
കൊച്ചി: വഖഫ് ഭേദഗതി ബില്‍ പാര്‍ലമെന്റ് പാസാക്കിയതോടെ അര്‍ധരാത്രിയില്‍ ആഹ്ലാദ പ്രകടനവുമായി മുനമ്പത്തെ സമരക്കാര്‍. പുലര്‍ച്ചെ രണ്ടരക്ക് സമര സമിതിയുടെ നേതൃത്വത്തില്‍ പടക്കം പൊട്ടിച്ചും കേന്ദ്ര സര്‍ക്കാരിനും ബിജെപിക്കും നന്ദി പറഞ്ഞും പ്രകടന നടത്തി. നിയമഭേദഗതിയെ എതിര്‍ത്ത കേരളത്തിലെ എംപിമാരെ വിമര്‍ശിച്ചപ്പോള്‍ ഭേദഗതിയെ അനുകൂലിച്ച ബിജെപി എംപി സുരേഷ് ഗോപിയെ സമരക്കാര്‍ പ്രശംസിച്ചു. ഭൂമിയുടെ റവന്യു അവകാശം പുനഃസ്ഥാപിക്കുംവരെ നിരാഹാര സമരം തുടരാനാണ് സമരസമിതിയുടെ തീരുമാനം. ബില്‍ ലോക്‌സഭയില്‍ പാസായപ്പോഴും മുനമ്പത്ത് ആഹ്ലാദ പ്രകടനവും പടക്കം പൊട്ടിക്കലും നടന്നിരുന്നു.
വഖഫ് നിയമ ഭേദഗതി ബില്‍ രാജ്യസഭയിലും പാസായി. വോട്ടെടുപ്പില്‍ 128 പേര്‍ ബില്ലിനെ അനുകൂലിച്ചപ്പോള്‍ 95 പേര്‍ എതിര്‍ത്തു. കഴിഞ്ഞ ദിവസം ബില്‍ ലോക്‌സഭ പാസാക്കിയിരുന്നു. ഇതോടെ ബില്‍ പാര്‍ലമെന്റ് കടന്നു. ഇനി രാഷ്ട്രപതിയുടെ അംഗീകാരത്തിനായി അയക്കും. രാഷ്ട്രപതി ബില്ലില്‍ ഒപ്പിട്ടാല്‍ നിയമമാകും. മണിക്കൂറുകള്‍ നീണ്ട ചര്‍ച്ചക്ക് ശേഷമായിരുന്നു വോട്ടെടുപ്പ്. വോട്ടെടുപ്പില്‍ പ്രതിപക്ഷ അംഗങ്ങളുടെ നിര്‍ദേശം വോട്ടിനിട്ട് തള്ളി.
വഖഫ് നിയമ ഭേദഗതി ബില്‍ ലോക്‌സഭയില്‍ കഴിഞ്ഞ ദിവസം പുലര്‍ച്ചെ രണ്ട് മണിയോടെ പാസായിരുന്നു. 232 വോട്ടിനെതിരെ 288 വോട്ടോടെയാണ് പാസായത്. 14 മണിക്കൂറിലേറെ നീണ്ട നടപടികള്‍ക്ക് ശേഷമാണ് ബില്‍ ലോക്‌സഭ കടന്നത്. രാജ്യസഭയിലും മണിക്കൂറുകള്‍ ചര്‍ച്ച നീണ്ടു. ലോക്‌സഭയിലും രാജ്യസഭയിലും പ്രതിപക്ഷ അംഗങ്ങള്‍ അവതരിപ്പിച്ച ഭേദഗതികള്‍ വോട്ടിനിട്ട് തള്ളി.
Discover more from MALAYALAM
Subscribe to get the latest posts sent to your email.