courtesy: ANI

ജനീവ: മനുഷ്യാവകാശ ലംഘനങ്ങളും ന്യൂനപക്ഷ പീഡനങ്ങളും ജനാധിപത്യ മൂല്യങ്ങളുടെ വ്യവസ്ഥാപിതമായ തകര്‍ച്ചയും തീവ്രവാദികളുടെ സംരക്ഷണവും നയമായി സ്വീകരിച്ച രാജ്യമാണു പാക്കിസ്ഥാനെന്നും അവര്‍ക്ക് ആരെയും പഠിപ്പിക്കാന്‍ അവകാശമില്ലെന്നും ഇന്ത്യ. സ്വന്തം ജനങ്ങളുടെ പ്രശ്‌നം പരിഹരിക്കുന്നതിലാണ് പാക്കിസ്ഥാന്‍ ശ്രദ്ധിക്കേണ്ടതെന്ന് ഐക്യരാഷ്ട്ര സംഘടനയുടെ (യുഎന്‍) മനുഷ്യാവകാശ കൗണ്‍സില്‍ യോഗത്തില്‍ ഇന്ത്യ വ്യക്തമാക്കി. രാജ്യാന്തര സഹായങ്ങള്‍ കൊണ്ടുമാത്രം ജീവിക്കുന്ന പരാജയപ്പെട്ട രാഷ്ട്രമാണു പാക്കിസ്ഥാനെന്നു യുഎന്നിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി ക്ഷിതിജ് ത്യാഗി പറഞ്ഞു. ജമ്മു കശ്മീരിലെ മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ചുള്ള പാക്കിസ്ഥാന്‍ നിയമമന്ത്രി അസം നസീര്‍ തരാറിന്റെ ആരോപണങ്ങളിലാണു മറുപടി.

”പാക്കിസ്ഥാനിലെ നേതാക്കള്‍ അവരുടെ സൈനിക-ഭീകരവാദ കൂട്ടുകെട്ട് കൈമാറുന്ന നുണകള്‍ പ്രചരിപ്പിക്കുന്നതു ഖേദകരമാണ്. അസ്ഥിരതയില്‍ അഭിവൃദ്ധി പ്രാപിക്കുകയും രാജ്യാന്തര സഹായങ്ങള്‍ കൊണ്ടു അതിജീവിക്കുകയും ചെയ്യുന്ന പരാജയപ്പെട്ട രാജ്യം മനുഷ്യാവകാശ കൗണ്‍സിലിന്റെ സമയം പാഴാക്കുന്നതു നിര്‍ഭാഗ്യകരമാണ്. പാക്കിസ്ഥാനിലെ കാര്യക്ഷമമല്ലാത്ത സര്‍ക്കാര്‍ മനുഷ്യത്വരഹിതമായ പ്രവൃത്തികളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ഇന്ത്യയാകട്ടെ ജനാധിപത്യത്തിലും പുരോഗതിയിലും ജനങ്ങളുടെ അന്തസ്സ് ഉറപ്പാക്കുന്നതിലുമാണ് ശ്രദ്ധിക്കുന്നത്. പാക്കിസ്ഥാന്‍ പഠിക്കേണ്ട മൂല്യങ്ങളില്‍ ഒന്നാണിത്.

ജമ്മു കശ്മീരും ലഡാക്കും ഇന്ത്യയുടെ അവിഭാജ്യ ഘടകമാണ്. കഴിഞ്ഞ കുറച്ചു വര്‍ഷത്തിനുള്ളില്‍ ജമ്മു കശ്മീര്‍ കൈവരിച്ച സാമൂഹിക, സാമ്പത്തിക, രാഷ്ട്രീയ വളര്‍ച്ച അതിന് തെളിവാണ്. പതിറ്റാണ്ടുകളായി പാക്കിസ്ഥാന്റെ ഭീകരപ്രവര്‍ത്തനങ്ങളാല്‍ മുറിവേറ്റ പ്രദേശത്ത് സാധാരണ നില കൊണ്ടുവരാനുള്ള സര്‍ക്കാരിന്റെ പ്രതിബദ്ധതയിലുള്ള ജനങ്ങളുടെ വിശ്വാസത്തിന്റെ തെളിവുകൂടിയാണ് ഈ നേട്ടങ്ങള്‍. ” – ത്യാഗി പറഞ്ഞു.
മനുഷ്യാവകാശ ലംഘനങ്ങളും ന്യൂനപക്ഷ പീഡനങ്ങളും ജനാധിപത്യ മൂല്യങ്ങളുടെ വ്യവസ്ഥാപിതമായ തകര്‍ച്ചയും തീവ്രവാദികളുടെ സംരക്ഷണവും നയമായി സ്വീകരിച്ച രാജ്യമാണു പാക്കിസ്ഥാന്‍. അവര്‍ക്ക് ആരെയും പഠിപ്പിക്കാന്‍ അവകാശമില്ല. സ്വന്തം ജനങ്ങളുടെ പ്രശ്‌നം പരിഹരിക്കുന്നതിലാണ് പാക്കിസ്ഥാന്‍ ശ്രദ്ധിക്കേണ്ടതെന്നും ത്യാഗി ചൂണ്ടിക്കാട്ടി.


Discover more from MALAYALAM

Subscribe to get the latest posts sent to your email.

Leave a comment

Leave a Reply