
പത്ത് ദിവസത്തെ സസ്പെന്‍സിന് ശേഷം ഡല്‍ഹിയുടെ പുതിയ മുഖ്യമന്ത്രിയെ പ്രഖ്യാപിച്ചിരിക്കുന്നു. കയാണ് ബി.ജെ.പി. ഷാലിമാര്‍ ബാഗ് മണ്ഡലത്തില്‍ നിന്നുള്ള എം.എല്‍.എയായ രേഖ ഗുപ്ത സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുന്നതോടെ ഡല്‍ഹിയുടെ നാലാമത്തെ വനിതാ മുഖ്യമന്ത്രി കൂടിയാകും രേഖ ഗുപ്ത. ആദ്യമായി എം.എല്‍.എയായപ്പോള്‍ തന്നെയാണ് 50-കാരിയായ രേഖയെ തേടി മുഖ്യമന്ത്രി സ്ഥാനവുമെത്തുന്നത്.
ഇതിന് മുമ്പ് സുഷമ സ്വരാജ്, ഷീല ദീക്ഷിത്, അതിഷി എന്നിവരാണ് ഡല്‍ഹിയുടെ ഭരണചക്രം തിരിച്ച വനിതകള്‍. 1998-ല്‍ കേവലം 52 ദിവസം മാത്രം മുഖ്യമന്ത്രിയായ സുഷമ സ്വരാജായിരുന്നു ഡല്‍ഹിയിലെ ബി.ജെ.പിയുടെ അവസാന മുഖ്യമന്ത്രി. 27 വര്‍ഷത്തിനുശേഷം വീണ്ടും ഡല്‍ഹിയില്‍ അധികാരത്തിലെത്തുമ്പോള്‍ മുഖ്യമന്ത്രിയായി വനിതയെ തന്നെ തിരഞ്ഞെടുത്തതിലൂടെ ഡല്‍ഹിക്കപ്പുറമുള്ള രാഷ്ട്രീയം കൂടിയാണ് ബി.ജെ.പി. ലക്ഷ്യമിടുന്നത്.
ഹരിയാണയിലെ ജുലാനയില്‍ 1974 ജൂലൈ 19-നാണ് രേഖ ഗുപ്ത ജനിച്ചത്. പിതാവിന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ മാനേജരായി ജോലി ലഭിച്ചതോടെയാണ് രേഖയുടെ കുടുംബം ഡല്‍ഹിയിലേക്ക് ചേക്കേറിയത്. ഡല്‍ഹിയിലാണ് രേഖ ഗുപ്ത തന്റെ പഠനം പൂര്‍ത്തിയാക്കിയത്.
കുട്ടിക്കാലം മുതലേ ആര്‍.എസ്.എസ്സില്‍ ചേര്‍ന്നു പ്രവര്‍ത്തിച്ച രേഖ ഗുപ്ത 1992-ല്‍ ഡല്‍ഹി സര്‍വ്വകലാശാലയിലെ ദൗളത് റാം കോളേജിലെ പഠനകാലത്ത് എ.ബി.വി.പിയിലൂടെയാണ് വിദ്യാര്‍ഥി രാഷ്ട്രീയത്തിലേക്ക് ചുവടുവെച്ചത്. 1996-1997 വര്‍ഷത്തില്‍ ഡല്‍ഹി സര്‍വ്വകലാശാലാ വിദ്യാര്‍ഥി യൂണിയന്റെ (ഡി.യു.എസ്.യു) പ്രസിഡന്റായി. ഡി.യു.എസ്.യുവിന്റെ ജനറല്‍ സെക്രട്ടറി ചുമതലയും രേഖ ഗുപ്ത വഹിച്ചിരുന്നു. 2003 മുതല്‍ 2004 വരെ ഡല്‍ഹി യുവമോര്‍ച്ചയുടെ സെക്രട്ടറിയും 2004 മുതല്‍ 2006 വരെ യുവമോര്‍ച്ചയുടെ ദേശീയ സെക്രട്ടറിയുമായിരുന്നു.
പിന്നീട് ബി.ജെ.പിയില്‍ ചേര്‍ന്നുപ്രവര്‍ത്തിച്ച രേഖ ഗുപ്ത 2007-ലാണ് തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലെത്തുന്നത്. ആ വര്‍ഷം നടന്ന ഡല്‍ഹി മുന്‍സിപ്പല്‍ തിരഞ്ഞെടുപ്പില്‍ 54-ാം വാര്‍ഡായ ഉത്തരി പീതാംപുരയില്‍ നിന്ന് അവര്‍ കൗണ്‍സിലറായി തിരഞ്ഞെടുക്കപ്പെട്ടു. 2009 വരെ ഡല്‍ഹി മുന്‍സിപ്പല്‍ കോര്‍പ്പറേഷനിലെ വനിതാ ക്ഷേമ-ശിശുവികസന സമിതിയുടെ അധ്യക്ഷയായിരുന്നു. 2012-ല്‍ 54-ാം വാര്‍ഡായ നോര്‍ത്ത് പീതാംപുരയില്‍ നിന്ന് വീണ്ടും കൗണ്‍സിലറായി തിരഞ്ഞെടുക്കപ്പെട്ടു. 2022-ലെ മുന്‍സിപ്പല്‍ തിരഞ്ഞെടുപ്പില്‍ ഷാലിമാര്‍ ബാഗ്-ബി വാര്‍ഡില്‍ വിജയിച്ച രേഖ ഗുപ്തയായിരുന്നു ബി.ജെ.പിയുടെ മേയര്‍ സ്ഥാനാര്‍ഥി. അന്ന് വലിയ തര്‍ക്കങ്ങള്‍ക്കൊടുവില്‍ ആം ആദ്മി പാര്‍ട്ടിയുടെ ഷെല്ലി ഒബ്റോയ് രേഖ ഗുപ്തയെ 34 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തി ഡല്‍ഹിയുടെ ആദ്യ വനിതാ മേയറായി തിരഞ്ഞെടുക്കപ്പെടുകയായിരുന്നു.
ഇക്കാലയളവില്‍ ബി.ജെ.പിയിലെ വിവിധ പദവികളും രേഖ ഗുപ്ത അലങ്കരിച്ചിരുന്നു. 2010-ല്‍ അവര്‍ ബി.ജെ.പിയുടെ നാഷണല്‍ എക്സിക്യുട്ടീവ് അംഗമായി. മഹിളാ മോര്‍ച്ചയുടെ ദേശീയ വൈസ് പ്രസിഡന്റായ രേഖ ഗുപ്ത ബി.ജെ.പി. ഡല്‍ഹി ഘടകത്തിന്റെ ജനറല്‍ സെക്രട്ടറിയുമായിരുന്നു.
ദൗളത് റാം കോളേജില്‍ നിന്ന് ബിരുദപഠനം പൂര്‍ത്തിയാക്കിയ രേഖ ഗുപ്ത മീററ്റിലെ ചൗധരി ചരണ്‍ സിങ് സര്‍വ്വകലാശാലയില്‍ നിന്ന് എല്‍.എല്‍.ബി. ബിരുദവും നേടിയിട്ടുണ്ട്. മനീഷ് ഗുപ്തയാണ് ഭര്‍ത്താവ്. ഹര്‍ഷിത ഗുപ്ത, നികുഞ്ജ് ഗുപ്ത എന്നിവര്‍ മക്കളാണ്. തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് സമര്‍പ്പിച്ച സത്യവാങ്മൂലം പ്രകാരം മൂന്നരക്കോടിയുടെ സ്വത്താണ് രേഖ ഗുപ്തയ്ക്കുള്ളത്.
സത്യപ്രതിജ്ഞ ചെയ്യുന്നതോടെ രാജ്യത്തെ ബി.ജെ.പിയുടെ ഏക വനിതാ മുഖ്യമന്ത്രിയാകും രേഖ ഗുപ്ത. സാക്ഷാല്‍ അരവിന്ദ് കെജ്രിവാളിനെ പരാജയപ്പെടുത്തിയ പര്‍വേശ് വര്‍മ്മയെ പോലും മാറ്റിനിര്‍ത്തിയാണ് രേഖ ഗുപ്തയെ ഡല്‍ഹിയുടെ മുഖ്യമന്ത്രിയായി ബി.ജെ.പി. തിരഞ്ഞെടുത്തത്. സാമുദായിക സമവാക്യങ്ങള്‍ തന്നെയാണ് രേഖ ഗുപ്തയെ മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കാന്‍ കാരണമായി രാഷ്ട്രീയനിരീക്ഷകര്‍ പറയുന്നത്.
ബനിയ വിഭാഗത്തില്‍ പെട്ടയാളാണ് രേഖ ഗുപ്ത. ഈ വിഭാഗത്തില്‍ നിന്നുള്ള എം.എല്‍.എയാകും ഡല്‍ഹിയുടെ അടുത്ത മുഖ്യമന്ത്രിയെന്ന് നേരത്തേ തന്നെ ബി.ജെ.പി. കേന്ദ്രങ്ങളില്‍ നിന്ന് സൂചന ലഭിച്ചിരുന്നു. ഡല്‍ഹിയില്‍ ശക്തമായ വോട്ട് അടിത്തറയുള്ള സമുദായമാണ് ബനിയ. ഡല്‍ഹിക്ക് പുറമെ രാജസ്ഥാന്‍, ഗുജറാത്ത് എന്നിവിടങ്ങളിലും ബനിയ വിഭാഗം ശക്തമാണ് എന്നതിനാല്‍ ബി.ജെ.പിയുടെ ദീര്‍ഘവീക്ഷണത്തോടെയുള്ള രാഷ്ട്രീയതീരുമാനമാണ് രേഖ ഗുപ്തയുടെ മുഖ്യമന്ത്രിപദമെന്ന് നിസ്സംശയം പറയാം.
Discover more from MALAYALAM
Subscribe to get the latest posts sent to your email.