
കോഴിക്കോട്: താമരശ്ശേരി ഷഹബാസ് കൊലക്കേസില്‍ കുറ്റാരോപിതരായ വിദ്യാര്‍ത്ഥികളുടെ റിമാന്‍ഡ് കാലാവധി നീട്ടി. ഏപ്രില്‍ ഒന്നിന് വിദ്യാര്‍ത്ഥികളുടെ ജാമ്യാപേക്ഷ കോഴിക്കോട് ജില്ലാ കോടതി പരിഗണിക്കും. ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ് ആണ് റിമാന്‍ഡ് കാലാവധി 14 ദിവസത്തേക്ക് കൂടി നീട്ടിയത്.
അതേ സമയം, പ്രതിപക്ഷ വിദ്യാര്‍ത്ഥി യുവജന സംഘടനകളുടെ ശക്തമായ പ്രതിഷേധത്തിനിടെ ഷഹബാസ് വധക്കേസിലെ പ്രതികളായ വിദ്യാര്‍ത്ഥികള്‍ എസ്എസ്എല്‍സി പരീക്ഷയെഴുതിയിരുന്നു. പ്രതികളെ പാര്‍പ്പിച്ചിരിക്കുന്ന വെള്ളിമാടുകുന്ന് ജുവൈനല്‍ ഹോമില്‍ തന്നെയാണ് പ്രതികള്‍ക്ക് പരീക്ഷ കേന്ദ്രമൊരുക്കിയത്. പ്രതികളെ പാര്‍പ്പിച്ചിരുന്ന വെളളിമാട് കുന്ന് ജുവനൈല്‍ ഹോമിന് പരിസരത്തെ സ്‌കൂളുകളാണ് പരിഗണിച്ചത് എങ്കിലും അവിടേക്കും പ്രതിഷേധം വ്യാപിക്കുമെന്നതിനാല്‍ ജുവനൈല്‍ ഹോം തന്നെ പരീക്ഷ കേന്ദ്രമാക്കാന്‍ തീരുമാനിക്കുകയായിരുന്നു.
എളേറ്റില്‍ വട്ടോളി എം ജെ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ പത്താംതരം വിദ്യാര്‍ഥിയായിരുന്നു മുഹമ്മദ് ഷഹബാസ്. താമരശ്ശേരിയില്‍ ഷഹബാസ് ഉള്‍പ്പെടുന്ന എംജെ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥികളും താമരശ്ശേരി കോരങ്ങാട് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ത്ഥികളും തമ്മില്‍ ട്യൂഷന്‍ സെന്ററിലെ കലാപരിപാടിയെ ചൊല്ലി സംഘര്‍ഷം ഉണ്ടായിരുന്നു. സംഘര്‍ഷത്തെ തുടര്‍ന്ന് വിദ്യാര്‍ത്ഥികള്‍ ഷഹബാസിനെ ക്രൂരമായി മര്‍ദിച്ചു.
നഞ്ചക്ക് എന്ന ആയുധം കൊണ്ട് തലയ്ക്ക് അടിയേറ്റ ഷഹബാസ് വീട്ടിലെത്തി വൈകാതെ ബോധരഹിതനാവുകയായിരുന്നു. രക്ഷിതാക്കള്‍ ആദ്യം താമരശ്ശേരിയിലെ ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിച്ചെങ്കിലും വെന്റിലേറ്റര്‍ സഹായത്തോടെ ഒരു ദിവസം മാത്രമാണ് ഷഹബാസിന്റെ ജീവന്‍ നിലനിര്‍ത്താന്‍ ആയത്.
Discover more from MALAYALAM
Subscribe to get the latest posts sent to your email.