തിരുവനന്തപുരം: കേന്ദ്ര കമ്മിറ്റി അംഗം പി കെ ശ്രീമതിയെ സംസ്ഥാന സെക്രട്ടേറിയറ്റില്‍ പങ്കെടുപ്പിക്കുന്നതില്‍ സംസ്ഥാന-കേന്ദ്ര നേതൃത്വങ്ങള്‍ക്കിടയില്‍ അഭിപ്രായ ഭിന്നത. കേന്ദ്ര കമ്മിറ്റി അംഗത്തിന് സംസ്ഥാന സെക്രട്ടറിയേറ്റില്‍ പങ്കെടുക്കാമെന്നാണ് ദേശീയ നേതൃത്വത്തിന്റെ നിലപാട്. എന്നാല്‍ മഹിളാ അസോസിയേഷനുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ചയ്ക്ക് വരുന്ന യോഗങ്ങളില്‍ പി കെ ശ്രീമതിയെ പങ്കെടുപ്പിക്കാമെന്നാണ് സംസ്ഥാന നേതൃത്വത്തിന്റെ നിലപാട്.

കേന്ദ്ര കമ്മിറ്റിയില്‍ തുടരാന്‍ പി കെ ശ്രീമതിയ്ക്ക് പ്രായത്തിന്റെ പേരില്‍ ഇളവ് നല്‍കിയത് സംസ്ഥാന നേതൃത്വത്തിന്റെ താല്‍പര്യ പ്രകാരമല്ലെന്നാണ് വിവരം. നേതൃത്വത്തില്‍ തുടരാന്‍ പി കെ ശ്രീമതി ദേശീയ നേതൃത്വത്തെ താല്‍പര്യം അറിയിച്ചെന്നും ബൃദ്ധാ കാരാട്ടും സുഭാഷിണി അലിയും ഇക്കാര്യം അവതരിപ്പിക്കുകയായിരുന്നുവെന്നുമാണ് സൂചന.

സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗം പി കെ ശ്രീമതിയോട് സംസ്ഥാന സെക്രട്ടേറിയറ്റില്‍ പങ്കെടുക്കേണ്ടതില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞതായാണ് വിവരം. ഈ മാസം 19ന് നടന്ന സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തില്‍ പങ്കെടുക്കാന്‍ എത്തിയപ്പോഴാണ് നിര്‍ദേശം നല്‍കിയത്. പിന്നാലെ കേരളത്തില്‍ സംഘടന പ്രവര്‍ത്തനം നടത്തുന്നതിന് വേണ്ടിയല്ല പികെ ശ്രീമതിക്ക് ഇളവ് നല്‍കിയതെന്ന് സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനും പ്രതികരിച്ചിരുന്നു. എന്നാല്‍ പി കെ ശ്രീമതിക്ക് വിലക്ക് ഇല്ലെന്നാണ് വാര്‍ത്ത പുറത്ത് വന്നതിന് പിന്നാലെ ജനറല്‍ സെക്രട്ടറി എം എ ബേബി പ്രതികരിച്ചത്.


Discover more from MALAYALAM

Subscribe to get the latest posts sent to your email.

Leave a comment

Leave a Reply