
ജീവിച്ചിരിക്കെ തന്നെ മരിച്ചെന്ന് പറയുക. പിന്നെ, ജീവിച്ചിരിക്കുന്നെന്ന് തെളിയിക്കാന്‍ സര്‍ക്കാര്‍ സ്ഥാപനങ്ങൾ കയറി ഇറങ്ങുക… കേൾക്കുമ്പോൾ ആനന്ദിന്‍റെ നോവലുകളിലെ ഒരു കഥാപാത്രത്തെയോ കഥാസന്ദർഭത്തെയോ ആണ് ഓർമ്മ വരുന്നതെങ്കില്‍ അല്ല. ഇത് യഥാര്‍ത്ഥ ജീവിതത്തില്‍ നിന്നാണ്, ഉത്തർപ്രദേശില്‍ നിന്നും. യുപിയിലെ ബരാബാങ്കി ജില്ലിയിലെ വൃദ്ധ ദമ്പതികളാണ് തങ്ങൾ ജീവിച്ചിരിക്കുന്നുണ്ടെന്ന് തെളിയിക്കാന്‍ സര്‍ക്കാര്‍ ഓഫീസുകൾ കയറി ഇറങ്ങുന്നത്.
ഹരാഖ് ബ്ലോക്കിലെ ഗരിഹി റാഖ്മാവ് പഞ്ചായത്തിൽ ജീവിക്കുന്ന മുഹമ്മദ് ആഷികും അദ്ദേഹത്തിന്‍റെ ഭാര്യ ഹസ്‌മാത്തുൽ നിഷയുമാണ് ആ വൃദ്ധദമ്പതികൾ. ജീവിച്ചിരിക്കുന്നുണ്ടെങ്കിലും സര്‍ക്കാര്‍ രേഖകളില്‍ ഇരുവരും മരിച്ച് പോയവരാണ്. സര്‍ക്കാർ ഉദ്യോഗസ്ഥരുടെ പിഴവ് കാരണം ആ വൃദ്ധദമ്പതികളുടെ പെന്‍ഷന്‍ കഴിഞ്ഞ ഒരു വര്‍ഷമായി തടഞ്ഞ് വച്ചിരിക്കുകയാണ്. അതേസമയം മറ്റൊരു വശത്ത് ഇരുവര്‍ക്കുമുള്ള റേഷന്‍ കൃത്യമായി വിതരണം ചെയ്യപ്പെടുന്നുമുണ്ട്. അതെ, കേൾക്കുമ്പോൾ വിചിത്രമെന്ന് തോന്നുമെങ്കിലും അതാണ് യാഥാര്‍ത്ഥ്യം. ഒരു വിഭാഗം സര്‍ക്കാര്‍ സംവിധാനങ്ങൾ ഇരുവരും ജീവിച്ചിരിക്കുന്നെന്ന് തെളിയിക്കുമ്പോൾ മറ്റൊരു വിഭാഗം സര്‍ക്കാര്‍ സംവിധാനങ്ങളില്‍ ഇരുവരും മരിച്ചെന്ന് അവകാശപ്പെടുന്നു.
‘സർ, ഞാൻ ഇപ്പോഴും ജീവിച്ചിരിപ്പുണ്ട്.’ ഇനിയും മരിച്ചിട്ടില്ലെന്നതിന് തെളിവായി കഴുത്തില്‍ ഒരു പ്ലക്കാർഡും പിടിച്ച് മുഹമ്മദ് ആഷിക് തദ്ദേശ സ്വയംഭരണ ഓഫീസുകൾക്ക് മുന്നിലെ നില്‍പ്പ് തുടങ്ങിയിട്ട് കാലമേറെയായെന്നും റിപ്പോര്‍ട്ടുകൾ പറയുന്നു. പെൻഷൻ പുനഃസ്ഥാപിക്കണമെന്നും വാര്‍ദ്ധക്യസഹജമായ അസുഖങ്ങളാൽ ക്ഷീണിതരും നിരാശരുമാണെന്നും ഇരുവരും പറയുന്നുണ്ടെങ്കിലും അവരുടെ പരാതികൾക്ക് പക്ഷേ, ആരും പ്രതികരിച്ചില്ല. “ആരും ഞങ്ങളെ അറിയിച്ചില്ല. പരിശോധിക്കാനും വന്നില്ല. പക്ഷേ, അവർ ഞങ്ങളുടെ പെൻഷൻ നിർത്തിവച്ചു. ഞങ്ങൾ മരിച്ചതായി പ്രഖ്യാപിച്ചു,’ പ്രായത്താല്‍ ഇടറിയ ശബ്ദത്തില്‍ ആഷിഖ് പറയുന്നു.
ജീവിച്ചിരിക്കെ ഒരു വിഭാഗം സർക്കാര്‍ സംവിധാനങ്ങൾ മരിച്ചതായി പ്രഖ്യാപിച്ച വൃദ്ധ ദമ്പതികളുടെ വാര്‍ത്ത സമൂഹ മാധ്യമങ്ങളിലടക്കം വൈറലായപ്പോൾ, വാര്‍ത്തയ്ക്കായി മാധ്യമങ്ങള്‍ ജില്ലാ സാമൂഹിക ക്ഷേമ ഓഫീസർ സുഷമ വർമ്മയുമായി ബന്ധപ്പെട്ടു. പ്രശ്നം അന്വേഷിച്ച് വരികയാണെന്നും എത്രയും പെട്ടെന്ന് നടപടിയെടുക്കുമെന്നായിരുന്നു അവരുടെ മറുപടി. സര്‍ക്കാര്‍ സംവിധാനങ്ങളുടെ അന്വേഷണം കഴിഞ്ഞ് തങ്ങൾ ജീവിച്ചിരിക്കുന്നുവെന്നതിന്‍റെ സര്‍ട്ടിഫിക്കറ്റിനായി, ഓഫീസുകൾക്ക് മുന്നില്‍ ഇന്നും ആ പ്ലക്കാർഡുമായി ആഷിഖ് നില്‍ക്കുന്നു.
Discover more from MALAYALAM
Subscribe to get the latest posts sent to your email.