
തിരുവനന്തപുരം: തിരഞ്ഞെടുപ്പിന് മുന്‍പായി നവമാധ്യമപ്രചാരണം ശക്തിപ്പെടുത്താന്‍ സര്‍ക്കാരിലും സി.പി.എമ്മിലും പുതിയ ചുമതലക്കാരെ നിയമിക്കുന്നു. മുഖ്യമന്ത്രിയുടെ ഓഫീസിലെയും പാര്‍ട്ടി ആസ്ഥാനത്തെയും നവമാധ്യമപ്രചാരണവിഭാഗങ്ങള്‍ യോജിച്ച് പ്രവര്‍ത്തിക്കും. ഏകോപനത്തിനായാണ് പുതിയ ചുമതലക്കാരെ നിയമിക്കുന്നത്.
ദേശാഭിമാനിയില്‍നിന്ന് വിരമിച്ച മനോഹരന്‍ മോറായിയൊണ് സര്‍ക്കാരിന്റെ ഭാഗമായി നിയമിക്കുക. മുഖ്യമന്ത്രിയുടെ ഓഫീസിലോ, സി-ഡിറ്റിന്റെ കീഴില്‍ തുടങ്ങുന്ന നവമാധ്യമപ്രചാരണത്തിന്റെ തലപ്പത്തോ ആയിരിക്കും മോറായിയുടെ നിയമനം.
പാര്‍ട്ടിയുടെ നവമാധ്യമപ്രചാരണത്തിന്റെ ചുമതല എം.വി. നികേഷ് കുമാറിന് നല്‍കും. നിലവില്‍ കണ്ണൂര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന നികേഷ് കുമാറിനോട് തിരുവനന്തപുരത്തേക്ക് പ്രവര്‍ത്തനം മാറ്റാന്‍ നിര്‍ദേശിച്ചു. പാര്‍ട്ടി സംസ്ഥാനകമ്മിറ്റി ഓഫീസ് പുതിയ കെട്ടിടത്തിലേക്ക് മാറുന്നതോടെ, എ.കെ.ജി. പഠനഗവേഷണകേന്ദ്രത്തില്‍ സമൂഹമാധ്യമങ്ങള്‍ക്കുള്ള പാര്‍ട്ടിസംവിധാനം ശക്തിപ്പെടുത്താനാണ് തീരുമാനം.
മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി പി.എം. മനോജിനെ മാറ്റുമെന്ന റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ചില ആരോപണങ്ങളെത്തുടര്‍ന്ന് പിആര്‍ഡിയുടെ ചുമതലയില്‍നിന്ന് അദ്ദേഹത്തെ മാറ്റാനായിരുന്നു ആലോചന. എന്നാല്‍, ഇക്കാര്യത്തില്‍ ഔദ്യോഗിക തീരുമാനം ഉണ്ടായിട്ടില്ല. പിആര്‍ഡി ചുമതലയില്‍നിന്ന് മാറ്റിയാലും പ്രസ് സെക്രട്ടറി സ്ഥാനത്ത് മനോജ് തുടരാനാണ് സാധ്യത.
മനോഹരന്‍ മോറായിയെ പിആര്‍ഡി ചുമതല നല്‍കി മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിയമിക്കാനും ആലോചിച്ചിരുന്നു. മുഖ്യമന്ത്രി ഓഫീസില്‍ വീണ്ടും പാര്‍ട്ടിനിയമനം വന്നാല്‍, വിവാദമായേക്കുമെന്നതിന്റെ അടിസ്ഥാനത്തിലാണ് നവമാധ്യമത്തിന് പ്രത്യേകവിഭാഗം രൂപവത്കരിച്ച് നിയമനം നല്‍കുന്നത്.
സര്‍ക്കാരിന്റെ നയങ്ങളും പദ്ധതികളും വികസനപ്രവര്‍ത്തനങ്ങളും ജനങ്ങളിലെത്തിക്കുകയാണ് പുതിയ പ്രചാരണവിഭാഗത്തിന്റെ ലക്ഷ്യം. സി-ഡിറ്റും പിആര്‍ഡിയും ചേര്‍ന്നാണ് ഇതിനുള്ള പദ്ധതി ഒരുക്കുന്നത്. ഇതിനായി ഒരു വാര്‍ത്താ വെബ്സൈറ്റ് തുടങ്ങാനും ആലോചനയുണ്ട്.
Discover more from MALAYALAM
Subscribe to get the latest posts sent to your email.