ഫിറ്റ്നസ് സംബന്ധമായ കാര്യങ്ങൾ നിരന്തരം സാമൂഹികമാധ്യമത്തിൽ പങ്കുവെക്കുന്ന താരമാണ് നടി സമീര റെഡ്ഡി. പ്രായമാകുംതോറും ശരീരത്തിനുണ്ടാകുന്ന മാറ്റങ്ങളെ പുൽകുന്നതിനേക്കുറിച്ചും ബോഡിപോസിറ്റിവിറ്റിയേക്കുറിച്ചുമൊക്കെ സമീര പങ്കുവെക്കാറുണ്ട്. വർഷങ്ങളോളം വണ്ണംകുറയ്ക്കാൻ പാടുപെട്ടിരുന്നയാളാണ് താനെന്നും ഫിറ്റ്നസ് കാത്തുസൂക്ഷിക്കുന്നതിൽ വിട്ടുവീഴ്ച ചെയ്യാതെ മുന്നോട്ടു പോവാനുണ്ടായ തീരുമാനത്തേക്കുറിച്ചും പങ്കുവെക്കുകയാണ് സമീര.

പലതരം ഡയറ്റുകൾ മാറിമാറി പരീക്ഷിച്ചതിനുശേഷം തന്റെ നാൽപത്തിയാറാം വയസ്സിലാണ് ശരിയായ രീതിയിൽ ആരോ​ഗ്യത്തെ കാക്കാൻ തുടങ്ങിയതെന്ന് സമീര പറയുന്നു. ഇന്ത്യൻ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിലാണ് സമീര ഇക്കാര്യങ്ങൾ പങ്കുവെച്ചത്. വണ്ണം പെട്ടെന്ന് കുറയ്ക്കുക എന്നതിനേക്കാൾ കരുത്താർന്ന, ആരോ​ഗ്യകരമായ ശരീരമായിരുന്നു തന്റെ ലക്ഷ്യമെന്ന് സമീര പറയുന്നു. മെലിഞ്ഞിരിക്കുന്നതല്ല മറിച്ച് കരുത്തോടെ ആത്മവിശ്വാസത്തോടെ മുന്നോട്ടുപോവലാണ് പ്രധാനമെന്ന് മനസ്സിലാക്കി. ഇത് വണ്ണംകുറയ്ക്കുന്നതിൽ വലിയ മാറ്റമുണ്ടാക്കിയെന്നും സമീര പറയുന്നു.

സമീകൃതാഹാരം ശീലമാക്കിയതാണ് വണ്ണംകുറയ്ക്കലിന് സഹായിച്ച മറ്റൊരു ഘടകമെന്ന് സമീര പറയുന്നു. കടുത്ത ഡയറ്റുകൾക്ക് പുറകെ പോവാതെ മിതമായ രീതിയിൽ സമീകൃതാഹാരം കഴിക്കാൻ തുടങ്ങി. കാർബോ​ഹൈഡ്രേറ്റ് പൂർണമായി ഒഴിവാക്കുക എന്നത് തന്റെ രീതിയേ ആയിരുന്നില്ല. വർക്കൗട്ടിനെ അടിസ്ഥാനമാക്കിയാണ് ആഹാരം കഴിച്ചത്. പെട്ടെന്നുള്ള ഹ്രസ്വകാലത്തേക്കുള്ള വണ്ണംകുറയലിന് പകരം സ്ഥായിയായ മാറ്റത്തിന് വേണ്ടിയാണ് പ്രവർത്തിച്ചത്.

മറ്റൊരു പ്രധാനപ്പെട്ട കാര്യം സ്വയംപ്രചോദനം നൽകലാണെന്നും സമീര അവസാനമായി കൂട്ടിച്ചേർക്കുന്നു. ഓരോരുത്തരും അവനവനുവേണ്ടി പ്രശംസിക്കാൻ പഠിക്കണം. യാഥാർഥ്യവുമായി ബന്ധപ്പെട്ടുള്ള ലക്ഷ്യങ്ങൾ മുൻനിർത്തിയാണ് പ്രവർത്തിക്കേണ്ടതെന്നും അവ സ്ഥായിയായിരിക്കണമെന്നും സമീര കൂട്ടിച്ചേർക്കുന്നു.

ആരോ​ഗ്യകരമായ ശരീരം കാക്കാൻ ചില ടിപ്സ്

  • പുറത്തുനിന്നുള്ള ഭക്ഷണം പരമാവധി ഒഴിവാക്കുക.
  • കഴിക്കുന്ന ഭക്ഷണത്തിൽ അടങ്ങിയിരിക്കുന്ന പോഷകങ്ങൾ എന്തൊക്കെയാണെന്ന് അറിഞ്ഞു കഴിക്കുക.
  • പച്ചക്കറികളും പഴങ്ങളും ധാരാളം ഉൾപ്പെടുത്തുക.
  • ഭക്ഷണം കൃത്യസമയത്ത് കഴിക്കുക. രാവിലെ ഒമ്പത് മണിക്ക് മുൻപ് ബ്രേക്ക്ഫാസ്റ്റും ഒന്നരയ്ക്ക് മുൻപ് ഉച്ചഭക്ഷണവും രാത്രി എട്ടരയ്ക്ക് മുൻപ് ഡിന്നറും കഴിക്കാൻ ശ്രമിക്കുക.
  • ഉറങ്ങുന്നതിന് രണ്ട് മണിക്കൂർ മുൻപെങ്കിലും ഭക്ഷണം അവസാനിപ്പിക്കുക.
  • വ്യയാമം, ഉറക്കം, വെള്ളംകുടി എന്നിവ കൂടി ശരിയായ നിലയിൽ കൊണ്ടുപോകണം. എങ്കിലേ വണ്ണം കുറയ്ക്കൽ വിജയകരമാകൂ.
  • ഒരു ദിവസം 8-12 ഗ്ലാസ് വെള്ളം കുടിക്കണം.
  • വറുത്ത പലഹാരങ്ങൾക്ക് പകരം പഴമോ നട്സുകളോ സ്നാക്ക് ആയി കഴിക്കുന്നത് ശീലമാക്കുക.
  • പഞ്ചസാരയുടെ അളവ് കുറയ്ക്കാം.
  • ഭക്ഷണം സാവധാനം നന്നായി ചവച്ചരച്ച് കഴിക്കണം. അത് അമിതമായി ഭക്ഷണം കഴിക്കുന്നതിനെ തടയുകയും ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുകയും ചെയ്യും.
  • ടിവിയോ മൊബൈലോ കണ്ട് ഭക്ഷണം കഴിക്കുന്ന ശീലവും ഒഴിവാക്കണം.

Discover more from MALAYALAM

Subscribe to get the latest posts sent to your email.

Leave a comment

Leave a Reply