
വാഷിംഗ്ടണ്‍: യുഎസ് പര്യടനത്തില്‍ ഇന്ത്യയുഎസ് ഉഭയകക്ഷി ബന്ധത്തെപ്പറ്റി പുതിയ ‘സൂത്രവാക്യം’ അവതരിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപുമായുള്ള സംയുക്ത വാര്‍ത്താസമ്മേളനത്തിലാണ് ‘മാഗ+മിഗ=മെഗാ’ എന്ന സൂത്രവാക്യവുമായി മോദി രംഗത്തെത്തിയത്. ട്രംപിന്റെയും മോദിയുടെയും പ്രചാരണ മുദ്രാവാക്യങ്ങള്‍ ചേര്‍ത്താണു ഉഭയകക്ഷി ബന്ധത്തിനു പുതുമ ചാര്‍ത്തിയത്.
”ട്രംപിന്റെ മാഗ (മെയ്ക് അമേരിക്ക ഗ്രേറ്റ് എഗെയ്ന്‍- അമേരിക്കയെ വീണ്ടും മഹത്തരമാക്കുക) എന്ന മുദ്രാവാക്യത്തെക്കുറിച്ച് അമേരിക്കയിലെ ജനങ്ങള്‍ക്ക് നന്നായി അറിയാം. 2047ലെ വികസിത ഭാരതം എന്ന ലക്ഷ്യത്തിലേക്കു മുന്നേറുന്ന ഇന്ത്യയിലെ ജനങ്ങളും പൈതൃകത്തിലും വികസനത്തിലും ശ്രദ്ധിക്കുന്നു. അമേരിക്കയുടെ ഭാഷയില്‍ പറഞ്ഞാല്‍, ഇതു മിഗ (മെയ്ക് ഇന്ത്യ ഗ്രേറ്റ് എഗെയ്ന്‍ – ഇന്ത്യയെ വീണ്ടും മഹത്തരമാക്കുക) എന്നാണ്. യുഎസും ഇന്ത്യയും ഒരുമിച്ചു പ്രവര്‍ത്തിക്കുമ്പോള്‍, ഈ മാഗയും മിഗയും സമൃദ്ധിക്കായുള്ള ‘മെഗാ’ പങ്കാളിത്തമായി മാറും”- മോദി പറഞ്ഞു.
2030 ആകുമ്പോഴേക്കും ഇന്ത്യയും യുഎസും തമ്മില്‍ 500 ബില്യന്‍ ഡോളറിന്റെ ഉഭയകക്ഷി വ്യാപാരം ലക്ഷ്യമിടുന്നതായി മോദിയും ട്രംപും പ്രഖ്യാപിച്ചു. വികസനം, ഉല്‍പ്പാദനം, സാങ്കേതികവിദ്യ കൈമാറ്റം എന്നീ മേഖലകളില്‍ സംയുക്തമായി 2 രാജ്യങ്ങളും മുന്നോട്ടു പോകുന്നുണ്ടെന്നു മോദി പറഞ്ഞു. ഇന്ത്യയുടെ ഊര്‍ജ സുരക്ഷ ഉറപ്പാക്കാന്‍ യുഎസുമായി എണ്ണ, വാതക വ്യാപാരം ശക്തമാക്കും. ആണവോര്‍ജ മേഖലയിലും സഹകരണം വിപുലമാക്കാനാണു തീരുമാനം.
Discover more from MALAYALAM
Subscribe to get the latest posts sent to your email.