
രജ്പുത്, മുഗൾ പാരമ്പര്യത്തോളം പഴക്കമുള്ള പരമ്പരാഗത ഇന്ത്യന്‍ വസ്ത്രമണിഞ്ഞ് പാരീസ് മെട്രോയിൽ കറുത്ത കൂളിംഗ് ഗ്ലാസുമിട്ട് ഇരിക്കുന്ന ഒരു പെണ്‍കുട്ടിയുടെ വീഡിയോ വളരെ പെട്ടെന്നാണ് സമൂഹ മാധ്യമങ്ങളില്‍ വൈറലായത്. ‘പാരീസ് ദേശി ബാഡ്ഡിക്ക് തയ്യാറാകാതിരുന്നപ്പോൾ’എന്ന കുറിപ്പോടെയാണ് ബോഹോ_ഗ്രാം എന്ന ഇന്‍സ്റ്റാഗ്രാം അക്കൌണ്ടില്‍ നിന്നും വീഡിയോ പങ്കുവയ്ക്കപ്പെട്ടത്. എന്നാല്‍ വീഡിയോയ്ക്ക് താഴെ അഭിനന്ദിച്ചും ഹൃദയ ചിഹ്നം സമ്മാനിച്ചും നൂറുകണക്കിനാളുകളാണ് എത്തിയത്. വീഡിയോ ഇതിനകം പത്ത് ലക്ഷത്തിലധികം പേര്‍ കണ്ടു കഴിഞ്ഞു.
പാരീസ് മെട്രോയില്‍ ലഹങ്ക ധരിക്കാന്‍ പാടില്ലേ എന്ന് ചോദിച്ച് കൊണ്ടായിരുന്നു വീഡിയോ പങ്കുവയ്ക്കപ്പെട്ടത്. പാരീസിന് ഇന്ന് കുറച്ച് എരിവ് ആവശ്യമായിരുന്നുവെന്നും നിങ്ങൾ പൊതുഗതാഗതത്തിൽ ലെഹങ്ക ധരിക്കുമോയെന്നും കുറിപ്പില്‍ ചോദിക്കുന്നു. എന്നാല്‍, വീഡിയോയ്ക്ക് താഴെ, സ്കാന്‍റിനേവിയന്‍ വസ്ത്രം കൊള്ളാമെന്നായിരുന്നു ചിലരുടെ കുറിപ്പുകൾ. മറ്റ് ചിലര്‍ ഇത്തരം കുറിപ്പെഴുതിയവരെ തിരുത്താനുമെത്തി. അത് ലഹങ്കയാണെന്നും ഇന്ത്യന്‍ വസ്ത്രമെന്നും അവര്‍ വ്യക്തമാക്കി. എന്നാല്‍, സാരി ഒരു സ്കാന്‍റിനേവിയന്‍ വസ്ത്രമാണെന്ന് വാദിച്ച പെണ്‍കുട്ടിയെ കളിയാക്കാനാണ് അത്തരമൊരു കുറിപ്പെന്നായിരുന്നു പിന്നാലെ വന്ന മറുപടി. എന്നാല്‍ വീഡിയോ കമന്‍റുകളിലെ ഈ കളിയറിയാതെ നിരവധി പേരാണ് സ്കാന്‍ഡിനേവിയന്‍ വസ്ത്രമെന്ന് ലഹങ്കയെ തെറ്റിദ്ധരിച്ച് കുറിപ്പെഴുതിയത്.