
ചാലക്കുടി: പോട്ട ഫെഡറല്‍ ബാങ്ക് ശാഖയില്‍ നടന്ന കവര്‍ച്ചയില്‍ പൊലീസ് അന്വേഷണം എങ്ങുമെത്തിയില്ല. മോഷ്ടാവിന്റെ ദൃശ്യം സിസിടിവികളില്‍ ലഭിക്കാത്തതാണ് അന്വേഷണത്തിന് പ്രതിസന്ധിയാകുന്നത്. ു ഉച്ചയ്ക്ക് 2.25 മുതല്‍ 14 മിനിറ്റ് നേരം പ്രദേശത്തു വൈദ്യുതി നിലച്ചതിനാല്‍ മോഷ്ടാവ് സ്‌കൂട്ടറില്‍ പോകുന്ന ദൃശ്യങ്ങള്‍ പല സിസിടിവികളിലും പതിഞ്ഞില്ല. സംഭവം നടന്നു മണിക്കൂറുകള്‍ പിന്നിടുമ്പോഴും പൊലീസിന് തുമ്പൊന്നും ലഭിച്ചിട്ടില്ല. വൈകാതെ മോഷ്ടാവ് വലയിലാകുമെന്നാണ് അന്വേഷണസംഘം പറയുന്നത്.
കത്തിമുനയില്‍ ബാങ്ക് ജീവനക്കാരെ ബന്ദിയാക്കി കവര്‍ച്ച നടന്നതിന്റെ പരിഭ്രാന്തിയിലാണ് പ്രദേശവാസികളും സമീപത്തെ വ്യാപാരികളും. പോട്ട ചെറുപുഷ്പം പള്ളിക്ക് എതിര്‍വശത്തുള്ള എല്‍എഫ് കോംപ്ലക്‌സിലെ താഴത്തെ നിലയിലാണു ബാങ്ക്. ബാങ്ക് കൂടാതെ 8 വ്യാപാരസ്ഥാപനങ്ങളാണു താഴത്തെ നിലയിലുണ്ടായിരുന്നത്. ഇവയിലെല്ലാം ജീവനക്കാരുണ്ടായിരുന്നെങ്കിലും പൊലീസ് എത്തി അന്വേഷണം ആരംഭിച്ച ശേഷമാണ് അവര്‍ പോലും മോഷണം നടന്ന വിവരം അറിഞ്ഞത്. കെട്ടിടത്തിന്റെ മുകള്‍ നിലയില്‍ പള്ളിയുടെ ഹാളാണ്. അവ പൂട്ടിക്കിടക്കുകയായിരുന്നു.
2 വനിതകളടക്കം 8 ജീവനക്കാരാണു ബാങ്കിലുള്ളത്. അതില്‍ കാഷ്യര്‍ സിജു 10 ദിവസമായി അവധിയിലായിരുന്നു. ക്ലാര്‍ക്കായ അര്‍ച്ചനയ്ക്കായിരുന്നു കാഷ് കൗണ്ടറിന്റെ ചുമതല. അര്‍ച്ചനയും അസി. മാനേജര്‍ പോള്‍ കുര്യന്‍, ക്ലാര്‍ക്ക് ജെറിന്‍, സ്വീപ്പര്‍ ലില്ലി എന്നിവരും ഭക്ഷണം കഴിക്കുന്ന സമയത്തായിരുന്നു മോഷണം. ബാങ്കിലുണ്ടായിരുന്ന പ്യൂണ്‍ ടെജിന്‍, മാനേജര്‍ ബാബു എന്നിവര്‍ മാത്രമാണു മോഷ്ടാവ് എത്തിയതു നേരില്‍ കണ്ടത്. ഇവരെ കാത്തി കാട്ടി ഭീഷണിപ്പെടുത്തി മുറിയില്‍ പൂട്ടിയിട്ടു. ഇന്നലെ ജോലിക്കെത്തിയിരുന്ന ക്ലാര്‍ക്ക് നിവിന്‍ ഈ സമയത്തു ഭക്ഷണം കഴിക്കാനായി പുറത്തു പോയിരിക്കുകയായിരുന്നു. ബാങ്കില്‍ കാവല്‍ക്കാരനെ നിയമിച്ചിട്ടില്ല.
റെയില്‍വേ സ്റ്റേഷനും ബസ് സ്റ്റേഷനും വിമാനത്താവളവും കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയെങ്കിലും കാര്യമായ തുമ്പൊന്നും കിട്ടിയില്ല. ബാങ്കിലേയും പോട്ട പെട്രോള്‍ പമ്പിലെയും സിസിടിവികളില്‍ മോഷ്ടാവിന്റെ ദൃശ്യം പതിഞ്ഞിട്ടുണ്ടെങ്കിലും മുഖം വ്യക്തമല്ല. ഇയാള്‍ എത്തിയ സ്‌കൂട്ടറിന്റെ നമ്പര്‍ തിരിച്ചറിയാനും സാധിച്ചിട്ടില്ല. മോഷ്ടിച്ച സ്‌കൂട്ടറാകാം ഇതെന്നാണു പൊലീസ് സംശയിക്കുന്നത്.
Discover more from MALAYALAM
Subscribe to get the latest posts sent to your email.