ഝാന്‍സി: അമ്മയുടെ മരണത്തിന്റെ ചുരുളഴിക്കാന്‍ പൊലീസിനു നാലു വയസ്സുകാരി മകള്‍ വരച്ച ചിത്രം സഹായമായേക്കും. യുപിയിലെ ഝാന്‍സിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സൊനാലി ബുധോലിയ(27)യുടെ മകള്‍ ദര്‍ശിത വരച്ച ചിത്രമാണ് യുവതിയുടെ മരണം കൊലപാതകമാണെന്ന സംശയം ഉയര്‍ത്തുന്നത്. ഝാന്‍സിയിലെ കോട്വാലിക്കു സമീപത്തുള്ള പഞ്ചവടി ശിവ് പരിവാര്‍ കോളനിയിലാണ് സംഭവം.

ഗാര്‍ഹിക പീഡനത്തിനു ഇരയായാണ് സൊനാലി കൊല്ലപ്പെട്ടതെന്ന് യുവതിയുടെ പിതാവും ആരോപണം ഉന്നയിച്ചിട്ടുണ്ട്. വര്‍ഷങ്ങളോളം മകള്‍ ഭര്‍ത്താവായ സന്ദീപ് ബുധോലിയയുടെ പീഡനത്തിനു ഇരയായെന്ന് ഒട്ടേറെ സംഭവങ്ങള്‍ നിരത്തിയാണ് പിതാവ് ആരോപിക്കുന്നത്. അതേസമയം യുവതി ആത്മഹത്യ ചെയ്‌തെന്നാണ് ഭര്‍തൃവീട്ടുകാര്‍ പറയുന്നത്.

എന്നാല്‍ യുവതിയെ ഭര്‍ത്താവ് കൊലപ്പെടുത്തിയ ശേഷം ആത്മഹത്യയാക്കി മാറ്റുകയായിരുന്നു എന്നാണ് മകള്‍ ദര്‍ശിത വരച്ച ചിത്രം സൂചിപ്പിക്കുന്നത്. കല്ല് കൊണ്ടു അമ്മയുടെ തലയ്ക്ക് അടിക്കുന്നതടക്കമുള്ള സൂചനയാണ് മകളുടെ ചിത്രത്തിലുള്ളത്. ”അമ്മയെ അച്ഛന്‍ കൊന്നു. എന്നിട്ട് ‘നിനക്ക് വേണമെങ്കില്‍ മരിക്കൂ’ എന്ന് പറഞ്ഞു. മൃതദേഹം കെട്ടിതൂക്കിയശേഷം തലയില്‍ കല്ലുകൊണ്ട് ഇടിച്ചു. പിന്നീട് മൃതദേഹം താഴെയിറക്കി ചാക്കിനുള്ളിലാക്കി.” താന്‍ വരച്ച ചിത്രം പ്രദര്‍ശിപ്പിച്ചുകൊണ്ട് ദര്‍ശിത മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

2019ലാണ് സൊനാലിയയെസന്ദീപ് വിവാഹം ചെയ്യുന്നതെന്നും തുടക്കം മുതല്‍ മകളെ മര്‍ദിക്കുമായിരുന്നെന്നും പിതാവ് മാധ്യമങ്ങളോടു പറഞ്ഞു. സ്ത്രീധനത്തിന്റെ പേരിലും മകളെ സന്ദീപും കുടുംബവും പീഡിപ്പിച്ചിരുന്നു. 20 ലക്ഷം രൂപ വിവാഹ സമയത്ത് നല്‍കിയിട്ടും പിന്നെയും പണം ആവശ്യപ്പെട്ടായിരുന്നു മര്‍ദനം. കാര്‍ ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ ഉന്നയിച്ചും മര്‍ദനം തുടര്‍ന്നു. ഇതിന്റെ പേരില്‍ മുന്‍പ് പൊലീസിലും പരാതി നല്‍കിയിട്ടുണ്ട്. എന്നാല്‍ ദര്‍ശിതയുടെ ജനനത്തോടെ സന്ദീപിന്റെ കുടുംബം മകളെ കൂടുതല്‍ പീഡനങ്ങള്‍ക്ക് ഇരയാക്കി. പെണ്‍കുട്ടിയെ പ്രസവിച്ചതോടെ ആശുപത്രിയില്‍ സൊനാലിയയെ തനിച്ചാക്കി സന്ദീപും കുടുംബവും മടങ്ങിയെന്നും പിതാവ് ആരോപിക്കുന്നു. എന്നാല്‍ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചതിനു ശേഷം മാത്രമേ കൂടുതല്‍ വിവരങ്ങള്‍ നല്‍കാനാവു എന്നാണ് പൊലീസ് നല്‍കുന്ന മറുപടി.


Discover more from MALAYALAM

Subscribe to get the latest posts sent to your email.

Leave a comment

Leave a Reply