
പടിയൂര്‍ (തൃശ്ശൂര്‍): പടിയൂരില്‍ അമ്മയെയും മകളെയും മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് നിഗമനം. മകളുടെ ഭര്‍ത്താവും കോട്ടയം സ്വദേശിയുമായ പ്രേംകുമാറിനെ കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുന്നു. പടിയൂര്‍ പഞ്ചായത്ത് ഓഫീസിനടുത്ത് വാടകയ്ക്ക് താമസിക്കുന്ന കാറളം വെള്ളാനി സ്വദേശി കൈതവളപ്പില്‍ മണി (74), മകള്‍ രേഖ (43) എന്നിവരെയാണ് ബുധനാഴ്ച ഉച്ചതിരിഞ്ഞ് മരിച്ചനിലയില്‍ കണ്ടെത്തിയത്. മൃതദേഹങ്ങള്‍ അഴുകിയ നിലയിലായിരുന്നു.
മുന്‍ഭാര്യയെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് പ്രേം കുമാര്‍. 2019-ലായിരുന്നു ഇത്. കൊലക്കേസില്‍ ജാമ്യത്തിലിറങ്ങിയ പ്രേംകുമാറും രേഖയും അഞ്ചുമാസം മുന്‍പാണ് വിവാഹിതരായത്. രേഖയുടെയും രണ്ടാമത്തെ വിവാഹമായിരുന്നു ഇത്. രേഖയ്‌ക്കെതിരേ മോശം പരാമര്‍ശങ്ങളടങ്ങിയ കത്തും മൃതദേഹങ്ങളുടെ പരിസരത്തുനിന്ന് കണ്ടെത്തിയിരുന്നു. പ്രേംകുമാറിനെതിരേ ലുക്കൗട്ട് നോട്ടീസ് പോലീസ് പുറപ്പെടുവിച്ചിട്ടുണ്ട്.
ബുധനാഴ്ച ഉച്ചയോടെ വീട്ടില്‍നിന്ന് ദുര്‍ഗന്ധം വന്നതിനെത്തുടര്‍ന്ന് അയല്‍വാസികള്‍ ഇരിങ്ങാലക്കുട ബോയ്‌സ് സ്‌കൂളിലെ ജീവനക്കാരിയായ, മണിയുടെ മൂത്തമകള്‍ സിന്ധുവിനെ വിവരമറിയിക്കുകയായിരുന്നു. സിന്ധു വീട്ടിലെത്തി പിറകുവശത്തെ വാതില്‍ തുറന്ന് അകത്തുകയറി. വീടിനുള്ളില്‍ സാധനങ്ങള്‍ അലങ്കോലമായ നിലയിലായിരുന്നു. തുടര്‍ന്ന് കാട്ടൂര്‍ പോലീസില്‍ വിവരമറിയിച്ചു. കാട്ടൂര്‍ സ്റ്റേഷന്‍ ഓഫീസര്‍ ഇ.ആര്‍. ബൈജുവിന്റെ നേതൃത്വത്തില്‍ പോലീസ് സ്ഥലത്തെത്തി സഹോദരിയില്‍നിന്ന് മൊഴിയെടുത്തു.
ആറുമാസം മുന്‍പാണ് ഇവര്‍ പടിയൂരില്‍ വീട് വാടകയ്ക്കെടുത്ത് താമസമാരംഭിച്ചത്. അതിനുശേഷമാണ് രേഖ കോട്ടയം സ്വദേശിയായ പ്രേംകുമാറിനെ വിവാഹംകഴിച്ചത്. രണ്ടുദിവസം മുന്‍പ് രേഖ പ്രേംകുമാറിന്റെ പേരില്‍ വനിതാ സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നതായി സിന്ധു പോലീസിനോട് പറഞ്ഞു. തിങ്കളാഴ്ച ഇരുവരോടും കൗണ്‍സിലിങ്ങിനെത്താന്‍ നിര്‍ദേശം നല്‍കിയിരുന്നു. പോലീസ് സ്റ്റേഷനില്‍നിന്ന് വീട്ടിലേക്കു മടങ്ങിയശേഷം അമ്മയെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ലെന്നാണ് സിന്ധു പറയുന്നത്. രേഖയുടെ മൃതദേഹത്തിനടുത്തുനിന്ന് പ്രേംകുമാര്‍ എഴുതിയതെന്ന് കരുതുന്ന ഭീഷണിക്കത്ത് ലഭിച്ചിട്ടുണ്ട്.