
കൊച്ചി: സ്‌കൂളില്‍ വിദ്യാര്‍ഥികളുടെ അച്ചടക്കം ഉറപ്പാക്കാന്‍ അധ്യാപകര്‍ കൈയ്യില്‍ ചെറുചൂരല്‍ കരുതട്ടെ എന്നും ആരെങ്കിലും പരാതി നല്‍കിയാല്‍ പോലീസ് വെറുതെ കേസെടുക്കരുതെന്നും ഹൈക്കോടതി. സ്‌കൂളിലെ അധ്യാപകരുടെ പ്രവൃത്തിയുടെ പേരില്‍ പരാതി കിട്ടിയാല്‍ കഴമ്പുണ്ടോ എന്നറിയാന്‍ പ്രാഥമികാന്വേഷണം നടത്തണമെന്നും ജസ്റ്റിസ് പി.വി.കുഞ്ഞികൃഷ്ണന്‍ ഉത്തരവിട്ടു.
കുട്ടികളുടെ നല്ല ഭാവിക്കായി ചെറു ശിക്ഷ നല്കിയാല്‍ ക്രിമനല്‍ കേസ് രജിസ്റ്റര്‍ ചെയ്യുമെന്ന ഭയത്തോടെയല്ല അധ്യാപകര്‍ ജോലി ചെയ്യേണ്ടത്. ഡെമോക്ലീസിന്റെ വാളുപോലെ അത്തരമൊരു ഭീതി അധ്യാപകരുടെ മേല്‍ ഉണ്ടാകരുത്. ആറാം ക്ലാസുകാരനെ ചൂരല്‍ കൊണ്ട് അടിച്ചെന്ന പരാതിയില്‍ വിഴിഞ്ഞം പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ അധ്യാപകന് മുന്‍കൂര്‍ ജാമ്യം അനുവദിച്ച ഉത്തരവിലാണ് കോടതിയുടെ നിരീക്ഷണം.
അധ്യാപകര്‍ ചൂരല്‍ പ്രയോഗിക്കാതെ വെറുതെ കൈയ്യില്‍ കരുതുന്നത് പോലും കുട്ടികളില്‍ വലിയ മാറ്റങ്ങള്‍ കൊണ്ടുവരും. യുവതലമുറയുടെ പെരുമാറ്റം ആശങ്കയുണ്ടാക്കുന്നതാണ്. ചിലരെങ്കിലും മദ്യത്തിനും മയക്കുമരുന്നിനും അടിമകളാണ്. ഇതായിരുന്നില്ല പണ്ടത്തെ അവസ്ഥ. അധ്യാപകരുടെ നിഴല്‍ മതിയായിരുന്നു അന്ന് അച്ചടക്കത്തിന്. എന്നാല്‍ ഇന്ന് അധ്യാപകരെ ഭീഷണിപ്പെടുത്തിയതിന്റെയും തടഞ്ഞുവെച്ചതിന്റെയും മര്‍ദ്ദിച്ചതിന്റെയും വാര്‍ത്തകളാണ് വരുന്നത്. ഇത് പ്രോത്സാഹിപ്പിക്കാനാകില്ല.
ഭാവി തലമുറയെ വാര്‍ത്തെടുക്കുന്നവരാണ് അധ്യാപകര്‍. അവരാണ് കുട്ടികളുടെ മനസ്സും ഹൃദയവുമൊക്കെ രൂപപ്പെടുത്തുന്നത്. പുതുതലമുറയുടെ ശില്പികളാണവര്‍. അവരാണ് കുട്ടികളെ സ്വപ്നങ്ങള്‍ കാണാന്‍ പ്രേരിപ്പിക്കുന്നത്. ആ സ്വപ്നങ്ങളാണ് ലോകത്തെ രൂപപ്പെടുത്തുന്നത്. ഇക്കാര്യത്തില്‍ അധ്യാപകര്‍ക്ക് സ്വാതന്ത്ര്യം വേണം. സഹായമായ അന്തരീക്ഷം സ്‌കുളിലും സൃഷ്ടിക്കണം. അധ്യാപകര്‍ നുള്ളിയെന്നും അടിച്ചെന്നും തുറിച്ച് നോക്കിയെന്നുമൊക്കെയുള്ള പരാതിയുമായി രക്ഷിതാക്കളും കുട്ടികളുമൊക്കെ വരാം. അങ്ങനെയുള്ളപ്പോഴൊക്കെ പ്രാഥമികാന്വേഷണം നടത്തണം. ഇതിനര്‍ഥം യുക്തിരഹിതമായ ബുദ്ധിമുട്ട് കുട്ടികള്‍ക്ക് ഉണ്ടാക്കാം എന്നല്ല-കോടതി പറഞ്ഞു.
Discover more from MALAYALAM
Subscribe to get the latest posts sent to your email.