
ദില്ലി: പല ആയുധങ്ങൾ ഉപയോഗിച്ച് തുടർച്ചയായി പാകിസ്ഥാൻ ആക്രമണങ്ങൾ നടത്തിയെന്ന് കേണൽ സോഫിയ ഖുറേഷി. ശ്രീനഗർ, ഉദ്ധംപുർ, പഠാൻകോട്ട്, ആദംകോട്ട് അടക്കം സൈനിക താവളങ്ങൾക്ക് നേരെ ആക്രമണം ഉണ്ടായി. കൃത്യമായി അതിന് ഇന്ത്യ തിരിച്ചടി നൽകിയെന്ന് കേണൽ സോഫിയ ഖുറേഷി വാർത്താസമ്മേളനത്തിൽ പറഞ്ഞു. വാർത്താസമ്മേളനത്തിൽ വിദേശകാര്യ സെക്രട്ടറി വിക്രം മിർസി, ഉന്നത സൈനിക ഉദ്യോഗസ്ഥയായ വിങ് കമാന്‍ഡര്‍ വ്യോമിക സിങും ഉണ്ടായിരുന്നു.
ജനവാസമേഖലകളിൽ തുടർച്ചയായി പാകിസ്ഥാൻ ആക്രമണം നടത്തി. പാക് സൈനിക താവളങ്ങൾക്ക് നേരെ ഇതിന് ഇന്ത്യ തിരിച്ചടിച്ചു. ലാഹോറിൽ നിന്ന് പറന്നുയർന്ന സിവിലിയൻ വിമാനങ്ങളുടെ മറ പിടിച്ചാണ് ഇത്തരം ആക്രമണം പാകിസ്ഥാൻ നടത്തിയതെന്നും സോഫിയ ഖുറേഷി പറഞ്ഞു. S 400 സൂക്ഷിച്ച ഇടം, ബ്രഹ്മോസ് ഫസിലിറ്റി എന്നിവ നശിപ്പിച്ചെന്ന് വ്യാജപ്രചാരണം പാകിസ്ഥാൻ നടത്തുന്നു. ഇത് പൂർണമായും ഇന്ത്യ തള്ളിക്കളയുകയാണ്. പാകിസ്ഥാൻ അതിർത്തിയിൽ വിന്യാസം കൂട്ടിയതായി കാണുന്നുണ്ട്. ടെറിറ്റോറിയൽ ആർമിയെ അടക്കം സജ്ജരാക്കി ഇന്ത്യ ജാഗ്രതയോടെ തുടരും.
പാകിസ്ഥാൻ യുദ്ധ വിമാനങ്ങളും മിസൈലുകളും ഉപയോഗിച്ചു. യുകാബ്, ഡ്രോണുകൾ, യുദ്ധവിമാനങ്ങൾ എന്നിവ ഉപയോഗിച്ചാണ് പാകിസ്ഥാൻ ആക്രമണം നടത്തിയത്. ഡ്രോണുകൾ മുതൽ വലിയ മിസൈലുകൾ വരെ ഉപയോഗിച്ചു. ഇന്ത്യയുടെ വ്യോമത്താവളങ്ങളിൽ നേരിയ കേടുപാടുകൾ, ചെറിയ പരിക്കുകൾ ഉണ്ടായി. എല്ലാ ആക്രമണങ്ങളും ശക്തമായി ഇന്ത്യ ചെറുത്തുവെന്നും വിദേശ പ്രതിരോധ മന്ത്രാലയം വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ശ്രീനഗറിലെ ആർമി മെഡിക്കൽ സെന്‍ററുകളും സ്കൂളും പാകിസ്ഥാൻ ഉന്നമിട്ടു. ആറ് പാക് സൈനിക താവളങ്ങളും രണ്ട് വ്യോമ താവളങ്ങളും ആക്രമിച്ചു. ഇന്ത്യയ്ക്ക് നേരെ ആക്രമണം നടത്താൻ ഉപയോഗിച്ച ഇടങ്ങൾ മാത്രമാണ് തിരിച്ച് കൃത്യമായി ആക്രമിച്ചത്. അതിർത്തിയിൽ വെടിവെപ്പും, ഷെല്ലിംഗും ഡ്രോണാക്രമണവും തുടർച്ചയായി നടന്നു. ഇന്ത്യൻ സൈന്യം എല്ലാ തരത്തിലുമുള്ള ആക്രമണവും നേരിടാൻ സജ്ജമാണ്. ഇപ്പോഴും ഡീ എസ്കലേഷനാണ് ഇന്ത്യ ശ്രമിക്കുന്നത്. ഇന്ത്യൻ വ്യോമത്താവളങ്ങളെല്ലാം സുരക്ഷിതമാണെന്നും ഉദ്യോഗസ്ഥർ അറിയിച്ചു. സിർസ, സൂരത്ഗഢ്, ആദംപൂർ അടക്കം എല്ലാ വിമാനത്താവളങ്ങളുടെയും ടൈം സ്റ്റാമ്പ് ഫോട്ടോകൾ കാണിച്ച സൈന്യം റൺവേകൾ അടക്കം സുരക്ഷിതമാണെന്നും വ്യക്തമാക്കി.
Discover more from MALAYALAM
Subscribe to get the latest posts sent to your email.