
ലക്നൗ: ഉത്തർപ്രദേശിലെ അമേഠിയിൽ വിവാഹാഘോഷത്തിനിടെ തന്തൂരി റൊട്ടിയെ ചൊല്ലിയുണ്ടായ തർക്കം കലാശിച്ചത് ഇരട്ടക്കൊലപാതകത്തിൽ. തന്തൂരി റൊട്ടി ആർക്ക് ആദ്യം ലഭിക്കുമെന്ന തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. 17കാരനായ ആശിഷ്, 18 കാരനായ രവി എന്നിവരാണ് ആൾക്കൂട്ട ആക്രമണത്തിൽ കൊലപ്പെട്ടത്. സംഭവത്തിൽ അഞ്ച് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.
ഗൗരിഗഞ്ച് പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള സരായ് ഹൃദയ് ഷാ ഗ്രാമത്തിൽ ഞായറാഴ്ച പുലർച്ചെയാണ് സംഭവം. ശനിയാഴ്ച അർധരാത്രി നടന്ന വിവാഹ വിരുന്നിനിടെ ബന്ധുക്കളായ ആശിഷും രവിയും ഭക്ഷണം കഴിക്കാനായി തന്തൂരി റൊട്ടി കൗണ്ടറിന് മുന്നില്‍ കാത്തുനിൽക്കുകയായിരുന്നു. പിന്നാലെ വരന്‍റെ ബന്ധുവായ രോഹിത്തുമായി തർക്കമുടലെടുത്തു. ആർക്ക് ആദ്യം തന്തൂരി റൊട്ടി ലഭിക്കുമെന്നായിരുന്നു മൂവരും തമ്മിലുള്ള തർക്കം.
പിന്നീട് രണ്ട് സംഘങ്ങളായി തിരിഞ്ഞ് വാക്കുതർക്കത്തിലേർപ്പെടുകയും പരസ്പരം അധിക്ഷേപിക്കുകയും ചെയ്തു. തുടർന്ന് ആശിഷും രവിയും ഭക്ഷണം കഴിക്കാതെ വിവാഹവീട്ടിൽ നിന്നുമിറങ്ങിപ്പോവുകയായിരുന്നു. എന്നാൽ ഇവരെ പിന്തുടർന്നെത്തിയ രോഹിത്തും സംഘവും ഇരുമ്പ് വടികളും ഹോക്കി സ്റ്റിക്കുകളും ലാത്തികളും ഉപയോഗിച്ച് അതിക്രൂരമായി കൗമാരക്കാരായ വിദ്യാർത്ഥികളെ തല്ലിക്കൊല്ലുകയായിരുന്നു. ഇരുവരും ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും ക്രൂരമായ അക്രമണത്തെ തുടര്‍ന്ന് വഴിയില്‍ വീണു പോയ ഇരുവരും ചോരവാര്‍ന്നാണ് മരിച്ചതെന്ന് പൊലീസ് പറയുന്നു.
ഗുരുതരമായി പരിക്കേറ്റ ഇരുവരെയും നാട്ടുകാരാണ് ആശുപത്രിയിലെത്തിച്ചത്. എന്നാല്‍ വഴി മധ്യേ ഇരുവരും മരിച്ചു. ആശിഷിന്‍റെ അച്ഛന്‍റെ പരാതിയില്‍ 13 പേര്‍ക്കെതിരെ കൊലപാതകത്തിന് കേസെടുത്തു. കൂടുതൽ പ്രതികളെ കണ്ടെത്താനുള്ള അന്വേഷണത്തിലാണ് പൊലീസ്.
Discover more from MALAYALAM
Subscribe to get the latest posts sent to your email.