
മുംബൈ: മഹാരാഷ്ട്രയിലെ താനെയില്‍ യുവതിയെ മുന്‍ കാമുകനും സുഹൃത്തുക്കളും ചേര്‍ന്ന് കൂട്ട ബലാത്സംഗം ചെയ്തു. താനെ ജില്ലയിലെ ഭിവണ്ടി നഗരത്തില്‍ കഴിഞ്ഞ വ്യാഴാഴ്ചയാണ് കൊടും ക്രൂരത അരങ്ങേറിയത്. 22-കാരിയായ യുവതി മറ്റൊരു പ്രണയ ബന്ധത്തിലായതിലുള്ള പകയിലാണ് മുന്‍ കാമുകന്‍ സുഹൃത്തുക്കളുമായി ചേര്‍ന്ന് യുവതിയെ ബലാത്സംഗം ചെയ്തതെന്ന് പൊലീസ് പറഞ്ഞു. യുവതിയുടെ പരാതിയില്‍ മുന്‍ കാമുകനടക്കം ആറ് പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. ഒളിവിലുള്ള പ്രതികള്‍ക്കായി അന്വേഷണം ആരംഭിച്ചതായി പൊലീസ് വ്യക്തമാക്കി.
ഫെബ്രുവരി 19-ാം തീയതി രാത്രിയാണ് യുവതി പീഡിപ്പിക്കപ്പെട്ടത്. സംഭവത്തെക്കുറിച്ച് പൊലീസ് പറയയുന്നത് ഇങ്ങനെയാണ്; പരാതിക്കാരിയായ 22 കാരിയും പ്രതിയായ യുവാവും കുറച്ച് വര്‍ഷങ്ങളായി പ്രണയത്തിലായിരുന്നു. എന്നാല്‍ അടുത്തിടെ ഇരുവരും പിരിഞ്ഞു. പിന്നീട് യുവതി മറ്റൊരു യുവാവുമായി അടുപ്പത്തിലായി. ഇതില്‍ വൈരാഗ്യം തോന്നിയ മുന്‍ കാമുകന്‍ തന്റെ സുഹൃത്തുക്കളുടെ സഹായത്തോടെ യുവതിയെ ഭീഷണിപ്പെടുത്തി വിളിച്ച് വരുത്തി പീഡിപ്പിക്കുകയായിരുന്നു.
മുന്‍കൂട്ടി തയ്യാറാക്കിയ പദ്ധതിയോടെയാണ് യുവാവും കൂട്ടാളികളും പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തതെന്ന് പൊലീസ് പറയുന്നു. യുവതിയയെ വരുതിയിലാക്കാനായി വ്യാഴാഴ്ച രാത്രി യുവാക്കള്‍ പെണ്‍കുട്ടിയുടെ സഹാദരനെ തട്ടിക്കൊണ്ടുപോയി. ആളൊഴിഞ്ഞ സ്ഥലത്തേക്ക് സഹോദരനെ എത്തിച്ച് മര്‍ദ്ദിച്ച് അവശനാക്കി. പിന്നീട് സഹോദരനോട് യുവതിയെ വിളിച്ച് വരുത്താന്‍ ആവശ്യപ്പെട്ടു. താന്‍ പ്രശ്‌നത്തിലാണെന്നും ഒരു സംഘം തന്നെ മര്‍ദ്ദിച്ചെന്നും സഹോദരന്‍ യുവതിയെ ഫോണ്‍വിളിച്ച് അറിയിച്ചു. ഇതോടെ ഭയന്ന പെണ്‍കുട്ടി പ്രതികള്‍ ആവശ്യപ്പെട്ട സ്ഥലത്തെത്തി.
യുവതി വന്നതോടെ ഇവരെത്തിയ ഓട്ടോ ഡ്രൈവറെ സംഘം മര്‍ദ്ദിച്ച് ഓടിച്ചു. പിന്നാലെ യുവതിയേയും സഹോദരനേയും മര്‍ദ്ദിച്ചു. തുടര്‍ന്ന് യുവതിയെ സമീപത്തുള്ള സ്‌കൂളിനടുത്തെത്തിച്ച് കാമുകനും നാല് പേരും ചേര്‍ന്ന് കൂട്ടബലാത്സംഗം ചെയ്തു. ഇവിടെ നിന്ന് മറ്റൊരിടത്ത് എത്തിച്ച ശേഷം പിക്കപ് വാനില്‍ കയറ്റി. ഇവിടെവെച്ചും യുവതിയെ കാമുകനും സുഹൃത്തുക്കളും ചേര്‍ന്ന് ബലാത്സംഗം ചെയ്തു. ഒടുവില്‍ പ്രതികളില്‍ നിന്നും രക്ഷപ്പെട്ടോടിയ യുവതി ഭിവണ്ടി പൊലീസ് സ്റ്റേഷനിലെത്തി പരാതിപ്പെട്ടതോടെയാണ് ക്രൂര പീഡനം പുറത്തറിയുന്നത്.
യുവതിയുടെ പരാതിയില്‍ കേസെടുത്ത പൊലീസ് മുന്‍ കാമുകനടക്കം ആറ് പേര്‍ക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. ഭാരതീയ ന്യായ സംഹിത പ്രകാരം പീഡനം, കൂട്ടബലാത്സംഗം എന്നിവയടക്കമുള്ള വകുപ്പുകള്‍ ചുമത്തിയാണ് കേസ് എടുത്തിരിക്കുന്നതെന്നും ഒളിവില്‍ പോയ പ്രതികള്‍ക്കായുള്ള അന്വേഷണം ഊര്‍ജിതമാക്കിയതായും ഭിവണ്ടി പൊലീസ് വ്യക്തമാക്കി.
Discover more from MALAYALAM
Subscribe to get the latest posts sent to your email.