ന്യൂഡല്‍ഹി: അതിര്‍ത്തി കടന്നുള്ള ഭീകരപ്രവര്‍ത്തനത്തിനെതിരെയുള്ള ഇന്ത്യയുടെ പോരാട്ടവും ഓപ്പറേഷന്‍ സിന്ദൂറിന്റെ പശ്ചാത്തലവും വിദേശരാജ്യങ്ങള്‍ സന്ദര്‍ശിച്ച് വിശദീകരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ രൂപവത്കരിച്ച സര്‍വ്വകക്ഷിപ്രതിനിധിസംഘത്തിലേക്കുള്ള ക്ഷണം സ്വീകരിച്ച് കോണ്‍ഗ്രസ് എംപി ശശി തരൂര്‍. ദേശീയ താല്‍പര്യമുള്ള വിഷയമായതിനാലും തന്റെ സേവനം ആവശ്യമുള്ള സന്ദര്‍ഭമായതിനാലും ക്ഷണം താന്‍ അഭിമാനത്തോടെ സ്വീകരിക്കുന്നതായി ശശി തരൂര്‍ പ്രതികരിച്ചു. സാമൂഹിക മാധ്യമത്തിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.

“അടുത്തിടെയുണ്ടായ സംഭവങ്ങളെ കുറിച്ച് നമ്മുടെ രാജ്യത്തിന്റെ ഭാഗം അഞ്ച് പ്രധാന രാഷ്ട്രങ്ങളോട് വിശദമാക്കാനുള്ള സര്‍വ്വകക്ഷിപ്രതിനിധിസംഘത്തെ നയിക്കാനുള്ള കേന്ദ്രസര്‍ക്കാരിന്റെ ക്ഷണത്തില്‍ ഞാന്‍ അഭിമാനിക്കുന്നു. ദേശീയതാൽപ്പര്യം ഉയർന്നുവരികയും എന്റെ സേവനം അനിവാര്യമാവുകയും ചെയ്യുമ്പോൾ അതിനായി കാത്തിരിക്കുകയോ ആവശ്യപ്പെടുകയോ ചെയ്യില്ല, ജയ്ഹിന്ദ്”, ഇത്തരത്തിലാണ് തരൂരിന്റെ പോസ്റ്റ്.

അതേസമയം, പാര്‍ട്ടി നിര്‍ദ്ദേശിക്കാത്ത തരൂരിനെ പ്രതിനിധി സംഘത്തെ നയിക്കാന്‍ നിയോഗിച്ചതില്‍ കോണ്‍ഗ്രസിന് അതൃപ്തിയുണ്ട്. പ്രതിനിധി സംഘത്തിലേക്ക് ആളുകളെ നിര്‍ദ്ദേശിക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ രാഷ്ട്രീയപാര്‍ട്ടികളോട് ആവശ്യപ്പെട്ടിരുന്നു. നാലുപേരടങ്ങുന്ന പട്ടികയാണ് കോണ്‍ഗ്രസ് കൈമാറിയത്. മുന്‍ കേന്ദ്രമന്ത്രി ആനന്ദ് ശര്‍മ, മുന്‍ ലോക്സഭാ ഉപനേതാവ് ഗൗരവ് ഗൊഗോയ്, എംപിമാരായ സയീദ് നസീര്‍ ഹുസൈന്‍, രാജാ ബ്രാര്‍ എന്നിവരെയാണ് കോണ്‍ഗ്രസ് പ്രതിനിധി സംഘത്തിലേക്ക് നിര്‍ദ്ദേശിച്ചത്.

വെള്ളിയാഴ്ചയാണ് പ്രതിനിധികളെ നിര്‍ദ്ദേശിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രമന്ത്രി കിരണ്‍ റിജിജു പ്രതിപക്ഷ നേതാവിനോട് ആവശ്യപ്പെട്ടത്. വൈകിട്ടോടെ പ്രതിപക്ഷ നേതാവ് നാലുപേരെ നിര്‍ദേശിച്ചതായി കോണ്‍ഗ്രസ് നേതാവ് ജയറാം രമേശിന്റെ എക്സ് പോസ്റ്റില്‍ പറയുന്നു. കോണ്‍ഗ്രസ് നിര്‍ദ്ദേശിച്ച ലിസ്റ്റില്‍ ശശി തരൂരിന്റെ പേരുണ്ടായിരുന്നില്ല.കോണ്‍ഗ്രസ് നിര്‍ദ്ദേശമില്ലാതെ തന്നെ തരൂരിനെ പ്രതിനിധി സംഘത്തിന്റെ നേതാവാക്കി വിദേശത്തേക്ക് അയയ്ക്കാനാണ് കേന്ദ്രസര്‍ക്കാരിന്റെ തീരുമാനം.


Discover more from MALAYALAM

Subscribe to get the latest posts sent to your email.

Leave a comment

Leave a Reply