
ആലപ്പുഴ: കഞ്ചാവ് കേസിൽ നിന്ന് യു പ്രതിഭ എംഎൽഎയുടെ മകനെ ഒഴിവാക്കി എക്സൈസ്. കോടതിയിൽ സമർപ്പിച്ച ഇടക്കാല റിപ്പോർട്ടിൽ പ്രതിഭയുടെ മകൻ കനിവിൻരെ പേരില്ല. ഒന്പത് പേരായിരുന്നു കേസിൽ പ്രതി ചേർക്കപ്പെട്ടത്. നലവിൽ മൂന്ന് മുതൽ ഒമ്പത് വരെയുള്ള പ്രതികളെ ഒഴിവാക്കിയിരിക്കുകയാണ്. കേസിൽ കുറ്റപത്രം ഉടൻ സമർപ്പിക്കും എന്നാണ് റിപ്പോർട്ട്. കഞ്ചാവ് ഉപയോഗിച്ചതിന് തെളിവോ സാക്ഷികളോ ഇല്ല എന്നാണ് എക്സൈസ് പറയുന്നത്.
ഡിസംബർ 28 നാണ് ആലപ്പുഴ തകഴിയിൽ നിന്ന് യു പ്രതിഭ എംഎൽഎയുടെ മകൻ കനിവ് ഉൾപ്പടെ ഒൻപത് പേരെ കുട്ടനാട് എക്സൈസ് സംഘം പിടികൂടിയത്. കഞ്ചാവ് കൈവശം വച്ചതിനും പൊതു സ്ഥലത്ത് കഞ്ചാവ് ഉപയോഗിച്ചതിനുമായിരുന്നു കേസെടുത്തത്. കേസിൽ ഒൻപതാം പ്രതിയായിരുന്നു കനിവ്. ജാമ്യം കിട്ടുന്ന വകുപ്പുകളായതിനാൽ സ്റ്റേഷൻ ജാമ്യത്തിൽ വിടുകയും ചെയ്തു. സംഭവം വാർത്തയായതോടെ മകൻ കഞ്ചാവ് ഉപയോഗിച്ചിട്ടില്ലെന്നും വ്യാജ വാർത്തയാണെന്നുമുള്ള വാദവുമായി യു പ്രതിഭ പരസ്യമായി രംഗത്തെത്തി. പിന്നാലെ കേസിന്റെ എഫ്ഐആർ ഉൾപ്പടെ പുറത്ത് വന്നതോടെ വിവാദം രൂക്ഷമായി. നിയമസഭയിലും സിപിഎം ജില്ലാ സമ്മേളനത്തിലും എക്സൈസ് ഉദ്യോഗസ്ഥർക്കെതിരെ യു പ്രതിഭ രൂക്ഷമായ വിമർശനം ഉന്നയിച്ചു.
തുടർന്ന് എക്സൈസ് ഉദ്യോഗസ്ഥർക്കെതിരെ പ്രതിഭ എംഎൽഎ മുഖ്യമന്ത്രിക്കും എക്സൈസ് മന്ത്രിക്കും എക്സൈസ് കമ്മീഷണർക്കും പരാതി നൽകി. തുടർന്ന് ഉദ്യോഗസ്ഥർക്കെതിരെ അന്വേഷണം പ്രഖ്യാപിക്കുകയുണ്ടായി. എക്സൈസ് ഉദ്യോഗസ്ഥരുടെ നടപടികളിൽ വീഴ്ച സംഭവിച്ചുവെന്നും വൈദ്യ പരിശോധന നടത്തിയില്ലെന്നുമാണ് അന്വേഷണ റിപ്പോർട്ടിലെ കണ്ടെത്തൽ. പ്രതിഭയുടെ മകനടക്കം 7 പേർക്കെതിരെ കേസ് നില നിൽക്കാൻ സാധ്യതയില്ലെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. പ്രതികളിൽ കഞ്ചാവ് കണ്ടെടുത്ത രണ്ട് പേർക്കെതിരെ മാത്രമേ കേസ് നില നിൽക്കൂ. കനിവ് കഞ്ചാവ് വലിച്ചതിന് സാക്ഷികളില്ലെന്നാണ് റിപ്പോർട്ടിലുള്ളത്.

Discover more from MALAYALAM
Subscribe to get the latest posts sent to your email.