കോട്ടയം: ഗാന്ധിനഗര്‍ ഗവ. നഴ്‌സിങ് കോളജില്‍ മറ്റു 4 വിദ്യാര്‍ഥികള്‍ കൂടി ക്രൂര റാഗിങ്ങിന് ഇരയായതായി വിവരം പുറത്തുവന്നു. നേരത്തേ പരാതി നല്‍കിയ ഇടുക്കി സ്വദേശി ലിബിന്‍ കൊടുത്ത മൊഴിയിലാണ് മറ്റു 4 പേര്‍കൂടി ഉപദ്രവിക്കപ്പെട്ടെന്ന വിവരം പുറത്തായത്. ഇവര്‍ പരാതി നല്‍കിയിരുന്നില്ല. സീനിയര്‍ വിദ്യാര്‍ഥികള്‍ ഇവരുടെ ശരീരമാസകലം ഷേവ് ചെയ്‌തെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. ഈ മാസം 10നു രാത്രി 11നു ശേഷമായിരുന്നു പീഡനം.
ലിബിന്‍ നല്‍കിയ പരാതിയില്‍ അറസ്റ്റിലായ കേരള ഗവ. സ്റ്റുഡന്റ്‌സ് നഴ്‌സസ് അസോസിയേഷന്‍ (കെജിഎസ്എന്‍എ) സംസ്ഥാന സെക്രട്ടറി കെ.പി.രാഹുല്‍ രാജ്, സാമുവല്‍ ജോണ്‍സണ്‍, എന്‍.എസ്.ജീവ, സി.റിജില്‍ ജിത്ത്, എന്‍.വി.വിവേക് എന്നിവര്‍ തന്നെയാണ് ഈ ക്രൂരകൃത്യത്തിനും നേതൃത്വം നല്‍കിയത്.
സീനിയേഴ്‌സ് ആവശ്യപ്പെട്ട പണം നല്‍കാത്തതിനെത്തുടര്‍ന്ന് അജിത്ത്, ദിലീപ്, ആദര്‍ശ് അരുണ്‍ എന്നിവരാണ് റാഗ് ചെയ്യപ്പെട്ടത്. ഇതിന്റെ ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയില്ല. അതേസമയം, ലിബിനെ പീഡിപ്പിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ പ്രതികള്‍ അമലിനോടു നിര്‍ദേശിച്ചു. ഈ ദൃശ്യങ്ങളാണ് കേസില്‍ വഴിത്തിരിവായി പൊലീസിനു ലഭിച്ചത്. ഇതിനുശേഷം ഏറെ നേരം അമലിനെ മുട്ടുകാലില്‍ നിര്‍ത്തിയെന്നും കവിളില്‍ അടിച്ചെന്നും കണ്ടെത്തിയിട്ടുണ്ട്. .
ബോയ്‌സ് ഹോസ്റ്റലിന്റെ താഴത്തെനിലയില്‍ താമസിക്കുന്ന ജൂനിയര്‍ വിദ്യാര്‍ഥികളെ ഫോണില്‍ വിളിച്ച് മുകളിലേക്കു വരാന്‍ ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്നു 13-ാം നമ്പര്‍ മുറിയില്‍ വച്ചാണ് ശരീരമാസകലം ഷേവ് ചെയ്തത്. പ്രതികള്‍ മദ്യലഹരിയിരുന്നു. റാഗിങ്ങുമായി ബന്ധപ്പെട്ട് 2 പേര്‍കൂടി ഗാന്ധിനഗര്‍ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.
സംഭവത്തില്‍ ദേശീയ, സംസ്ഥാന മനുഷ്യാവകാശ കമ്മിഷനുകള്‍ കേസെടുത്തു. 10 ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കണമെന്ന് സംസ്ഥാന പൊലീസ് മേധാവിക്ക് ദേശീയ കമ്മിഷന്‍ നിര്‍ദേശം നല്‍കി. സഹ്യാദ്രി റൈറ്റ്സ് ഫോറം നല്‍കിയ പരാതിയിലാണു കമ്മിഷന്റെ ഇടപെടല്‍. രണ്ടാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കണമെന്നാണ് ജില്ലാ പൊലീസ് മേധാവിക്ക് സംസ്ഥാന കമ്മിഷന്‍ നല്‍കിയ നിര്‍ദേശം. നഴ്‌സിങ് കോളജ് പ്രിന്‍സിപ്പലും വിശദീകരണം സമര്‍പ്പിക്കണം.


Discover more from MALAYALAM

Subscribe to get the latest posts sent to your email.

Leave a comment

Leave a Reply