വത്തിക്കാന്‍ സിറ്റി: ലോകമെങ്ങുമുള്ള സാധുജനങ്ങളെ നെഞ്ചോടുചേര്‍ത്ത ഫ്രാന്‍സിസ് മാര്‍പാപ്പ ശനിയാഴ്ച മണ്ണിലേക്കു മടങ്ങും. തിങ്കളാഴ്ച ദിവംഗതനായ മാര്‍പാപ്പയുടെ മൃതശരീരം അദ്ദേഹത്തിന്റെ ആഗ്രഹപ്രകാരം റോമിലെ സാന്ത മരിയ മാര്‍ജറി ബസിലിക്കയില്‍ സംസ്‌കരിക്കും.
യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും രാഷ്ട്രപതി ദ്രൗപദി മുര്‍മുവും ഉള്‍പ്പെടെ വിവിധരാജ്യങ്ങളില്‍നിന്ന് 130 േനതാക്കള്‍ വത്തിക്കാനിലെ സെയ്ന്റ് പീറ്റേഴ്‌സ് ചത്വരത്തില്‍ നടക്കുന്ന അന്ത്യശുശ്രൂഷയില്‍ പങ്കെടുക്കും. മൂന്നുദിവസമായി സെയ്ന്റ് പീറ്റേഴ്‌സ് ബസിലിക്കയില്‍ പൊതുദര്‍ശനത്തിനു വെച്ചിരിക്കുന്ന മൃതശരീരത്തില്‍ വെള്ളിയാഴ്ചവരെ 1,28,000 പേര്‍ അന്ത്യാഞ്ജലിയര്‍പ്പിച്ചു. പ്രാദേശികസമയം വെള്ളിയാഴ്ച രാത്രി എട്ടുവരെയാണ് പൊതുദര്‍ശനം.
ശനിയാഴ്ചത്തെ പ്രാര്‍ഥനകള്‍ക്കുശേഷം സെയ്ന്റ് പീറ്റേഴ്‌സ് ബസിലിക്കയില്‍നിന്ന് വിലാപയാത്രയായി മൃതശരീരം സാന്താ മരിയ മാര്‍ജറി ബസിലിക്കയിലേക്കു കൊണ്ടുപോകും. റോമിലെ പുരാതനദേവാലയങ്ങള്‍ സ്ഥിതിചെയ്യുന്ന ഫോറി ഇംപീരിയാലിയും കൊളോസിയവും കടന്നാകും യാത്ര. പാവങ്ങളുടെ പാപ്പയായിരിക്കാന്‍ ആഗ്രഹിച്ച ഫ്രാന്‍സിസ് മാര്‍പാപ്പയുടെ മൃതശരീരം ഏറ്റുവാങ്ങാന്‍ സാന്താ മരിയ മാര്‍ജറിയില്‍ അശരണരുടെ ഒരുസംഘമുണ്ടാകുമെന്ന് വത്തിക്കാന്‍ അറിയിച്ചു. ചെറുപ്രാര്‍ഥനയ്ക്കുശേഷം പാപ്പയെ ഇവിടെ തറയില്‍ അടക്കും. ‘ഫ്രാന്‍സിസ്‌കസ്’ (ഫ്രാന്‍സിസ് എന്നതിന്റെ ലത്തീന്‍ നാമം) എന്നുമാത്രമേ ശവകുടീരത്തില്‍ എഴുതൂ. ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ആഗ്രഹമാണ് ഇതുരണ്ടും. ഞായറാഴ്ച രാവിലെമുതല്‍ ജനങ്ങള്‍ക്ക് ശവകുടീരം സന്ദര്‍ശിക്കാം.
സംസ്‌കാരച്ചടങ്ങിന്റെ ഭാഗമായി കനത്ത സുരക്ഷയാണ് വത്തിക്കാനിലും റോമിലും ഒരുക്കിയിരിക്കുന്നത്. ദൂരത്തേക്ക് കൃത്യമായി വെടിയുതിര്‍ക്കാന്‍ പാടവമുള്ള സ്‌നൈപ്പറുകളെ കെട്ടിടങ്ങള്‍ക്കുമുകളില്‍ വിന്യസിച്ചു. യുദ്ധവിമാനങ്ങളും സജ്ജമാക്കി നിര്‍ത്തിയിട്ടുണ്ട്.
ഫ്രാന്‍സിസ് പാപ്പയുടെ സംസ്‌കാരം നടന്ന് 15-20 ദിവസത്തിനുശേഷം പുതിയ മാര്‍പാപ്പയെ തിരഞ്ഞെടുക്കാനുള്ള കര്‍ദിനാള്‍മാരുടെ കോണ്‍ക്ലേവ് വത്തിക്കാനില്‍ തുടങ്ങും.
അതിനിടെ, മാര്‍പാപ്പയുടെ മരണത്തില്‍ ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു വ്യാഴാഴ്ച വൈകി അനുശോചിച്ചു. നെതന്യാഹു അനുശോചനം അറിയിക്കാതിരിക്കുന്നതും വിദേശകാര്യമന്ത്രാലയത്തിന്റെ അനുശോചന സന്ദേശം പിന്‍വലിച്ചതും ചര്‍ച്ചയായിരുന്നു. ഗാസായുദ്ധത്തിന്റെപേരില്‍ ഫ്രാന്‍സിസ് പാപ്പ ഇസ്രയേലിനെ ആവര്‍ത്തിച്ചുവിമര്‍ശിച്ചതാണ് കാരണമെന്നാണ് വിലയിരുത്തല്‍.


Discover more from MALAYALAM

Subscribe to get the latest posts sent to your email.

Leave a comment

Leave a Reply