ശ്രീനഗര്‍: ഇന്ത്യ- പാക് സംഘര്‍ഷ പശ്ചാത്തലത്തില്‍ ജമ്മു കശ്മീരില്‍ നിയന്ത്രണങ്ങള്‍ തുടരും. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്നും അവധിയാണ്. ശ്രീനഗര്‍ വിമാനത്താവളം ഇന്നും തുറക്കില്ല. ജമ്മു കശ്മീരില്‍ കണ്‍ട്രോള്‍ റൂമുകള്‍ തുറന്നിട്ടുണ്ട്. അതിര്‍ത്തി സംസ്ഥാനങ്ങളില്‍ പ്രത്യേക നിരീക്ഷണമേര്‍പ്പെടുത്തിയിട്ടുണ്ട്. ഏത് സാഹചര്യവും നേരിടാന്‍ കര നാവിക വ്യോമ സേനകള്‍ സജ്ജമാണ്. രാജ്യമെങ്ങും അതീവ ജാഗ്രതയിലാണ്. തന്ത്രപ്രധാന കേന്ദ്രങ്ങളില്‍ കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിട്ടുളളത്.

ഓപ്പറേഷന്‍ സിന്ദൂറിന് രണ്ടാംഘട്ടമുണ്ടായേക്കുമെന്നാണ് സൂചന. പാക് പ്രകോപനമുണ്ടായാല്‍ ശക്തമായ തിരിച്ചടി നല്‍കുമെന്നാണ് മുന്നറിയിപ്പ്. കൂടുതല്‍ ഭീകര ക്യാംപുകള്‍ ഇന്ത്യയുടെ നിരീക്ഷണത്തിലുണ്ട്. പാകിസ്താന്‍ പ്രകോപനം തുടര്‍ന്നാല്‍ ആ കേന്ദ്രങ്ങളിലേക്കാകും അടുത്ത ആക്രമണം. ഒരു യുദ്ധത്തിലേക്ക് പോകാനും മടിക്കില്ലെന്നാണ് പ്രതിരോധമന്ത്രി രാജ്നാഥ് സിങ് ഒടുവില്‍ വന്ന പ്രസ്താവന. തിരിച്ചടി നല്‍കാന്‍ സൈന്യത്തിന് കേന്ദ്രസര്‍ക്കാര്‍ പൂര്‍ണ്ണ സ്വാതന്ത്ര്യം നല്‍കിയിട്ടുണ്ട്.

ഓപ്പറേഷന്‍ സിന്ദൂറിനു പിന്നാലെയുളള സാഹചര്യം വിലയിരുത്താന്‍ സര്‍വ്വകക്ഷിയോഗം ചേരുന്നുണ്ട്. രാവിലെ 11 മണിക്ക് പാര്‍ലമെന്റില്‍ ചേരുന്ന യോഗത്തില്‍ പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് ഓപ്പറേഷന്‍ സിന്ദൂറിനെക്കുറിച്ച് വിശദീകരിക്കുമെന്നാണ് റിപ്പോര്‍ട്ട്. സൈന്യത്തിന്റെ തുടര്‍നീക്കങ്ങളും ചര്‍ച്ചയാകും. അതേസമയം, നിയന്ത്രണരേഖയില്‍ പാക് പ്രകോപനം തുടരുകയാണ്. കുപ് വാര ജില്ലയിലെ നിയന്ത്രണരേഖയില്‍ പാക് സൈന്യം ഷെല്ലാക്രമണം നടത്തി. സംഭവത്തില്‍ ആളപായമില്ല. പ്രദേശവാസികളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി. കര്‍ണയിലെ ജനവാസമേഖലയിലും പാക് വെടിവയ്പ്പുണ്ടായതായി റിപ്പോര്‍ട്ടുണ്ട്.


Discover more from MALAYALAM

Subscribe to get the latest posts sent to your email.

Leave a comment

Leave a Reply