കൊച്ചി: പാരിസ്ഥിതിക ആശങ്കകള്‍ ചൂണ്ടിക്കാട്ടി കേരളത്തിലെ വിവാഹ സത്കാരങ്ങളില്‍ പ്ലാസ്റ്റിക് വാട്ടര്‍ ബോട്ടിലുകള്‍ ഉപയോഗിക്കരുതെന്ന് കേരള ഹൈക്കോടതി പറഞ്ഞു. ചെറിയ പ്ലാസ്റ്റിക് കുപ്പികള്‍ ദോഷം വരുത്തുന്നുണ്ടെന്ന് പറഞ്ഞ കോടതി, ഔദ്യോഗിക പരിപാടികളില്‍ പ്ലാസ്റ്റിക് വസ്തുക്കള്‍ ഉപയോഗിക്കരുതെന്നും കൂട്ടിച്ചേര്‍ത്തു.
പുനരുപയോഗിക്കാന്‍ കഴിയാത്ത പ്ലാസ്റ്റിക് ഇല്ലാതാക്കാന്‍ കര്‍ശന നടപടികള്‍ ആവശ്യമാണെന്ന് കോടതി പറഞ്ഞു.
‘പ്ലാസ്റ്റിക് വാട്ടര്‍ ബോട്ടിലുകളുടെ നിരോധനം പ്രായോഗികമായി എങ്ങനെ നടപ്പാക്കാന്‍ കഴിയും?’ കോടതി ചോദിച്ചു. 2016 ലെ ഖരമാലിന്യ സംസ്‌കരണ നിയമങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ കോടതി സ്വമേധയാ എടുത്ത കേസ് പരിഗണിക്കുകയായിരുന്നു.
മലയോര മേഖലകളില്‍ പ്ലാസ്റ്റിക് നിരോധിക്കാനുള്ള നിര്‍ദ്ദേശം പരിഗണനയിലാണെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. 100 ല്‍ കൂടുതല്‍ ആളുകള്‍ പങ്കെടുക്കുന്ന പരിപാടികളില്‍ പ്ലാസ്റ്റിക് ഉപയോഗിക്കുന്നതിന് ലൈസന്‍സ് ആവശ്യമാണെന്നും സര്‍ക്കാര്‍ കോടതിയില്‍ പറഞ്ഞു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കാണ് ഈ ലൈസന്‍സുകള്‍ നല്‍കാന്‍ അധികാരമുള്ളത്.
‘വിവാഹ സത്കാരങ്ങളില്‍ അര ലിറ്റര്‍ വെള്ളക്കുപ്പികള്‍ ഉപയോഗിക്കുന്നതിന് നിരോധനമുണ്ട്,’ തദ്ദേശ സ്വയംഭരണ വകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറി പറഞ്ഞു.
റെയില്‍വേ ട്രാക്കുകള്‍ മാലിന്യമുക്തമാക്കാന്‍ റെയില്‍വേ ബാധ്യസ്ഥരാണെന്ന് ചൂണ്ടിക്കാട്ടി കോടതി റെയില്‍വേയെയും വിമര്‍ശിച്ചു.
‘പൊതുജനങ്ങളോടും നിയമവ്യവസ്ഥയോടുമുള്ള കടമ അത് നിറവേറ്റണം,’ കോടതി പറഞ്ഞു. ‘പാളങ്ങളില്‍ മാലിന്യം നിക്ഷേപിക്കാന്‍ റെയില്‍വേ അനുമതി നല്‍കരുത്.’
മാലിന്യം പൂര്‍ണമായും നീക്കം ചെയ്യാന്‍ ഹൈക്കോടതി റെയില്‍വേയോട് നിര്‍ദ്ദേശിച്ചു.


Discover more from MALAYALAM

Subscribe to get the latest posts sent to your email.

Leave a comment

Leave a Reply