീകരാക്രമണത്തെക്കുറിച്ച് പ്രധാനമന്ത്രി പ്രതികരിച്ചത്.
പഹല്‍ഗാം ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവര്‍ക്ക് ആദരം അര്‍പ്പിച്ച് രണ്ടുമിനിറ്റ് മൗനം ആചരിക്കാന്‍ പ്രധാനമന്ത്രി സദസ്സിലുള്ളവരോട് ആവശ്യപ്പെട്ടു. തുടര്‍ന്ന് പഹല്‍ഗാമില്‍ ജീവന്‍ പൊലിഞ്ഞവര്‍ക്കുവേണ്ടി മൗനം ആചരിച്ചശേഷമാണ് പ്രധാനമന്ത്രി പ്രസംഗം ആരംഭിച്ചത്.
പഹല്‍ഗാം ആക്രമണത്തില്‍ രാജ്യം മുഴുവന്‍ ദുഃഖിതരാണ്. പഹല്‍ഗാമില്‍ നിരപരാധികളായ സാധാരണക്കാരെ ഭീകരര്‍ എങ്ങനെയാണ് ക്രൂരമായി കൊലപ്പെടുത്തിയതെന്ന് രാജ്യത്തിനറിയാം. രാജ്യം മുഴുവന്‍ അതിന്റെ ഞെട്ടലിലാണ്. ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ച ഭീകരര്‍ക്കും ഗൂഢാലോചന നടത്തിയവര്‍ക്കും അവര്‍ സങ്കല്‍പ്പിക്കുന്നതിലും അപ്പുറമുള്ള ശിക്ഷ ലഭിക്കും. 140 കോടി ഇന്ത്യക്കാരുടെ ഇച്ഛാശക്തി ഭീകരവാദത്തിന്റെ നട്ടെല്ല് തകര്‍ക്കും. രാജ്യം പഹല്‍ഗാമില്‍ പ്രിയപ്പെട്ടവരുടെ ജീവന്‍ നഷ്ടമായവര്‍ക്കൊപ്പമാണ്. ആക്രമണത്തില്‍ പരിക്കേറ്റവര്‍ക്ക് മികച്ച ചികിത്സ ഉറപ്പുവരുത്താന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.
ഓരോ തീവ്രവാദിയെയും കണ്ടെത്തി അവരെ ശിക്ഷിക്കും. അവരെ സഹായിക്കുന്നവരെയും ശിക്ഷിക്കും. ഭൂമിയുടെ അറ്റംവരെ പോയാലും അവരെ പിന്തുടര്‍ന്ന് തുരത്തും. തീവ്രവാദംകൊണ്ട് ഇന്ത്യയുടെ ആത്മാവിനെ തകര്‍ക്കാനാകില്ല. തീവ്രവാദം ശിക്ഷിക്കപ്പെടാതെ പോകില്ല. നീതി നടപ്പാക്കുന്നുവെന്ന് ഉറപ്പാക്കാന്‍ എല്ലാ ശ്രമങ്ങളും നടത്തും. രാജ്യം മുഴുവന്‍ ഈ ദൃഢനിശ്ചയത്തില്‍ ഉറച്ചുനില്‍ക്കുകയാണ്. മനുഷ്യത്വത്തില്‍ വിശ്വസിക്കുന്ന എല്ലാവരും ഞങ്ങള്‍ക്കൊപ്പമുണ്ട്. ഈ സമയത്ത് ഞങ്ങള്‍ക്കൊപ്പംനിന്ന വിവിധ രാജ്യങ്ങളിലെ നേതാക്കള്‍ക്കും അവിടത്തെ ജനങ്ങള്‍ക്കും നന്ദി അറിയിക്കുകയാണെന്നും മോദി പറഞ്ഞു.
Discover more from MALAYALAM
Subscribe to get the latest posts sent to your email.