
അമ്പലപ്പുഴ(ആലപ്പുഴ): മൃഗസ്‌നേഹിയായ പ്ലസ് വണ്‍ വിദ്യാര്‍ഥി പേവിഷബാധയേറ്റ് മരിച്ചു. തകഴി ഗ്രാമപ്പഞ്ചായത്ത് ഒന്നാംവാര്‍ഡ് കരുമാടി കിഴക്കേമുറി പുഷ്പമംഗലം വീട്ടില്‍ ശരത്കുമാറിന്റെ മകന്‍ എസ്. സൂരജ് (17) ആണ് ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ മരിച്ചത്. തകഴി ദേവസ്വം ബോര്‍ഡ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്ലസ് വണ്‍ കൊമേഴ്സ് വിദ്യാര്‍ഥിയായിരുന്നു. ഉമിനീരും രക്തവും പരിശോധിച്ച് മരണകാരണം പേവിഷബാധയാണെന്നു സ്ഥിരീകരിച്ചു.
കഴിഞ്ഞമാസം 20-ന് ബന്ധുവീട്ടില്‍വെച്ച് വളര്‍ത്തുനായയില്‍നിന്ന് കഴുത്തിനു പോറലേറ്റതായി സംശയിക്കുന്നു. പേവിഷ പ്രതിരോധ കുത്തിവെപ്പ് എടുത്തിരുന്നില്ല. ചൊവ്വാഴ്ചയാണ് കുട്ടിക്ക് അസ്വസ്ഥത തുടങ്ങിയത്. ജിംനേഷ്യത്തില്‍നിന്നു വന്നപ്പോള്‍ നടുവേദനയുണ്ടായി. തുടര്‍ന്ന് തകഴിയിലെ സ്വകാര്യ ആശുപത്രിയില്‍ പോയി. പിറ്റേന്ന് പേവിഷബാധയുടെ ലക്ഷണം കണ്ടതോടെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സതേടാന്‍ ഡോക്ടര്‍ നിര്‍ദേശിച്ചു.
ബുധനാഴ്ച രാവിലെ ആശുപത്രിയിലെ അത്യാഹിതവിഭാഗത്തിലെത്തിച്ച കുട്ടിയെ പരിശോധനയ്ക്കുശേഷം തീവ്രപരിചരണവിഭാഗത്തിലെ ഐസലേഷന്‍ വാര്‍ഡിലേക്കു മാറ്റി. വെള്ളിയാഴ്ച രാവിലെ മരിച്ചു.
പേവിഷബാധയ്ക്കു കാരണമായെന്നു കരുതുന്ന വളര്‍ത്തുനായയ്ക്ക് പ്രതിരോധകുത്തിവെപ്പ് എടുത്തതാണ്. നായ ജീവനോടെയുണ്ട്. സൂരജിന് മറ്റു നായകള്‍, പൂച്ചകള്‍ എന്നിവയുമായും സമ്പര്‍ക്കമുണ്ടായിരുന്നു. അച്ഛന്‍ തകഴി ക്ഷേത്രത്തിനു സമീപത്തെ ഗീതാ കഫേ ഉടമയാണ്. അമ്മ: ഗീത. സഹോദരന്‍: സഹജ്. മൃതദേഹം വൈകുന്നേരം നാലുമണിയോടെ വീട്ടുവളപ്പില്‍ സംസ്‌കരിച്ചു. ‘പേവിഷബാധയേറ്റത് വീട്ടിനുള്ളില്‍ നിന്നല്ല, തെരുവുനായ്ക്കളാണ് കാരണം…’ പ്ലസ്വണ്‍ വിദ്യാര്‍ഥി സൂരജിന് പേവിഷബാധയേറ്റതിന്റെ ഉറവിടം അജ്ഞാതമായി തുടരുമ്പോള്‍ അച്ഛന്‍ ശരത്കുമാര്‍ ഉറപ്പിച്ചുപറയുന്നു.
വളര്‍ത്തുനായയില്‍നിന്ന് കഴുത്തില്‍ പോറലേറ്റെന്നത് ആരോ ചുമ്മാതെ പറയുന്നതാണ്. ജിമ്മിനുപോയപ്പോഴുണ്ടായ സ്‌ട്രെച്ചുകളാണ് കഴുത്തിലെ പാട്. മകന്‍ നഷ്ടമായി. ഇനി ഇതിന്റെ പേരില്‍ ഒരു പരാതിക്കും ഞാനില്ല-അദ്ദേഹം വ്യക്തമാക്കി.
കരുമാടി കിഴക്കേമുറി പുഷ്പമംഗലം വീടിനോടുചേര്‍ന്ന് ദഹനപ്പെട്ടിയില്‍ മകന്‍ എരിഞ്ഞടങ്ങുമ്പോള്‍ ഉള്ളുനീറി ശരത്കുമാര്‍ അരികിലുണ്ടായിരുന്നു. സൂരജിന്റെ വേര്‍പാട് ഉള്‍ക്കൊള്ളാനാകാതെ നിറകണ്ണുകളുമായി കൂട്ടുകാര്‍ അവിടവിടെയായി കൂട്ടംകൂടിയിരിക്കുന്നു.
കൂട്ടുകാരുമൊത്ത് ക്രിക്കറ്റ് കളി, ചൂണ്ടയിടല്‍, ജിംനേഷ്യത്തില്‍ പോകല്‍ എന്തിനും മുന്നിലായിരുന്നു സൂരജ്. അവന്‍ ചൂണ്ടയുമായി പോയാല്‍ മീനുമായേ മടങ്ങിവരൂ…പരിസരവാസികള്‍ പറയുമ്പോള്‍ കേട്ടുനിന്ന അച്ഛന്റെ സ്വരമിടറി. രാവിലെ കരുമാടി പടഹാരം റോഡിലൂടെ ഒന്നുനടന്നാല്‍ മതി. തെരുവുനായ്ക്കളുടെ കൂട്ടമാകും മുന്നില്‍. ഒരിക്കല്‍ നായ്ക്കളുടെ കൂട്ടം കോഴിയെ കടിച്ചുകൊണ്ടുവന്ന് വീടിനു മുന്നിലിട്ടാണ് കൊന്നത്-ശരത്കുമാര്‍ പറഞ്ഞു.
കുറച്ചുനാള്‍ മുന്‍പ് മകന്റെ കാലില്‍ മുറിവേറ്റപാടുകണ്ടു. എന്നെ പേടിച്ച് അവന്‍ അക്കാര്യം നേരത്തേ പറഞ്ഞില്ല. ചൂണ്ടയിടാന്‍ പോയപ്പോഴോ കളിക്കാന്‍ പോയപ്പോഴോ തെരുവുനായ്ക്കളുടെ കടിയേറ്റിട്ടുണ്ടാകാം. ഇനി പറഞ്ഞിട്ടെന്തുകാര്യം. എല്ലാം കഴിഞ്ഞില്ലേ….എരിയുന്ന ചിതയിലേയ്ക്ക് നോക്കി ശരത്കുമാര്‍ പറഞ്ഞു.
Discover more from MALAYALAM
Subscribe to get the latest posts sent to your email.