സാധാരണ കംപ്യൂട്ടറിനെക്കാള്‍ അനേകായിരം മടങ്ങ് ക്ഷമതയുള്ള ക്വാണ്ടം കംപ്യൂട്ടറുകള്‍ അടുത്ത 5 വര്‍ഷത്തിനുള്ളില്‍ വിപണിയിലെത്തിക്കുമെന്ന് പറയുകയാണ് ഗൂഗിള്‍ സിഇഒ സുന്ദര്‍ പിച്ചൈ. ക്വാണ്ടം കംപ്യൂട്ടിങ് രംഗത്തു വിപ്ലവകരമായ പരീക്ഷണങ്ങള്‍ ഗൂഗിള്‍ നടത്തിയിരുന്നു. സൈക്കാമോര്‍ പ്രോസസര്‍, വില്ലോ ചിപ് എന്നിവയൊക്കെ ഇതില്‍പെടും. ക്വാണ്ടം കംപ്യൂട്ടിങ് 3 മുതല്‍ 5 വര്‍ഷത്തിനുള്ളില്‍ വിപണിയിലെത്തുമെന്ന് മൈക്രോസോഫ്റ്റ് സ്ഥാപകന്‍ ബില്‍ ഗേറ്റ്‌സും അടുത്തിടെ പറഞ്ഞിരുന്നു.ക്വാണ്ടം കംപ്യൂട്ടിങ്ങിന്റെ അപാരശേഷി ‘ക്വാണ്ടം സുപ്രമസി’ എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. ഇതു പെട്ടെന്നു നടപ്പില്‍ വരില്ലെന്നായിരുന്നു ശാസ്ത്രസമൂഹം കണക്കാക്കിയിരുന്നത്. എന്നാല്‍ കംപ്യൂട്ടിങ് ലോകം ഇതിലേക്കുള്ള യാത്രയിലാണെന്ന സൂചനകള്‍ ശക്തമാണ്.സാധാരണ കംപ്യൂട്ടറുകള്‍ വൈദ്യുതിയുടെ ഒഴുക്കുമായി ബന്ധപ്പെട്ടാണു പ്രവര്‍ത്തിക്കുന്നത്. ഇതിനെ അടിസ്ഥാനപ്പെടുത്തി 0, 1 എന്നീ ഡിജിറ്റല്‍ മൂല്യങ്ങളുള്ള ബിറ്റുകളാണ് നമ്മള്‍ ഇന്നു കാണുന്ന ഡിജിറ്റല്‍ കംപ്യൂട്ടറുകളുടെ അടിസ്ഥാനം.എന്നാല്‍ ഇലക്ട്രോണുകള്‍, ഫോട്ടോണുകള്‍ തുടങ്ങി ക്വാണ്ടം മെക്കാനിക്‌സ് നിയമങ്ങള്‍ അനുസരിക്കുന്ന കണങ്ങളുടെ ഭൗതികനിയമങ്ങള്‍ ഉപയോഗിച്ചാണു ക്വാണ്ടം കംപ്യൂട്ടിങ് പ്രവര്‍ത്തിക്കുന്നത്.
സാധാരണ കംപ്യൂട്ടറുകളിലെ ബിറ്റുകള്‍ക്കു പകരം ഇവിടെ ക്യുബിറ്റുകളാണ്. ഒരു ക്യുബിറ്റിനു സാധാരണ ബിറ്റിനേക്കാള്‍ പലമടങ്ങു വിവരങ്ങള്‍ ശേഖരിച്ചുവയ്ക്കാന്‍ ശേഷിയുണ്ട്. ഇതു പ്രോസസര്‍ ശേഷി വന്‍രീതിയില്‍ കൂട്ടുന്നു. ഫലമോ, സാധാരണ കംപ്യൂട്ടര്‍ വിമാനമാണെങ്കില്‍ ക്വാണ്ടം കംപ്യൂട്ടര്‍ റോക്കറ്റാണ്.
ക്വാണ്ടം കംപ്യൂട്ടിങ് ഉടനൊന്നും ജനോപകാരപ്രദമായ നിലയിലേക്കു എത്താന്‍ വഴിയില്ല. ചെലവാണു പ്രധാനകാരണം. പ്രത്യേകം ശീതീകരിച്ച സംവിധാനത്തിലേ ക്വാണ്ടം പ്രോസസര്‍ സ്ഥാപിക്കാനാകൂ. ക്വാണ്ടം കംപ്യൂട്ടര്‍ ഓണാക്കാനും ഓഫാക്കാനും ദിവസങ്ങള്‍ വേണം.
ദൈനംദിന ഉപയോഗത്തിനു ക്വാണ്ടം കംപ്യൂട്ടര്‍ ഉപയോഗിക്കാന്‍ ഇനിയും ഒരു പതിറ്റാണ്ടു വേണ്ടിവരും. എങ്കിലും ക്ലാസിക്കല്‍ കംപ്യൂട്ടറുകളെ പുറത്താക്കി ക്വാണ്ടം കംപ്യൂട്ടിങ് ലോകം പിടിച്ചടക്കുമെന്ന് ഉറപ്പിച്ചുപറയുന്നു ഗൂഗിള്‍. അനേകം കാലത്തെ സംഭവങ്ങളില്‍ കൂടിയും വികസനങ്ങളില്‍കൂടിയുമാണ് ക്വാണ്ടം കംപ്യൂട്ടിങ്ങിന്റെ വളര്‍ച്ച.
1960ല്‍ ക്യൂബിറ്റുകള്‍ ഉപയോഗിച്ച് കോണ്‍ജുഗേറ്റ് കോഡിങ് എന്ന പ്രക്രിയ അമേരിക്കന്‍ ഭൗതികശാസ്ത്രജ്ഞന്‍ സ്റ്റീഫന് വീസ്‌നര്‍ കണ്ടുപിടിച്ചതോടെയാണു ക്വാണ്ടം കംപ്യൂട്ടിങ്ങിന്റെ തുടക്കം.1976ല്‍ പോളിഷ് ശാസ്ത്രജ്ഞന്‍ റോമന്‍ ഇന്ഗാര്‍ഡന്‍ ക്വാണ്ടം ഇന്ഫര്‍മേഷന്‍ തിയറി എന്ന പ്രബന്ധം പ്രസിദ്ധീകരിച്ചു.1981ല്‍ വിഖ്യാത ശാസ്ത്രജ്ഞന് റിച്ചഡ് ഫെയ്ന്‍മാന്‍ എംഐടിയില്‍ ക്വാണ്ടം കംപ്യൂട്ടറിന്റെ അടിസ്ഥാനമോഡല്‍ അവതരിപ്പിക്കുകയും ചെയ്തു. എന്നാല്‍ ക്വാണ്ടം കംപ്യൂട്ടറിന്റെ സൈദ്ധാന്തികമായ സാധ്യത 1982ല്‍ അവതരിപ്പിച്ചത് ശാസ്ത്രജ്ഞനായ പോള്‍ ബേനിയോഫാണ്.1985ല്‍ യൂണിവഴ്‌സല്‍ ക്വാണ്ടം കംപ്യൂട്ടിങ്ങിനെക്കുറിച്ചുള്ള ആശയം ഓക്‌സ്ഫഡ് സര്‍വകലാശാലയില്‍ ഡേവിഡ് ഡ്യൂഷെ അവതരിപ്പിച്ചു.
1993ല്‍ ക്വാണ്ടം കംപ്യൂട്ടിങ്ങിന്റെ വേഗം വര്‍ധിപ്പിക്കാനുള്ള ഓറക്കിള്‍ പ്രോഗ്രാം മോണ്ട്രിയല്‍ സര്‍വകലാശാല കണ്ടുപിടിച്ചത് നാഴികക്കല്ലായി. തൊട്ടടുത്ത വര്‍ഷം ക്വാണ്ടം കംപ്യൂട്ടിങ്ങിനു വേണ്ടിയുള്ള പ്രധാനപ്പെട്ട അല്‍ഗരിതം ന്യൂയോര്‍ക്കിലെ ബെല്‍ ലബോറട്ടറിയിലെ ഗവേഷകനായ പീറ്റര്‍ ഷോര്‍ കണ്ടുപിടിച്ചു. ഷോര്‍സ് അല്‍രഗിതം എന്ന പേരില്‍ ഇതു പ്രശസ്തമായി. 1998ല്‍ ആദ്യ 3 ക്യൂബിറ്റ് കംപ്യൂട്ടര്‍, 2000ല്‍ ആദ്യ 5,7 ക്യൂബിറ്റ് എന്‍എംആര്‍ കംപ്യൂട്ടറുകള്‍ എന്നിവ പരീക്ഷണാടിസ്ഥാനത്തില്‍ നിര്‍മിച്ചു. 2006ല്‍ ക്വാണ്ടം ടെലിക്ലോണിങ് പരീക്ഷിച്ചു,ആദ്യ 12 ക്യൂബിറ്റ് കംപ്യൂട്ടര്‍ വികസിപ്പിച്ചു. 2008ല്‍ ഗ്രാഫിന്‍ ഉപയോഗിച്ചുള്ള ക്വാണ്ടം ഡോട് ക്യൂബിറ്റ് അവതരിപ്പിച്ചു.
2009ല്‍ ഗൂഗിളും ഡിവേവും തമ്മില്‍ ക്വാണ്ടം കംപ്യൂട്ടിങ്ങില്‍ സഹകരണത്തിനു ധാരണയുണ്ടാക്കി. ക്യൂബിറ്റുകളെ വൈദ്യുതി ഉപയോഗിച്ച് കൈകാര്യം ചെയ്യാനുള്ള ശേഷി തൊട്ടടുത്തവര്‍ഷമാണ് യാഥാര്‍ഥ്യമായത്.2012ല്‍ ലോകത്തെ ആദ്യ ക്വാണ്ടം കംപ്യൂട്ടിങ് സോഫ്റ്റ്?വെയര്‍ കമ്പനിയായ 1 ക്യൂബി ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജീസ് തുടങ്ങി. 2017ല്‍ 2000 ക്യൂബിറ്റുകളുള്ള ഡി-വേവ് ക്വാണ്ടം അനീലര്‍ എന്ന കംപ്യൂട്ടറിന്റെ വരവ് ഡിവേവ് പ്രഖ്യാപിച്ചു. 2018ല്‍ 72 ക്യൂബിറ്റുകളുള്ള ബ്രിസില്‍കോണ് എന്ന ചിപ്പ് ഗൂഗിളും 50 ക്യൂബിറ്റുള്ള ടാംഗിള്‍ ലേക് ചിപ് ഇന്റലും പ്രഖ്യാപിക്കുന്നു. 2019ല്‍ ഗൂഗിളിന്റെ സൈക്കാമോര്‍ എന്ന ക്വാണ്ടം ചിപ്പ് സാധാരണ സൂപ്പര്‍ കംപ്യൂട്ടറുകള്‍ക്ക് 10,000 വര്‍ഷം വേണ്ടിവരുന്ന കണക്കുകള്‍ 3 മിനിറ്റില്‍ ചെയ്തുതീര്‍ത്ത് പ്രദര്‍ശനം നടത്തി.


Discover more from MALAYALAM

Subscribe to get the latest posts sent to your email.

Leave a comment

Leave a Reply