
അലഹബാദ്: കോൺഗ്രസ് നേതാവും ലോക്സഭാ എംപിയുമായ രാഹുൽ ഗാന്ധിയുടെ പൗരത്വം സംബന്ധിച്ച് വീണ്ടും പൊതുതാത്പര്യഹർജി. ബിജെപി എംപി വിഘ്നേഷ് ശിശിറാണ് ഹർജിയുമായി അലഹബാദ് ഹൈക്കോടതിയെ സമീപിച്ചത്. ഇതേ വിഷയത്തിൽ വിഘ്നേഷ് സമർപ്പിച്ച ഹർജി അലഹബാദ് ഹൈക്കോടതി നേരത്തേ തള്ളിയിരുന്നു.
പൗരത്വം സംബന്ധിച്ച ഒരു ഹർജി കോടതി തീർപ്പാക്കിയതിന് പിന്നാലെയാണ് പുതിയ ഹർജി എത്തിയിരിക്കുന്നത്. രാഹുലിന്റെ പൗരത്വം റദ്ദാക്കണമെന്നും ഇങ്ങനെയൊരു വിഷയം നിലനിൽക്കുന്ന സമയത്ത് വിദേശ യാത്ര ചെയ്യാൻ അനുവദിക്കരുതെന്നുമാണ് ഹർജിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്. വിഷയത്തിൽ തീരുമാനമെടുക്കാനുള്ള സമയപരിധി നിശ്ചയിക്കാൻ കഴിയില്ലെന്ന് കേന്ദ്രം അറിയിച്ചതിനെ തുടർന്ന് മറ്റ് നിയമ നടപടികൾ സ്വീകരിക്കാൻ ഡിവിഷൻ ബെഞ്ച് വിഘ്‌നേഷിന് സ്വാതന്ത്ര്യം നൽകി.
അടുത്തയാഴ്ചയാണ് ഈ ഹർജി കോടതി പരിഗണിക്കുക. രാഹുൽ ഗാന്ധി ഒരേസമയം ഇന്ത്യൻ പൗരത്വവും യുകെ പൗരത്വവും ഉള്ളയാളാണ്. ഇരട്ട പൗരത്വമുള്ളയാൾ എങ്ങനെയാണ് എംപിയായതെന്നും ഇത് അനുവദിക്കാൻ പാടില്ലെന്നുമാണ് ഹർജിയുടെ ഉള്ളടക്കം. രാഹുലിന്റെ പാസ്പോർട്ട് റദ്ദാക്കണമെന്നും എംപിക്കെതിരെ ക്രിമിനൽ കേസെടുക്കണമെന്നും ഹർജിക്കാരൻ ആവശ്യപ്പെടുന്നു. ഹർജി തീർപ്പാകും വരെ രാഹുൽ വിദേശയാത്ര ചെയ്യാൻ പാടില്ലെന്നും അല്ലെങ്കിൽ രാഹുൽ നാടുവിടുമെന്നും ബിജെപി എംപി ആരോപിക്കുന്നു.
നേരത്തേ സമർപ്പിച്ച ഹർജിയിൽ രാഹുൽ ഗാന്ധിയുടെ തിരഞ്ഞെടുപ്പ് വിജയം റദ്ദാക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷണറോട് നിർദേശിക്കണം എന്നതായിരുന്നു ആവശ്യം. കൂടാതെ സിബിഐ അന്വേഷണവും ആവശ്യപ്പെട്ടിരുന്നു. ഈ ഹർജി അലഹബാദ് ഹൈക്കോടതി തള്ളുകയായിരുന്നു. തുടർന്നാണ് വീണ്ടും ഹർജിയുമായി വിഘ്നേഷ് രംഗത്തുവന്നിരിക്കുന്നത്.
Discover more from MALAYALAM
Subscribe to get the latest posts sent to your email.