തിരുവനന്തപുരം: പത്താം ക്ലാസ് വിദ്യാര്‍ത്ഥി ഷഹബാസിന്റെ കൊലപാതകം വിഷയമായ അടിയന്തര പ്രമേയ ചര്‍ച്ചയില്‍ സര്‍ക്കാരും പ്രതിപക്ഷവും തമ്മില്‍ അതിരൂക്ഷമായ വാക്പോര്. പ്രമേയ അവതാരകനായ രമേശ് ചെന്നിത്തലയുടെ മിസ്റ്റര്‍ ചീഫ് മിനിസ്റ്റര്‍ പ്രയോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ക്ഷുഭിതനായി. നിങ്ങളാണ് മുഖ്യമന്ത്രിയെന്നും കേള്‍ക്കണമെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ പറഞ്ഞു. താന്‍ എന്തു പറയണമെന്ന് മുഖ്യമന്ത്രി തീരുമാനിക്കേണ്ടെന്ന് രമേശ് ചെന്നിത്തലയും പറഞ്ഞു.പക്ഷംപിടിച്ച് മന്ത്രിമാരും മുന്നോട്ടെത്തി.
മിസ്റ്റര്‍ ചീഫ് മിനിസ്റ്റര്‍ എന്ന് അഭിസംബോധന ചെയ്താണ് രമേശ് ചെന്നിത്തല സംസാരിച്ചത്. ഇതിന് ശേഷം ക്ഷുഭിതനായി മുഖ്യമന്ത്രി പിണറായി വിജയന്‍ സംസാരിച്ചു. സമൂഹം നേരിടുന്ന വിപത്തിനെ നേരിടുന്ന രീതിയിലാണോ രമേശ് ചെന്നിത്തല സംസാരിച്ചതെന്ന് പിണറായി വിജയന്‍ രോഷത്തോടെ സംസാരിച്ചു.
‘ഇദ്ദേഹം ഈ മിസ്റ്റര്‍ ചീഫ് മിനിസ്റ്റര്‍ എന്ന് പറഞ്ഞ് ഒരോ ചോദ്യങ്ങള്‍ ചോദിച്ച് കൊണ്ടേയിരിക്കുന്നുണ്ട്. ഒരോന്നിനും ഞാന്‍ ഇടയ്ക്ക് ഇടയ്ക്ക് ഉത്തരം പറഞ്ഞുകൊണ്ടിരിക്കണോ? വേണമെങ്കില്‍ അതാവാം. സമൂഹം നേരിടുന്ന വിപത്തിനെ നേരിടുന്ന രീതിയിലാണോ അദ്ദേഹം സംസാരിച്ചുകൊണ്ടിരിക്കുന്നത്. അതാണോ ശരിയായ രീതി. യാഥാര്‍ത്ഥ്യം മനസിലാക്കാന്‍ കഴിയണം. ഇന്ന് നാട് നേരിടുന്ന പ്രശ്നം എന്താണെന്ന് മനസിലാക്കാന്‍ സാധിക്കണം. ഇടയ്ക്കിടയ്ക്ക് മിസ്റ്റര്‍ ചീഫ് മിനിസ്റ്റര്‍ എന്ന് പറഞ്ഞു ചോദ്യം ചോദിച്ചാല്‍ മാത്രം പോര’- മുഖ്യമന്ത്രി പറഞ്ഞു
മുഖ്യമന്ത്രി ക്ഷുഭിതനായതോടെ ഇതിന് മറുപടിയുമായി രോഷത്തോടെ പ്രതിപക്ഷ നേതാവ് വി.ഡി സതീശനും രംഗത്തെത്തി.’നിങ്ങളാണ് കേരളത്തിന്റെ മുഖ്യമന്ത്രി. നിങ്ങളാണ് കേരളത്തിന്റെ ആഭ്യന്തരവകുപ്പിന്റെ ചുമതലയുള്ളയാള്‍. നിങ്ങളെ കുറ്റപ്പെടുത്തും. അതിനെന്തിനാണ് താങ്കള്‍ ഇങ്ങനെ അസഹിഷ്ണുത കാണിക്കുന്നത്’.- വി.ഡി സതീശന്‍ ചോദിച്ചു.
ഞാന്‍ എന്താണ് സംസാരിക്കേണ്ടതെന്ന് മുഖ്യമന്ത്രി തീരുമാനിക്കേണ്ടെന്നും അത് എന്റെ അധികാരമാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു. മിസ്റ്റര്‍ ചീഫ് മിനിസ്റ്റര്‍ എന്നത് അണ്‍പാര്‍ലമെന്ററിയല്ലെന്ന് രമേശ് ചെന്നിത്തല ഇതോടൊപ്പം പറഞ്ഞു
ഈ വിഷയത്തെ കുറിച്ച് സംസാരിക്കേണ്ടതിന് പകരം ഈ അവസരം ഉപയോഗിച്ച് അനാവശ്യമായ കാര്യങ്ങള്‍ പറയുകയല്ല വേണ്ടതെന്ന് മുഖ്യമന്ത്രി പറഞ്ഞു.


Discover more from MALAYALAM

Subscribe to get the latest posts sent to your email.

Leave a comment

Leave a Reply