101 -ാം വയസ്സിലും ആരോ​ഗ്യത്തോടെയും സന്തോഷത്തോടെയും ഇരിക്കുക നമ്മുടെ ആരുടേയും ആ​ഗ്രഹങ്ങളിൽ ഒന്നായിരിക്കും അല്ലേ? അങ്ങനെയുള്ള ജീവിതത്തിന് എന്താണ് വേണ്ടത് എന്ന് പറയുകയാണ് ന്യൂട്രിഷനിസ്റ്റ് കൂടിയായ 101 -കാരൻ ഡോ. ജോൺ ഷാർഫെൻബർഗ്. 

1923 ഡിസംബറിലാണ് ഡോ. ജോൺ ഷാർഫെൻബർഗ് ജനിച്ചത്. കാലിഫോർണിയയിൽ നിന്നുള്ള ജോൺ ഈ പ്രായത്തിലും സന്തോഷകരവും ആരോഗ്യകരവുമായ ജീവിതമാണ് നയിക്കുന്നത്. അടുത്തിടെ സറേ ലൈവിന് നൽകിയ അഭിമുഖത്തിൽ ഇതേക്കുറിച്ചുള്ള തന്റെ അനുഭവം അദ്ദേഹം പങ്കുവയ്ക്കുകയായിരുന്നു. 

https://youtube.com/watch?v=iddFlIcxQi4%3Fsi%3DmjCPvK2WbJxx4j6k

തന്റെ പാരമ്പര്യം ഈ ദീർഘായുസിന് ഒരു കാരണമാണ് എന്ന് കരുതുന്നില്ല എന്നാണ് ജോൺ പറയുന്നത്. തന്റെ അച്ഛൻ 76 -ാമത്തെ വയസിൽ ഹൃദയാഘാതം വന്നാണ് മരിച്ചത്. അമ്മ 60 -കളിൽ മരിച്ചു. രണ്ട് സഹോദരങ്ങളും മരിച്ചു എന്നും ജോൺ പറയുന്നു. 

സിയറ നെവാഡ താഴ്‌വരയിലുള്ള നോർത്ത് ഫോർക്കിൽ മകനോടൊപ്പമാണ് ജോൺ ഇപ്പോൾ താമസിക്കുന്നത്. ലോമ ലിൻഡ യൂണിവേഴ്സിറ്റിയിലെ സ്കൂൾ ഓഫ് പബ്ലിക് ഹെൽത്തിൽ പ്രൊഫസറായിരുന്ന അദ്ദേഹം ലോകത്ത് പലയിടങ്ങളിലായി പ്രഭാഷണം നടത്താറുണ്ട്. 

ശാരീരികമായി അധ്വാനിക്കുന്നതും ദീർഘായുസ്സും തമ്മിൽ വലിയ ബന്ധമുണ്ട് എന്നാണ് ഡോ. ജോൺ പറയുന്നത്. റോഡിനായി സ്ഥലം വെട്ടിത്തെളിക്കുന്നതിനും 80 ഫലവൃക്ഷങ്ങളും 3,000 സ്ട്രോബെറി തൈകളും നടുന്നതിനായും ഒക്കെ താൻ അധ്വാനിച്ചു എന്നാണ് അദ്ദേഹം പറയുന്നത്. 

40 നും 70 നും ഇടയിലാണ് ശാരീരികമായി അധ്വാനിക്കേണ്ടത്. ആ സമയത്താണ് ആളുകൾ കാശൊക്കെ സമ്പാദിച്ച് വിശ്രമിക്കുന്നതും ഒരുപാട് ഭക്ഷണം കഴിക്കുന്നതും എല്ലാം. അതിനാൽ ആ സമയത്ത് ശാരീരികാധ്വാനം വേണമെന്ന് ഡോ. ജോൺ പറയുന്നു. 

പിന്നൊന്ന് അദ്ദേഹം പറയുന്നത് ഒരുതരത്തിലുള്ള പുകയില ഉത്പ്പന്നങ്ങളും ഉപയോ​ഗിക്കരുത് എന്നാണ്. അത് പല അവയവങ്ങളേയും ബാധിക്കുമെന്നും അതിനാൽ അത് പൂർണമായി ഒഴിവാക്കുന്നതാണ് ആരോ​ഗ്യത്തോടെ ദീർഘകാലം ജീവിച്ചിരിക്കാൻ നല്ലത് എന്നും അദ്ദേഹം പറയുന്നു. അതുപോലെ തന്നെ മദ്യപാനത്തേയും അദ്ദേഹം പ്രോത്സാഹിപ്പിക്കുന്നില്ല. അതും ഒഴിവാക്കാനാണ് അദ്ദേഹം പറയുന്നത്. 

ഒരുപാട് ശരീരഭാരം ഇല്ലാതെ ലൈറ്റായിട്ടിരിക്കുന്നതാണ് എപ്പോഴും ആരോ​ഗ്യത്തിന് നല്ലത് എന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു. താൻ രാവിലെയും ഉച്ചയ്ക്കും ഭക്ഷണം കഴിക്കുമെന്നും രാത്രിഭക്ഷണം കഴിക്കാറില്ല എന്നും ഡോ. ജോൺ പറയുന്നു. അതുപോലെ മധുരം തീരെ കഴിക്കാറില്ലെന്നും അത് ഭക്ഷണത്തിൽ നിന്നും ഒഴിവാക്കാറാണ് എന്നും അദ്ദേഹം പറയുന്നു. 

ഓർക്കുക, ഡയറ്റിൽ മാറ്റം വരുത്തുമ്പോൾ ആരോ​ഗ്യവിദ​ഗ്ദ്ധരുടെ നിർദ്ദേശങ്ങൾക്ക് അനുസരിച്ചാവുന്നതാണ് ഏറ്റവും നല്ലത്. 


Discover more from MALAYALAM

Subscribe to get the latest posts sent to your email.

Leave a comment

Leave a Reply