മൈസൂരു: സൗത്ത് മൈസൂരുവില്‍ ഒരു കുടുംബത്തിലെ നാല് പേരെ മരിച്ച നിലയില്‍ കണ്ടെത്തി. തിങ്കളാഴ്ച രാവിലെയാണ് ഇവരെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ബിസിനസുകാരനായ ചേതന്‍ (45), മാതാവ് പ്രിയംവദ (65), ഭാര്യ രൂപാലി (43), മകന്‍ കുശാല്‍ (15) എന്നിവരാണ് മരിച്ചത്. ഇതില്‍ ചേതന്റെ മൃതദേഹം തൂങ്ങിനില്‍ക്കുന്ന അവസ്ഥയിലാണ് കണ്ടെത്തിയത്. മുഖം പ്ലാസ്റ്റിക് കവര്‍ കൊണ്ടു മൂടിയിരുന്നു.

കുശാലിന്റെ കാലുകള്‍ കെട്ടിയിരുന്നു. ചേതന്റെ മാതാവ് സമീപത്തുള്ള മറ്റൊരു ഫ്‌ലാറ്റിലാണ് താമസിച്ചിരുന്നത്. കുടുംബാംഗങ്ങളെ വിഷം നല്‍കി കൊലപ്പെടുത്തിയ ശേഷം ചേതന്‍ സ്വയം ജീവനൊടുക്കിയതാണെന്നാണ് പൊലീസ് സംശയിക്കുന്നത്. അതേസമയം ചേതന്‍ എന്തിനു ഈ കൃത്യം നടത്തി എന്നതിന് പൊലീസിനു കാരണം കണ്ടെത്താനായിട്ടില്ല. സാമ്പത്തിക ബാധ്യതയാണോ കാരണമെന്ന് പൊലീസ് സംശയിക്കുന്നു.

കൃത്യത്തിനു മുന്‍പ് ചേതന്‍ യുഎസിലുള്ള സഹോദരന്‍ ഭരതുമായി സംസാരിച്ചിരുന്നു. ഫോണ്‍ കട്ട് ചെയ്യുന്നതിനു മുന്‍പ് മരിക്കാന്‍ പോകുന്ന വിവരവും പറഞ്ഞു. തുടര്‍ന്ന് മൈസൂരിവിലുള്ള ബന്ധുക്കളെ ഭരത് വിവരം അറിയിക്കുകയായിരുന്നു. ഇവരാണ് വിവരം പൊലീസില്‍ അറിയിച്ചത്. യുഎഇയില്‍ എന്‍ജിനീയറായി ജോലി നോക്കിയ ചേതന്‍ 2019ലാണ് മൈസൂരുവിലേക്ക് മടങ്ങിയത്. ശേഷം ഇവിടെ വിദ്യാര്‍ഥികള്‍ക്ക് വിദേശത്ത് ജോലി ശരിയാക്കി നല്‍കുന്ന സ്ഥാപനം ആരംഭിച്ചു. ഞായറാഴ്ച കുടുംബവുമൊത്ത് ക്ഷേത്ര ദര്‍ശനം നടത്തിയ ചേതന്‍ ബന്ധുവീട്ടിലും സന്ദര്‍ശനം നടത്തിയിരുന്നു.


Discover more from MALAYALAM

Subscribe to get the latest posts sent to your email.

Leave a comment

Leave a Reply