
കൊച്ചി: ഷൂ വിവാദത്തെ പരിഹസിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. മൂന്ന് ലക്ഷം രൂപയുടെ ഷൂ ധരിച്ചെന്ന് സിപിഎം സൈബര്‍ ഹാന്‍റിലുകളാണ് പ്രചാരിപ്പിച്ചത്. ആര് വന്നാലും 5000 രൂപയ്ക്ക് ആ ഷൂ നൽകാമെന്നായിരുന്നു സതീശൻ്റെ പ്രതികരണം. താന്‍ ഉപയോഗിച്ച ഷൂവിന് ഇന്ത്യയിലെ വില ഒമ്പതിനായിരം രൂപയാണ്. പുറത്ത് അതിലും കുറവാണ് വില. ഭാരത് ജോഡോ യാത്രയുടെ സമയത്ത് ഏറ്റവും അടുത്ത സുഹൃത്ത് ലണ്ടനില്‍ നിന്ന് വാങ്ങി കൊണ്ടുവന്നതാണ് ആ ഷൂ. 70 പൗണ്ട് ആയിരുന്നു അന്നത്തെ വില. ഇപ്പോള്‍ രണ്ട് വര്‍ഷം ആ ഷൂ ഉപയോഗിച്ചു. 5000 രൂപയ്ക്ക് ആര് വന്നാലും ആ ഷൂ നൽകാമെന്നും അത് തനിക്ക് ലാഭമാണെന്നുമായിരുന്നു പ്രതിപക്ഷ നേതാവിന്റെ പരിഹാസം.
ഗുജറാത്തിലെ അഹമ്മദാബാദിൽ നടക്കുന്ന എഐസിസി സമ്മേളനത്തിൽ പങ്കെടുക്കാനെത്തിയ വി ഡി സതീശൻ മൂന്ന് ലക്ഷം രൂപയുടെ ഷൂസാണ് ധരിച്ചതെന്നായിരുന്നു സോഷ്യൽ മീഡിയയിലെ പ്രചാരണം. ‘ക്ലൗഡ്ടില്‍റ്റി’ന്റെ വിലയേറിയ ഷൂസാണ് സതീശന്‍ ധരിച്ചതെന്നാണ് സോഷ്യല്‍ മീഡിയയില്‍ ചിലരുടെ കണ്ടെത്തല്‍. 3 ലക്ഷം രൂപയുടെ പ്രൈസ് ടാഗ് അടക്കമുള്ള ചിത്രങ്ങളാണ് സതീശന്‍റെ ഫോട്ടോയ്ക്കൊപ്പം പ്രചരിച്ചത്. ദില്ലിയിൽ ആരോഗ്യമന്ത്രി ജെ പി നദ്ദയെ കാണാനെത്തിയ മന്ത്രി വീണ ജോര്‍ജ് ധരിച്ച ബാഗ് നേരത്തെ വലിയ ചര്‍ച്ചയായിരുന്നു. ഇതിന് പിന്നാലെയാണ് വി ഡി സതീശന്റെ ഷൂസിന്‍റെ വില സോഷ്യൽ മീഡിയയില്‍ ചര്‍ച്ചയായത്.
Discover more from MALAYALAM
Subscribe to get the latest posts sent to your email.