
തിരുവനന്തപുരം: മുന്‍ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍ ബിജെപി സംസ്ഥാന അധ്യക്ഷനാകും. കോര്‍കമ്മിറ്റി യോഗത്തില്‍ ദേശീയ നേതൃത്വമാണ് അദ്ദേഹത്തിന്റെ പേര് നിര്‍ദേശിച്ചതെന്നാണ് പുറത്തുവരുന്ന വിവരം.
രാജീവ് ചന്ദ്രശേഖറിനു പുറമെ, ജനറല്‍സെക്രട്ടറി എം.ടി. രമേശ്, മുന്‍പ്രസിഡന്റ് വി. മുരളീധരന്‍, ശോഭാ സുരേന്ദ്രന്‍ എന്നിവരായിരുന്നു പട്ടികയിലുണ്ടായിരുന്ന മറ്റ് നേതാക്കള്‍. ഇവരെയെല്ലാം മറികടന്നാണ് കേരളത്തിലെ പാര്‍ട്ടിയെ നയിക്കാന്‍ രാജീവ് ചന്ദ്രശേഖര്‍ എത്തുന്നത്. കോര്‍ കമ്മിറ്റിയോഗം തുടങ്ങിയ ഉടന്‍ ദേശീയ നേതൃത്വം പേര് നിര്‍ദേശിച്ചു എന്നാണ് വിവരം.
രണ്ടുപതിറ്റാണ്ടിന്റെ രാഷ്ട്രീയ അനുഭവ സമ്പത്തുമായാണ് രാജീവ് ചന്ദ്രശേഖര്‍ ബിജെപിയുടെ സംസ്ഥാന അധ്യക്ഷനാകുന്നത്. രണ്ടാം മോദി സര്‍ക്കാരില്‍ ഐടി ആന്റ് ഇലക്ട്രോണിക്‌സിന്റെയും നൈപുണ്യവികസനത്തിന്റെയും ചുമതലയുള്ള കേന്ദ്ര സഹമന്ത്രിയായിരുന്നു അദ്ദേഹം. കര്‍ണാടകയില്‍നിന്ന് മൂന്ന് തവണ രാജ്യസഭയിലെത്തി.
ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടിന് അദ്ദേഹം നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും. പ്രകാശ് ജാവഡേക്കറാണ് അദ്ദേഹത്തിന്റെ പേര് കോര്‍കമ്മിറ്റി യോഗത്തെ അറിയിച്ചത്. മത്സരം ഒഴിവാക്കാന്‍ കോര്‍കമ്മിറ്റിയിലെ ധാരണയ്ക്കുശേഷം ഒരാളില്‍നിന്നുമാത്രമേ പത്രിക സ്വീകരിക്കാന്‍ സാധ്യതയുള്ളൂ എന്ന വിവരം നേരത്തെതന്നെ പുറത്തുവന്നിരുന്നു.
ഞായറാഴ്ച ഉച്ചയ്ക്ക് രണ്ട് മുതല്‍ മൂന്നുവരെയാണ് പത്രിക സമര്‍പ്പിക്കാനുള്ള സമയം. നാലിനാണ് സൂക്ഷ്മപരിശോധന. ഒരാളേ പത്രികനല്‍കുന്നുള്ളൂവെങ്കില്‍ ഞായറാഴ്ച ഉച്ചയ്ക്കുശേഷംതന്നെ പ്രസിഡന്റ് ആരാണെന്നറിയാം എന്ന സൂചനയും നേരത്തെതന്നെ ഉണ്ടായിരുന്നു. തിങ്കളാഴ്ച ഇനി ഔദ്യോഗികപ്രഖ്യാപനമേ നടക്കേണ്ടതുള്ളൂ.
തിങ്കളാഴ്ച 11-ന് കവടിയാര്‍ ഉദയ് പാലസ് കണ്‍വെന്‍ഷന്‍ സെന്ററിലാണ് പ്രഖ്യാപന സമ്മേളനം. തിങ്കളാഴ്ച കേരളത്തില്‍നിന്നുള്ള ദേശീയകൗണ്‍സില്‍ അംഗങ്ങളെയും തിരഞ്ഞെടുക്കുന്നുണ്ട്.
ബി.ജെ.പി. സംസ്ഥാന പ്രസിഡന്റാകാന്‍ സാധ്യതയുള്ളവരുടെ പട്ടികയില്‍ താനുമുണ്ടെന്നു അഭ്യൂഹങ്ങള്‍ രാജീവ് ചന്ദ്രശേഖര്‍ തള്ളിയിരുന്നില്ല. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്ത് സ്ഥാനാര്‍ഥിയായിരുന്ന രാജീവ് ചന്ദ്രശേഖര്‍ തലസ്ഥാനത്ത് അടുത്തിടെയായി സജീവമായിരുന്നു. പൊതുവിഷയങ്ങളില്‍ അഭിപ്രായംപറയുകയും ഇടപെടുകയും ചെയ്തിരുന്നു. തിരുവനന്തപുരത്ത് ഇടയ്ക്കിടെ വന്നുപോകുന്നതിനാല്‍ അദ്ദേഹം പാര്‍ട്ടി അധ്യക്ഷനാകുമെന്ന അഭ്യൂഹം ശക്തമാവുകയും ചെയ്തു. എന്നാല്‍, വോട്ടുചെയ്തവരെ കാണാനാണ് എല്ലാ മാസവും തിരുവനന്തപുരത്തു വരുന്നതെന്നാണ് അദ്ദേഹം പ്രതികരിച്ചത്.
Discover more from MALAYALAM
Subscribe to get the latest posts sent to your email.