
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) ഹോസ്റ്റിനെ ഉപയോഗിച്ച് ആളുകളെ കബളിപ്പിച്ചതിന് ഓസ്ട്രേലിയൻ റേഡിയോ സ്റ്റേഷനെതിരെ രൂക്ഷ വിമർശനം. സിഡ്‌നി മോണിംഗ് ഹെറാൾഡിന്റെ റിപ്പോർട്ട് പ്രകാരം, കഴിഞ്ഞ ആറുമാസക്കാലമായി ഈ റേഡിയോ സ്റ്റേഷനിൽ നിന്ന് സംപ്രേഷണം ചെയ്തിരുന്ന ഒരു പരിപാടിയിൽ ആളുകൾ കേട്ടിരുന്നത് യഥാർത്ഥ വ്യക്തിയുടെ ശബ്ദമായിരുന്നില്ല. മറിച്ച് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) സൃഷ്ടിച്ച ശബ്ദമായിരുന്നു.
സിഡ്‌നിയിൽ ഓസ്‌ട്രേലിയൻ റേഡിയോ നെറ്റ്‌വർക്കിന് (ARN) കീഴിലുള്ള ഒരു സ്റ്റേഷനായ സിഎഡിഎ, ഐ ഹാർട്ട് റേഡിയോ (iHeartRadio) ആപ്പ് വഴി പ്രക്ഷേപണം ചെയ്തുകൊണ്ടിരുന്ന ‘Workdays with Thy’ എന്ന പരിപാടിയിലാണ് എഐ ഹോസ്റ്റിനെ ഉപയോഗിച്ചത്. തിങ്കൾ മുതൽ വെള്ളി വരെ ദിവസവും നാല് മണിക്കൂർ നീണ്ടുനിൽക്കുന്ന ഒരു സംഗീത പരിപാടിയായിരുന്നു ഇത്. റേഡിയോ സ്റ്റേഷൻ അധികൃതർ ആദ്യം പ്രഖ്യാപിച്ചിരുന്നത് ഈ പരിപാടി അവതരിപ്പിക്കുന്നത് തൈ (Thy) എന്ന അവതാരകനാണ് എന്നായിരുന്നു. എന്നാൽ, ഇപ്പോഴാണ് തങ്ങൾ കേട്ടുകൊണ്ടിരുന്നത് എഐ അവതാരകനെ ആയിരുന്നു എന്ന് പ്രേക്ഷകർ തിരിച്ചറിഞ്ഞത്.
വോയ്‌സ്-ക്ലോണിംഗ് സോഫ്റ്റ്‌വെയർ കമ്പനിയായ ElevenLabs -ൽ നിന്നുള്ള സാങ്കേതികവിദ്യ ഉപയോഗിച്ച് സൃഷ്ടിച്ച ഒരു എഐ വോയ്‌സാണ് Thy. സിഡ്‌നി ആസ്ഥാനമായുള്ള എഴുത്തുകാരി സ്റ്റെഫാനി കൂംബ്സ്, തൈയുടെ വ്യക്തിത്വത്തെ ചോദ്യം ചെയ്തതോടെയാണ് സത്യം പുറത്തുവന്നത്.
പ്രക്ഷേപണ മാധ്യമങ്ങളിൽ എഐ ഉപയോഗം നിരോധിക്കുന്ന പ്രത്യേക നിയന്ത്രണങ്ങളൊന്നും നിലവിൽ ഓസ്‌ട്രേലിയയിൽ ഇല്ലെങ്കിലും, ഈ വെളിപ്പെടുത്തൽ പരിപാടിയുടെ പ്രേക്ഷകരിൽ നിന്ന് വലിയ വിമർശനം ഉയരുന്നതിന് കാരണമായിട്ടുണ്ട്.
Discover more from MALAYALAM
Subscribe to get the latest posts sent to your email.