
തിരുവനന്തപുരം: ഏറെ നാളായി തുടരുന്ന പ്രതിസന്ധിക്കൊടുവില്‍ എന്‍സിപി സംസ്ഥാന അദ്ധ്യക്ഷന്‍ പി.സി.ചാക്കോ രാജി വച്ചു. രാജിക്കത്ത് ദേശീയ അദ്ധ്യക്ഷന്‍ ശരദ് പവാറിന് കൈമാറി. പാര്‍ട്ടി ദേശീയ വര്‍ക്കിംഗ് പ്രസിഡന്റ് സ്ഥാനത്ത് അദ്ദേഹം തുടരും. ഇരുപക്ഷത്തായി നിന്ന് പോരാടിയിരുന്ന എ.കെ. ശശീന്ദ്രനും തോമസ് കെ.തോമസും ഒരുമിച്ചതോടെയാണ് ചാക്കോയ്ക്ക് പദവി ഒഴിയേണ്ടിവന്നത്.എ.കെ.ശശീന്ദ്രനെ മാറ്റി തോമസ് കെ.തോമസിനെ മന്ത്രിയാക്കാന്‍ നടന്ന നീക്കങ്ങള്‍ മുഖ്യമന്ത്രിയുടെ ഇടപെടലിനെ തുടര്‍ന്ന് നടക്കാതെ പോയതിനു പിന്നാലെയാണ് അധ്യക്ഷപദവി ഉപേക്ഷിക്കാനുള്ള പി.സി.ചാക്കോയുടെ നീക്കം.
തോമസ് കെ.തോമസ് സംസ്ഥാന അധ്യക്ഷ പദവിയിലേക്ക് എത്താന്‍ സാധ്യതയുണ്ട്. പി.സി.ചാക്കോ അധ്യക്ഷ സ്ഥാനത്ത് എത്തിയതു മുതലാണ് പാര്‍ട്ടിയില്‍ പ്രശ്നങ്ങളും വിഭാഗീയതയും രൂക്ഷമായതെന്നാണ് എതിര്‍പക്ഷം ഉയര്‍ത്തിയിരുന്ന ആരോപണം.
തോമസ് കെ.തോമസും പി.സി.ചാക്കോയും ചേര്‍ന്നാണ് എ.കെ.ശശീന്ദ്രനെ മന്ത്രിസ്ഥാനത്തുനിന്നു പുറത്താക്കാനുള്ള നീക്കങ്ങള്‍ നടത്തിയത്. ഇതിനിടെ കൂറുമാറ്റത്തിന് ഇടത് എംഎല്‍എമാര്‍ക്ക് കോടികള്‍ വാഗ്ദാനം ചെയ്‌തെന്ന ആരോപണം തോമസിന് എതിരെ ഉയര്‍ന്നു. ഇതേത്തുടര്‍ന്ന് മുഖ്യമന്ത്രി കടുത്ത നിലപാട് സ്വീകരിച്ചതോടെ മന്ത്രിസ്ഥാനം ലഭിക്കില്ലെന്ന് തോമസിന് ഏറെക്കുറേ ഉറപ്പായി.
ശരദ് പവാറിന്റെ പിന്തുണ ഉണ്ടായിട്ടും തനിക്കു മന്ത്രിസ്ഥാനം നേടിയെടുക്കാന്‍ പി.സി.ചാക്കോയ്ക്കു കഴിയാതിരുന്നതോടെ ശശീന്ദ്രന് ഒപ്പം നില്‍ക്കുന്നതാണ് നേട്ടമെന്ന് തോമസ് വിഭാഗവും തിരിച്ചറിഞ്ഞു. ശശീന്ദ്രന്‍ മന്ത്രിസ്ഥാനം ഉറപ്പിച്ചതോടെ മറുഭാഗത്തുനിന്ന പല ജില്ലാ ഭാരവാഹികളും ശശീന്ദ്രന്‍ പക്ഷത്തേക്കു മാറിയിരുന്നു.