
ഭുവനേശ്വര്‍: വിദ്യാഭ്യാസ യോഗ്യതയുള്ളവര്‍ ജോലിക്കു പോകാതെ വിവാഹ മോചന ശേഷം ജീവനാംശം ചോദിക്കുന്നതു ശരിയല്ലെന്ന് ഒഡീഷ ഹൈക്കോടതിയുടെ നിരീക്ഷണം. മാധ്യമപ്രവര്‍ത്തകയായ യുവതിയുടെ ഹര്‍ജിയിലാണ് കോടതി നിരീക്ഷണം. റൂര്‍ക്കല കുടുംബകോടതി യുവതിക്കു പ്രതിമാസം 8000 രൂപ ജീവനാംശം നല്‍കാന്‍ ഉത്തരവിട്ടിരുന്നു. ഇത് 5,000 രൂപയായി കുറച്ചാണു ഹൈക്കോടതിയുടെ നിരീക്ഷണം.
‘ഉയര്‍ന്ന വിദ്യാഭ്യാസവും പ്രവര്‍ത്തി പരിചയവുമുണ്ടായിട്ടും ജോലിക്കായി ശ്രമിക്കാതിരിക്കുന്ന വ്യക്തിയാണ് ഈ യുവതി. വിവാഹമോചന വേളയില്‍ പങ്കാളി പ്രതിമാസം നല്‍കുന്ന ജീവനാംശം കൊണ്ട് ജീവിക്കാനിരിക്കുന്നവരെ കോടതിയോ, നിയമമോ അംഗീകരിക്കില്ല”- ജസ്റ്റിസ് ഗൗരിശങ്കര്‍ സതപതി പറഞ്ഞു. ”സ്വന്തം കാലില്‍ നില്‍ക്കാന്‍ സാധിക്കാത്ത, ഉപജീവനത്തിന് വരുമാനമില്ലാത്ത ഭാര്യമാര്‍ക്കു വിവാഹമോചന വേളയില്‍ സഹായമായാണു ജീവനാംശം നല്‍കുന്നതെന്നു കോടതി പറഞ്ഞു.
2013 സെപ്റ്റംബറില്‍ വിവാഹിതയായ യുവതി ഡിസംബര്‍ മുതല്‍ ഭര്‍ത്താവില്‍നിന്ന് അകന്നാണ് കഴിയുന്നത്. വിവാഹമോചനവും ജീവനാംശവും തേടി റൂര്‍ക്കല കുടുംബ കോടതിയില്‍ കേസ് ഫയല്‍ ചെയ്തു. കുടുംബക്കോടതി ജീവനാംശം 8,000 രൂപ നല്‍കാന്‍ നിര്‍ദ്ദേശിച്ചു. വിധിയെ ചോദ്യം ചെയ്താണ് ഭര്‍ത്താവ് ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയത്.