
പാരിസ്: ബ്രിട്ടിഷുകാരില്‍നിന്നു രക്ഷപ്പെട്ട സവര്‍ക്കറെ പിന്തുണച്ചതിന് ഫ്രഞ്ച് നഗരമായ മാഴ്‌സെയ്ക്കു നന്ദി പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഫ്രാന്‍സ് സന്ദര്‍ശിക്കുന്ന പ്രധാനമന്ത്രി ഇന്ത്യയുടെ പുതിയ കോണ്‍സലേറ്റ് ഉദ്ഘാടനം ചെയ്യാനാണ് മാഴ്‌സെയിലെത്തിയത്. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോയും മോദിക്കൊപ്പമുണ്ടായിരുന്നു.
”മാഴ്‌സെയിലെത്തി. ഇന്ത്യയുടെ സ്വാതന്ത്ര്യ പോരാട്ടത്തില്‍ ഈ നഗരത്തിനു പ്രത്യേക പ്രാധാന്യമുണ്ട്. മഹാനായ വീര്‍ സവര്‍ക്കര്‍ ധീരമായി രക്ഷപ്പെടാന്‍ ശ്രമിച്ചത് ഇവിടെ വച്ചാണ്.” എക്സിലെ പോസ്റ്റില്‍ മോദി പറഞ്ഞു. 1910 ല്‍ ലണ്ടനില്‍ അറസ്റ്റിലായ സവര്‍ക്കറെ ബ്രിട്ടിഷ് കപ്പലില്‍ ഇന്ത്യയിലേക്കു കൊണ്ടുവരുന്നതിനിടെ മാഴ്‌സെയില്‍വച്ച് കടലിലേക്കു ചാടുകയായിരുന്നു. ബ്രിട്ടിഷ് സൈനികര്‍ വെടിയുതിര്‍ത്തെങ്കിലും സവര്‍ക്കര്‍ രക്ഷപ്പെട്ടു
മോദിയുടെ സന്ദര്‍ശനത്തോട് അനുബന്ധിച്ച്, ലോകമഹായുദ്ധങ്ങളില്‍ വീരമൃത്യു വരിച്ച ഇന്ത്യന്‍ സൈനികരുടെ ത്യാഗത്തെ ആദരിക്കാന്‍ നിരവധി പരിപാടികള്‍ മാഴ്‌സെയില്‍ ആസൂത്രണം ചെയ്തിട്ടുണ്ട്. രക്തസാക്ഷിത്വം വരിച്ച ഇന്ത്യന്‍ സൈനികര്‍ക്ക് മോദി ആദരാഞ്ജലി അര്‍പ്പിക്കും.