
മാണ്ഡ്യ: സഹോദരനെ കൊലപ്പെടുത്താനായി വാടക കൊലയാളിയെ നിയോഗിച്ചതിന് പിന്നാലെ പൊലീസിനെ കറക്കാനായി കുംഭമേളയ്ക്ക് പോയ സഹോദരന്‍ അറസ്റ്റില്‍. കര്‍ണാടകയിലെ മാണ്ഡ്യയിലാണ് സംഭവം. ഫെബ്രുവരി 11നാണ് 45കാരനായ കൃഷ്ണ ഗൌഡ എന്ന കര്‍ഷകന്‍ കൊല്ലപ്പെടുന്നത്. മാണ്ഡ്യയിലെ മദൂറിലാണ് 45കാരനെ കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തിയത്. പൊലീസ് അന്വേഷണത്തിലാണ് 45കാരനെ കൊലപ്പെടുത്തിയത് വാടക കൊലയാളിയാണെന്ന് കണ്ടെത്തിയത്.
അഞ്ച് ലക്ഷം രൂപ ക്വട്ടേഷന്‍ നല്‍കിയാണ് ശിവനഞ്ചേ ഗൌഡ എന്ന ഗുഡ്ഡപ്പ അനിയനെ കൊലപ്പെടുത്താന്‍ വാടക കൊലയാളിയെ ഏര്‍പ്പെടുത്തിയത്. മാലവള്ളി സ്വദേശിയായ ചന്ദ്രശേഖര്‍ പിടിയിലായതിന് പിന്നാലെയായിരുന്നു ഇത്. സംഭവവുമായി ബന്ധപ്പെട്ട് എട്ട് പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തിട്ടുള്ളത്. സഹോദരന് വായ്പ അടച്ച് നല്‍കിയതിന് പകരമായി സ്ഥലം നല്‍കാമെന്ന വാഗ്ദാന ലംഘനമാണ് കൊലപാതകത്തിന് പ്രേരകമായത്.
സ്ഥലം നല്‍കാമെന്ന് വാഗ്ദാനം ചെയ്ത അനിയന്‍ ഇതിന് തയ്യാറാവാതിരുന്നതും പിന്നാലെ സഹോദരന് എതിരെ പൊലീസില്‍ പരാതി കൂടി നല്‍കുകയായിരുന്നു. ഇതോടെയാണ് 45കാരനെ കൊലപ്പെടുത്താനുള്ള പാരിതോഷികം ഗുഡ്ഡപ്പ വാടക കൊലയാളിക്ക് നല്‍കിയത്. ഇതിന് പിന്നാലെ കൊലപാതകത്തിനുള്ള ഗൂഢാലോചനയില്‍ പങ്കുള്ള സുഹൃത്തുമായി ഗുഡ്ഡപ്പ മഹാകുംഭമേളയില്‍ പങ്കെടുക്കാനായി പോയി.
പൊലീസ് അന്വേഷണം തനിക്ക് നേരെ വരാതിരിക്കാന്‍ ലക്ഷ്യമിട്ടായിരുന്നു ഇതെന്നാണ് ഇയാള്‍ പൊലീസിനോട് വിശദമാക്കിയത്. എന്നാല്‍ ദിവസങ്ങള്‍ക്കുള്ളില്‍ കേസിലെ പ്രതികളേക്കുറിച്ച് വിവരം ലഭിച്ച പൊലീസ് പ്രയാഗ്രാജില്‍ നിന്ന് തിരികെ എത്തിയ ഗുഡ്ഡപ്പയെ അറസ്റ്റ് ചെയ്യുകയായിരുന്നു.