തിരുവനന്തപുരം: മുണ്ടക്കൈ, ചൂരല്‍മല പുനരധിവാസവുമായി ബന്ധപ്പെട്ട് ഏറ്റെടുക്കുന്ന എല്‍സ്റ്റണ്‍ എസ്റ്റേറ്റിലെ തൊഴിലാളികള്‍ക്ക് ആറ് കോടിയോളം രൂപയുടെ സമാശ്വാസ ധനസഹായം മാനേജ്മെന്റ് നല്‍കും. തൊഴില്‍ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടിയുടെ നിര്‍ദേശപ്രകാരം തൊഴില്‍ വകുപ്പ് ഉദ്യോഗസ്ഥര്‍ മാനേജ്‌മെന്റുമായും തൊഴിലാളി സംഘടനാ പ്രതിനിധികളുമായും നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം.
2015 ഫെബ്രുവരി മുതല്‍ 2024 ഡിസംബര്‍ വരെയുള്ള പി.എഫ്. കുടിശ്ശികയായ 2,73,43,304/ രൂപയും ആയതിന് പ്രൊവിഡന്റ് ഫണ്ട് കമ്മീഷണര്‍ നിര്‍ദ്ദേശിക്കുന്ന പിഴപ്പലിശയും തൊഴിലാളികള്‍ക്ക് 2023-24, 2024-25 വര്‍ഷങ്ങളിലെ ബോണസായി മൊത്തം 4,43,995/ രൂപയും 2022, 2023, 2024 വര്‍ഷങ്ങളിലെ ആന്വല്‍ ലീവ് സറണ്ടര്‍ ആനുകൂല്യമായി 14,20,591/രൂപയും 2019,2023 വര്‍ഷങ്ങളിലെ സാലറി അരിയര്‍ ആയ 4,46,382/ രൂപയും പ്രൊവിഡന്റ് ഫണ്ടില്‍ അധികമായി ഈടാക്കിയ 7,21,240/ രൂപയും തൊഴിലാളികളുടെയും സൂപ്പര്‍വൈസര്‍മാരുടെയും 4 മാസത്തെ വേതന കുടിശ്ശികയായ 17,93,087/ രൂപയും തൊഴിലാളികള്‍ക്ക് 6 വര്‍ഷത്തെ വെതര്‍ പ്രൊട്ടക്ടീവ് ആനുകൂല്യമായി പ്രതിവര്‍ഷം 350/ രൂപ എന്ന നിരക്കില്‍ 6 വര്‍ഷകാലം നല്‍കാനുള്ള 3,25,500/ രൂപയും ഡെപ്യൂട്ടി ലേബര്‍ കമ്മീഷണറുടെ ഉത്തരവില്‍ ഉള്‍പ്പെട്ടതടക്കം 150 തൊഴിലാളികളുടെ ഗ്രാറ്റുവിറ്റി തുകയായ 2,35,09,300/ രുപയും Unclaimed dues ആയ 33,67,409/ രൂപയും വിവിധ ഹെഡുകളിലായി തൊഴിലാളികള്‍ക്ക് മാനേജുമെന്റ് നല്‍കും.
പുല്‍പ്പാറ ഡിവിഷനിലെ 33 സ്ഥിരം തൊഴിലാളികള്‍ക്ക് നിയമാനുസൃത ഗ്രാറ്റുവിറ്റി നല്‍കാനും ഒരു വര്‍ഷത്തെ സര്‍വ്വീസിന് 15 ദിവസത്തെ വേതനം എന്ന നിരക്കില്‍ റിട്രെഞ്ച്‌മെന്റ് കോമ്പന്‍സേഷന്‍ നല്‍കുന്നതിനും തീരുമാനിച്ചു. പുല്‍പ്പാറ ഡിവിഷനിലെ 14 താല്‍ക്കാലിക ജിവനക്കാര്‍ക്ക് പിരിച്ചുവിടല്‍ ആനുകൂല്യം നല്‍കുന്നത് സംബന്ധിച്ച് ചര്‍ച്ച ചെയ്ത് തീരുമാനിക്കും. എസ്റ്റേറ്റ് സര്‍ക്കാര്‍ ഏറ്റെടുക്കുമ്പോള്‍ സര്‍ക്കാര്‍ നല്‍കുന്ന പ്രതിഫലത്തുകയില്‍ നിന്ന് തൊഴിലാളികളുടെ മേല്‍ പറഞ്ഞതായ ആനുകൂല്യങ്ങള്‍ മാനേജുമെന്റ് നല്‍കുന്നതാണ്.
തൊഴില്‍ വകുപ്പ് അഡീഷണല്‍ ലേബര്‍ കമ്മീഷണര്‍(ഐ.ആര്‍) സുനില്‍.കെ.എം – ന്റെ അധ്യക്ഷതയില്‍ വയനാട് ജില്ലാ ലേബര്‍ ഓഫീസില്‍ വെച്ച് ചേര്‍ന്ന യോഗത്തില്‍ റീജിയണല്‍ ജോയിന്റ് ലേബര്‍ കമ്മീഷണര്‍ വിപിന്‍ലാല്‍.കെ.വി, ജില്ലാ ലേബര്‍ ഓഫീസര്‍ ജയേഷ്.ജി, പ്ലാന്റേഷന്‍ ഇന്‍സ്‌പെക്ടര്‍ പ്രിയ.ആര്‍, മാനേജ്‌മെന്റ് പ്രതിനിധികളായ എല്‍സ്റ്റണ്‍ എസ്റ്റേറ്റ് സെക്ഷന്‍ ഓഫീസര്‍ സതീഷ്‌കുമാര്‍.ജി,രാജേഷ്.കെ.എസ് വിവിധ ട്രേഡ് യുണിയന്‍ പ്രതിനിധികളായ ഗഗാറിന്‍.പി.,പി.പി. ആലി,എന്‍. ദേവസി, വേണുഗോപാലന്‍,യു. കരുണന്‍,ബി. സുരേഷ് ബാബു,സി.എച്ച്.മമ്മി, കെ.ടി. ബാലകൃഷ്ണന്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.


Discover more from MALAYALAM

Subscribe to get the latest posts sent to your email.

Leave a comment

Leave a Reply