
കോട്ടയം: കേരള കോണ്‍ഗ്രസ് ഡമോക്രാറ്റിക് സംസ്ഥാന ചെയര്‍മാന്‍ സജി മഞ്ഞക്കടമ്പിലും അനുയായികളും തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. കോട്ടയത്ത് തൃണമൂല്‍ സംസ്ഥാന കോ-ഓര്‍ഡിനേറ്റര്‍ പി.വി.അന്‍വറിന്റെ സാന്നിധ്യത്തിലായിരുന്നു പാര്‍ട്ടി പ്രവേശനം. നിലവില്‍ തൃണമൂലുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്നും ദേശീയനേതാക്കള്‍ ഉള്‍പ്പെടെ പങ്കെടുക്കുന്ന വിപുലമായ ലയന സമ്മേളനം ഏപ്രിലില്‍ കോട്ടയത്ത് നടത്തുമെന്നും സജി അന്‍വറിനൊപ്പം നടത്തിയ സംയുക്ത വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.മുന്നണിയുടെ ക്രിസ്ത്യന്‍ മുഖമായി അവതരിപ്പിച്ചിരുന്ന സജിയുടെ ചുവടുമാറ്റം എന്‍ഡിഎയ്ക്ക് അപ്രതീക്ഷിത അടിയായി.
തൃണമൂല്‍ കോണ്‍ഗ്രസിലൂടെ വീണ്ടും യുഡിഎഫിലേക്കു മടങ്ങിവരാനാണു സജിയുടെ ശ്രമം. കേരള കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പ് മുന്‍ ജില്ലാ അധ്യക്ഷനും യുഡിഎഫ് ജില്ലാ ചെയര്‍മാനുമായിരുന്ന സജി മോന്‍സ് ജോസഫുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്നാണ്‌കേരള കോണ്‍ഗ്രസ് വിട്ട് സ്വന്തം പാര്‍ട്ടി രൂപീകരിച്ചത്. തുടര്‍ന്ന് എന്‍ഡിഎയുടെ ഭാഗമായി. അതേസമയം, സജിയുടെ പാര്‍ട്ടി മാറ്റം കേരള കോണ്‍ഗ്രസ് ഡമോക്രാറ്റിക്കിനെ ബാധിക്കില്ലെന്ന് പാര്‍ട്ടി സംസ്ഥാന വര്‍ക്കിംഗ് ചെയര്‍മാന്‍ രഞ്ജിത്ത് ഏബ്രഹാം ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി. പാര്‍ട്ടിയില്‍ ഉള്ളത് ബിജെപിയോട് അനുഭാവമുള്ളവരാണെന്നും അവരാരും സജിക്കൊപ്പം പാര്‍ട്ടി വിട്ടിട്ടില്ലെന്നുമാണ് അദ്ദേഹം പറയുന്നത്.
Discover more from MALAYALAM
Subscribe to get the latest posts sent to your email.