
അവിവാഹിതരായ സ്ത്രീകൾക്ക് ഐവിഎഫ് ട്രീറ്റ്മെന്റ് വാഗ്ദ്ധാനം ചെയ്ത് കിഴക്കൻ ചൈനയിലെ ഒരു സ്വകാര്യ ആശുപത്രി. ബീജദാതാക്കളെ കാണാനും അനുവാദം നൽകും. നിയമവിരുദ്ധമായ ഐവിഎഫ് സേവനങ്ങൾ നൽകുന്നു എന്ന് കാണിച്ച് ആശുപത്രി ഇപ്പോൾ അന്വേഷണം നേരിടുകയാണ് എന്നാണ് സൗത്ത് ചൈന മോർണിംഗ് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നത്.
ജിയാങ്‌സു പ്രവിശ്യയിലെ നാൻജിംഗിലുള്ള നന്തായ് ഇന്റഗ്രേറ്റഡ് ചൈനീസ് ആൻഡ് വെസ്റ്റേൺ മെഡിസിൻ ഹോസ്പിറ്റലാണ് ഇപ്പോൾ അന്വേഷണം നേരിട്ടു കൊണ്ടിരിക്കുന്നത്. ഒരു മാധ്യമമാണ് ആശുപത്രി ഇത്തരം നിയമവിരുദ്ധമായ ഐവിഎഫ് ചികിത്സകൾ നടത്തുന്നുണ്ട് എന്ന വിവരം പുറത്തുവിട്ടത്. പിന്നാലെ ഇത് അടച്ചുപൂട്ടുകയും പ്രാദേശിക ആരോഗ്യ കമ്മീഷൻ സംഭവത്തെ കുറിച്ച് അന്വേഷണം ആരംഭിക്കുകയും ചെയ്യുകയായിരുന്നു.
ഇത്തരം സേവനങ്ങൾ നൽകാൻ അനുമതിയോ അർഹതയോ ഇല്ലാത്ത ഈ ആശുപത്രി ഇതിലൂടെ വലിയ പണം സമ്പാദിക്കുന്നു എന്നാണ് പറയുന്നത്. ഏകദേശം 12 ലക്ഷം രൂപയോളം വാങ്ങിയാണത്രെ ഇവർ അവിവാഹിതകളായ സ്ത്രീകളെ ഗർഭിണികളാകാൻ സഹായിക്കുന്നതും ബീജദാതാക്കളെ തെരഞ്ഞെടുക്കാൻ അവസരം നൽകുന്നതും.
25 വയസ്സിന് മുകളിലുള്ള യുവാക്കളിൽ നിന്നാണ് ബീജം ശേഖരിക്കുന്നതെന്നാണ് ആശുപത്രിയിലെ ഒരു ഡോക്ടർ ഷാൻഡിയൻ ന്യൂസിനോട് പറഞ്ഞത്. ഇയാളുടെ പേരോ വിവരങ്ങളോ പുറത്ത് വിട്ടിട്ടില്ല.
കാണാൻ എങ്ങനെയുണ്ട്, എത്ര വിദ്യാഭ്യാസമുണ്ട് തുടങ്ങിയ കാര്യങ്ങളെല്ലാം നോക്കിയാണ് യുവതികൾക്ക് ബീജദാതാക്കളെ തെരഞ്ഞെടുക്കാൻ അവസരം നൽകുന്നത് എന്നും ഡോക്ടർ വെളിപ്പെടുത്തി. വിദ്യാഭ്യാസം കൂടുന്നതിന് അനുസരിച്ച് ചെലവും കൂടും. 30-40 യുവതികളെങ്കിലും ഈ സേവനം ആവശ്യപ്പെട്ട് മാസത്തിൽ ഇവിടെ വരുന്നുണ്ട്. ആൺകുഞ്ഞ് വേണോ പെൺകുഞ്ഞ് വേണോ എന്ന് തീരുമാനിക്കാം എന്നും ഡോക്ടർ പറയുന്നു.
Discover more from MALAYALAM
Subscribe to get the latest posts sent to your email.