കോഴിക്കോട്: നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫ് ആരെ മത്സരിപ്പിച്ചാലും ജയിക്കുമെന്ന് നിലമ്പൂര്‍ മുന്‍ എംഎല്‍എയും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായ പി.വി അന്‍വര്‍. എല്‍ഡിഎഫിനെതിരേ ഏത് ചെകുത്താന്‍ മത്സരിച്ചാലും ആരായാലും അയാള്‍ കേരളത്തിലെ ജനങ്ങളുടെ പ്രതിനിധിയാണെന്നും പിണറായിസത്തിനും മരുമോനിസത്തിനുമെതിരേയുള്ള പോരാട്ടമായിരിക്കുമെന്നും അന്‍വര്‍ പറഞ്ഞു.

നിലമ്പൂരിലെ ജനങ്ങള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക് മറുപടിയായിരിക്കും തിരഞ്ഞെടുപ്പ് ഫലമെന്നും അന്‍വര്‍ പറഞ്ഞു. കോടികളുടെ വികസനം എന്നൊക്കെ സര്‍ക്കാര്‍ പറയുന്നു. നിലമ്പൂരില്‍ എഴുപത് ശതമാനം വനമാണ്. ഓരോ ദിവസവും വന്യജീവി ആക്രമണമാണ്. കൃഷി തകരുന്നു. ജീവിതം ദുസ്സഹമാകുന്നു. ഇതെല്ലാം വലിയ വിഷയങ്ങളാണ്.

പ്രദേശിക വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനോടൊപ്പം കേരളം ചര്‍ച്ച ചെയ്യാന്‍ പോകുന്നത് കുടുംബാധിപത്യമാണ്, പിണറായിസമാണ്, മരുമോനിസമാണ്. ഒരു കുടുംബത്തിന്റെ കാല്‍ചുവട്ടില്‍ ഒരു പാര്‍ട്ടിയെ അടിച്ചിരുത്തിയിരിക്കുകയാണ്. ഇതെല്ലാം കേരളത്തിലെ തൊഴിലാളികളും പാവപ്പെട്ടവരും കണ്ടുകൊണ്ടിരിക്കുകയാണ്.

സ്ഥാനാര്‍ഥിയെ സംബന്ധിച്ച് യുഡിഎഫ് തീരുമാനിക്കുന്ന ഏത് സ്ഥാനാര്‍ഥിയ്ക്കും നിരുപാധിക പിന്തുണ നല്‍കും. ആരെ മത്സരിപ്പിക്കണമെന്ന് യുഡിഎഫിന് തന്നോട് ചോദിക്കേണ്ട ആവശ്യമില്ല. യുഡിഎഫും എല്‍ഡിഎഫും തമ്മിലുള്ള പോരാട്ടമല്ല. ജനങ്ങളും പിണറായിയും തമ്മിലുള്ള പോരാട്ടമാണ്. നിലമ്പൂരിലെ വോട്ടര്‍മാര്‍ക്ക് ഈ തിരഞ്ഞെടുപ്പില്‍ വലിയ ധാര്‍മിക ഉത്തരവാദിത്തമുണ്ട്.

പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസിനെ അന്‍വര്‍ രൂക്ഷമായി വിമര്‍ശിച്ചു. കേരളത്തിലെ ജനങ്ങളുമായി സോഷ്യല്‍ മീഡിയ റീലുകള്‍ കൊണ്ട് മാത്രം ഇടപെടുന്ന വ്യക്തിയാണ് റിയാസെന്നും അന്‍വര്‍ പറഞ്ഞു.

‘ദേശീയ പാത തകര്‍ന്ന സംഭവം നോക്കൂ. പൊതുമരാമത്ത് മന്ത്രിയുടെ ധാര്‍മിക ഉത്തരവാദിത്തമാണ് ഈ പ്രതിസന്ധിയെ നേരിടുക എന്നത്. മൂക്കാതെ പഴുത്ത വ്യക്തിയാണ്. ചവിട്ട് പഴുപ്പിച്ചതാണ് എന്ന് പറയേണ്ടി വരും’- അന്‍വര്‍ കൂട്ടിച്ചേര്‍ത്തു.


Discover more from MALAYALAM

Subscribe to get the latest posts sent to your email.

Leave a comment

Leave a Reply