
പാലക്കാട്: നെന്മാറ ഇരട്ടക്കൊലപാതകത്തില്‍ പൊലീസിന്റെ വീഴ്ച്ച ആരോപിച്ച് സ്റ്റേഷനിലേക്ക് പ്രതിഷേധ മാര്‍ച്ചുമായി യൂത്ത് കോണ്‍ഗ്രസ്. പൊലീസ് സ്റ്റേഷനു മുന്നില്‍ മാര്‍ച്ച് പൊലീസ് ബാരിക്കേഡ് വെച്ചു തടഞ്ഞു. തുടര്‍ന്ന് ബാരിക്കേഡിനു മുകളില്‍ കയറി പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചതോടെ പൊലീസുമായി വന്‍ വാക്കേറ്റമുണ്ടായി.
തുടര്‍ന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തകരെ സംഘര്‍ഷത്തില്‍ നിന്ന് പിന്തിരിപ്പിക്കുകയായിരുന്നു. കസ്റ്റഡിയിലെടുത്ത പ്രവര്‍ത്തകരെ പൊലീസ് വിട്ടയച്ചതോടെ സംഘര്‍ഷാവസ്ഥ അയഞ്ഞു.
കൊലപാതകത്തിന് സാഹചര്യം ഉണ്ടാക്കിക്കൊടുത്തത് പൊലീസാണെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ ആരോപിച്ചു. കൊല ചെയ്തത് ചെന്താമരയാണെങ്കില്‍ കൊലയ്ക്ക് അവസരമൊരുക്കിയത് നെന്മാറ സിഐയാണ്. പരാതിയുണ്ടായിട്ടും പ്രതിയെ തലോടി വിട്ടത് എന്തിനെന്ന് പൊലീസ് വ്യക്തമാക്കണം.
ജാമ്യ വ്യവസ്ഥ ലംലിച്ച് പ്രതിയെത്തിയത് പൊലീസിന്റെ പ്രതിയോടുള്ള വിധേയത്വം കൊണ്ടാണ്. പൊലീസിന് നല്‍കുന്ന പണം കൊണ്ട് നാല് കോലം കെട്ടിവയ്ക്കുന്നതാണ് നല്ലത്.
കൊലയാളികളുടെ കൈയിലേക്ക് മനുഷ്യരെ പിച്ചിച്ചീന്താന്‍ ആയുധം കൊടുക്കുന്നതാണ് പൊലീസിനു നല്ലത്. അനാഥത്വം പേറുന്ന കുട്ടികള്‍ക്ക് എന്ത് സംരക്ഷണമാണ് സര്‍ക്കാര്‍ നല്‍കുകയെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു