
ബെംഗളൂരുവിലെ ഒരു പാര്‍ക്കിലെ അസാധാരണമായ നിയമങ്ങളെ കുറിച്ചുള്ള ഒരു സോഷ്യല്‍ മീഡിയാ പോസ്റ്റ് ഇപ്പോള്‍ ഓണ്‍ലൈനില്‍ രസകരമായ ചര്‍ച്ചകള്‍ക്ക് തിരികൊളുത്തിയിരിക്കുകയാണ്. ജോഗിംഗ് പാടില്ല, ക്ലോക്ക് വൈസ് മാത്രം നടക്കുക, കളികള്‍ വേണ്ട എന്നിങ്ങനെയുള്ള നിയമങ്ങളാണ് ഈ പാര്‍ക്കില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നതായി സോഷ്യല്‍ മീഡിയാ പോസ്റ്റില്‍ പറയുന്നത്.
ബെംഗളൂരുവില്‍ നിന്നുള്ള ഷഹാന എന്ന യൂസറാണ് ഇന്ദിരാനഗര്‍ പാര്‍ക്കിലെ ഒരു ബോര്‍ഡില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്ന നിയന്ത്രണങ്ങളുടെ ഫോട്ടോ തന്റെ എക്‌സ് അക്കൗണ്ടില്‍ പോസ്റ്റ് ചെയ്തത്. ഇത്തരത്തിലുള്ള നിയന്ത്രണങ്ങള്‍ ആരാണ് നടപ്പിലാക്കിയത് എന്ന് അത്ഭുതം പ്രകടിപ്പിച്ച അവര്‍ പാര്‍ക്കില്‍ ജോഗിംഗ് നിരോധിക്കുന്നതിന് പിന്നിലെ യുക്തിയെ ചോദ്യം ചെയ്യുകയും ചെയ്തു. അടുത്തതായി ഇവിടെ വരാന്‍ പോകുന്നത് പാശ്ചാത്യവസ്ത്രങ്ങളുടെ നിരോധനം ആയിരിക്കുമോ എന്നും പരിഹാസരൂപേണ ചോദിച്ചിട്ടുണ്ട്.
ബെംഗളൂരുവിലെ പരിമിതമായ പൊതുവിടങ്ങളും നിലവിലുള്ള പാര്‍ക്കുകളുടെ അമിത നിയന്ത്രണവും പോസ്റ്റ് എടുത്തുകാണിച്ചു. ഇത്തരം വിചിത്രമായ നിയമങ്ങള്‍ നടപ്പിലാക്കുന്ന അധികാരികളെ വിമര്‍ശിക്കുകയും ചെയ്തിട്ടുണ്ട്. പോസ്റ്റ് വൈറല്‍ ആയതോടെ നിരവധി പേരാണ് ബെംഗളൂരു നഗരത്തില്‍ പൊതുവിടങ്ങള്‍ ഇല്ലാത്ത അവസ്ഥ ചൂണ്ടിക്കാട്ടിയത്. കൂടാതെ, ഉള്ള സ്ഥലങ്ങളില്‍ അതിന്റെ നടത്തിപ്പുകാര്‍ പൊലീസ് ചമയുന്നതിനെയും പലരും വിമര്‍ശിച്ചു.
Discover more from MALAYALAM
Subscribe to get the latest posts sent to your email.