
കൊച്ചി: പ്രൊഡക്ഷൻ കൺട്രോളർ റെനി ജോസഫ് വധഭീഷണി മുഴക്കിയ സംഭവത്തിൽ പരാതി നൽകി രണ്ടു മാസമായിട്ടും പോലീസ് നടപടിയെടുത്തില്ലെന്ന് നിർമാതാവും നടിയുമായ സാന്ദ്രാ തോമസ് . ഫെഫ്കയുടെ സ്വാധീനമാണ് ഇതിനുപിന്നിലെന്നും അവർ ആരോപിച്ചു.
സിനിമാ നിർമാണത്തിന് പ്രൊഡക്ഷൻ കൺട്രോളർമാർ ആവശ്യമില്ലെന്ന സാന്ദ്രയുടെ പരാമർശത്തിനു പിന്നാലെയാണ് റെനി ജോസഫ് ഭീഷണി മുഴക്കിയത്. ഇക്കാര്യം സ്ഥിരീകരിക്കുന്ന റെനി ജോസഫിന്റെ ശബ്ദ സന്ദേശവും പുറത്തുവന്നിട്ടുണ്ട്. മാർച്ച് മാസം നൽകിയ പരാതിയിൽ പോലീസിന്റെ ഭാഗത്തുനിന്ന് അന്വേഷണമൊന്നും ഉണ്ടായിട്ടില്ലെന്നാണ് സാന്ദ്ര പറയുന്നത്.
പ്രൊഡക്ഷൻ കൺട്രോളർമാർ ആവശ്യമില്ലെന്ന പരാമർശത്തിനു പിന്നാലെ പലരും വിളിച്ചിരുന്നെന്നും റെനി ജോസഫ് അധിക്ഷേപകരമായാണ് സംസാരിച്ചതെന്നും സാന്ദ്രാ തോമസ് വ്യക്തമാക്കുന്നു. നിർമാതാക്കളുടെ സംഘടനയ്ക്കകത്ത് ഉൾപ്പെടെ പലപ്പോഴും ചർച്ചചെയ്യപ്പെടുന്ന കാര്യമാണിത്. എന്റെ അനുഭവവും അഭിപ്രായവുമാണ് ഞാൻ പറഞ്ഞത്. രാത്രിയാണ് റെനി ജോസഫ് വിളിച്ചത്. പിന്നീട് സംസാരിക്കാമെന്ന് പറഞ്ഞ് ഫോൺ വെച്ച ശേഷവും വീണ്ടും വീണ്ടും വിളിച്ചു. ഇതേത്തുടർന്ന് നമ്പർ ബ്ലോക്ക് ചെയ്ത് പരാതിപ്പെടുകയായിരുന്നു- സാന്ദ്ര കൂട്ടിച്ചേർത്തു
റെനി ജോസഫിന്റെ സന്ദേശത്തെ അനുകൂലിച്ച് മറ്റ് അംഗങ്ങളും വാട്ട്‌സാപ്പ് ഗ്രൂപ്പില്‍ പ്രതികരിച്ചതായി സാന്ദ്ര തോമസ് മാധ്യമങ്ങളോട് പ്രതികരിച്ചു. താനും മക്കളും മാത്രം വീട്ടിലുള്ളപ്പോഴാണ് പ്രൊഡക്ഷൻ കൺട്രോളർ റെനി ജോസഫ് ഫെഫ്കയുമായി ബന്ധപ്പെട്ട വിഷയം സംസാരിക്കാനായി തന്നെ രാത്രി വിളിക്കുന്നത്. മക്കളെ ഉറക്കാൻ പോകുകയാണെന്നും രാവിലെ സംസാരിക്കാമെന്നും താൻ പറഞ്ഞെങ്കിലും തുടർച്ചയായി കോളുകൾ വന്നപ്പോൾ താൻ കോളെടുക്കുകയായിരുന്നുവെന്നും സാന്ദ്ര തോമസ് പറഞ്ഞു. തുടർന്ന് വളരെ മോശമായി റെനി സംസാരിച്ചപ്പോൾ കോൾ കട്ടാക്കി ബ്ലോക്ക് ചെയ്ത് പോലീസിനെ അറിയിച്ചു, അന്ന് രാത്രി ഒരു പോലീസിനെ സംരക്ഷണത്തിനായി വിട്ടുനൽകി. പിറ്റേന്ന് രാവിലെ പോലീസെത്തി എഫ്ഐആർ ഇട്ടെങ്കിലും പിന്നീട് പോലീസിൻ്റെ ഭാഗത്തുനിന്ന് പ്രതികരണമൊന്നുമുണ്ടായില്ല. പിന്നാലെ ഫെഫ്കയുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ സാന്ദ്രയുമായി നടത്തിയ ഫോൺ സംഭാഷണത്തിൻ്റെ വിവരങ്ങൾ റെനി തന്നെ പങ്കുവെക്കുകയായിരുന്നു.
രണ്ടുമാസം മുന്‍പ് ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍മാര്‍ക്കെതിരേ സാന്ദ്രാ തോമസ് രംഗത്തെത്തിയത്. അഭിമുഖത്തിലെ സാന്ദ്രയുടെ പരാമര്‍ശത്തിനെതിരേ ഫെഫ്ക പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്‌സ് യൂണിയന്‍ കോടതിയെ സമീപിച്ചിരുന്നു.
പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ എന്ന തസ്തിക ഇനി മലയാള സിനിമയില്‍ ആവശ്യമില്ലെന്നായിരുന്നു സാന്ദ്രാ തോമസിന്റെ പരാമര്‍ശം. അവരിപ്പോള്‍ ആര്‍ട്ടിസ്റ്റ് മാനേജേഴ്‌സ് ആണ്. ആ തസ്തികയുടെ പേര് മാറ്റി ആര്‍ട്ടിസ്റ്റ് മാനേജേഴ്‌സ് എന്നാക്കണം. പ്രൊഡക്ഷന്‍ കണ്‍ട്രോളിങ്ങല്ല അവര്‍ ചെയ്യുന്നത്. അതിനേക്കുറിച്ച് ഒരു ധാരണയുമില്ലാത്തവരാണവര്‍. ഇതുകേള്‍ക്കുന്ന പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍മാര്‍ തനിക്കെതിരെ വന്നാലും യാഥാര്‍ത്ഥ്യം ഇതാണ്.
പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ വന്ന് കാര്യങ്ങള്‍ ചെയ്യുമ്പോള്‍ എല്ലാം കട്ട് ചെയ്യും. തന്റെ കൂടെ പ്രവര്‍ത്തിച്ച പല പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍മാരും പൈസക്കാരായി ഫ്‌ളാറ്റും വീടും കാറുമെല്ലാം വാങ്ങിയിട്ടുണ്ട്. തനിക്ക് മനസിലാവാത്ത രീതിയില്‍ മോഷ്ടിച്ചോളൂ എന്ന് താന്‍ തന്നെ ചിലരോട് പറഞ്ഞിട്ടുണ്ട്. അതും ഗതികെട്ടിട്ടാണ് പറഞ്ഞത്. ഫെഫ്ക്ക വാളെടുക്കുന്നതുകൊണ്ടാണ് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍മാരെ ഒഴിവാക്കാത്തത്. അതിനുള്ള സ്വാതന്ത്ര്യം ഇവിടെ നിര്‍മാതാവിനില്ലെന്നും സാന്ദ്ര പറഞ്ഞിരുന്നു.