ലഖ്‌നൗ: മീററ്റില്‍ മര്‍ച്ചന്റ് നേവി ഉദ്യോഗസ്ഥനെ ഭാര്യയും കാമുകനും ചേര്‍ന്ന് അതിക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതികരണവുമായി പ്രതിയായ യുവതിയുടെ മാതാപിതാക്കള്‍. തങ്ങളുടെ മകള്‍ക്ക് ജീവിക്കാന്‍ അര്‍ഹതയില്ലെന്നും മരണംവരെ തൂക്കിലേറ്റണമെന്നും യുവതിയുടെ പിതാവ് പ്രമോദ് റസ്‌തോഗി വിവിധ ദേശീയ മാധ്യമങ്ങളോട് പ്രതികരിച്ചു. തന്റെ മകള്‍ക്ക് ജീവിക്കാന്‍ അര്‍ഹതയില്ലെന്നും അദ്ദേഹം പ്രതികരിച്ചു. മര്‍ച്ചന്റ് നേവി ഉദ്യോഗസ്ഥനായിരുന്ന സൗരഭ് രജ്പുത്താണ് കൊല്ലപ്പെട്ടത്. ഇദ്ദേഹത്തെ കൊലപ്പെടുത്തിയ ശേഷം ശരീരം വെട്ടിനുറുക്കി വീപ്പയ്ക്കുള്ളില്‍ ഒളിപ്പിക്കുകയായിരുന്നു.
സൗരഭിന്റെ ഭാര്യ മുസ്‌കാന്‍ റസ്തോഗിയും കാമുകന്‍ സാഹില്‍ ശുക്ലയും തമ്മിലുള്ള വിവാഹേതര ബന്ധമാണ് കൊടുംക്രൂരയിലേക്ക് നയിച്ചത്. ബന്ധം ആരംഭിച്ചപ്പോള്‍ മുതല്‍തന്നെ മുസ്‌കാന്‍ റസ്‌തോഗിയെ കാമുകന്‍ സാഹില്‍ മയക്കുമരുന്നിന് അടിമയാക്കിയെന്ന് പിതാവ് ആരോപിച്ചു. മകള്‍ തങ്ങളോട് കുറ്റസമ്മതം നടത്തിയിരുന്നു. മയക്കുമരുന്നില്ലാതെ തനിക്ക് ജീവിക്കാനാവില്ലെന്ന് മുസ്‌കാന്‍ പറഞ്ഞിരുന്നു. മരുമകനാണെങ്കിലും സൗരഭ് മകനെപ്പോലെയായിരുന്നു. കോടികള്‍ വരുന്ന സമ്പാദ്യം ഭാര്യക്കുവേണ്ടി ഉപേക്ഷിച്ചയാളാണ് സൗരഭ്. മുസ്‌കാന് ജീവിക്കാനുള്ള അവകാശം നഷ്ടപ്പെട്ടുകഴിഞ്ഞു. അവളെ തൂക്കിലേറ്റുകയാണ് വേണ്ടതെന്നും പ്രമോദ് റസ്‌തോഗി പ്രതികരിച്ചു.
സൗരഭുമായി വഴക്കുണ്ടായെന്ന് മാര്‍ച്ച് 17-ാം തീയതി മുസ്‌കാന്‍ തന്നെ അറിയിച്ചിരുന്നെന്ന് അമ്മ കവിത റസ്‌തോഗി തുറന്നുപറഞ്ഞു. ‘വീട്ടിലേക്ക് നേരിട്ടുവന്ന് കൂടുതല്‍ കാര്യങ്ങള്‍ പറയാമെന്നും മുസ്‌കാന്‍ പറഞ്ഞു. വീട്ടിലെത്തിയയുടന്‍ മുസ്‌കാന്‍ കെട്ടിപ്പിടിച്ച് കരയുകയാണ് ചെയ്തത്. എന്തുപറ്റിയെന്ന് ചോദിച്ചപ്പോള്‍ സൗരഭിനെ അദ്ദേഹത്തിന്റെ കുടുംബാംഗങ്ങള്‍ ചേര്‍ന്ന് കത്തികൊണ്ട് കുത്തിക്കൊലപ്പെടുത്തിയെന്ന് കള്ളം പറഞ്ഞു. ഇക്കാര്യം പോലീസിലറിയിക്കണമെന്നാണ് പിതാവ് ആവശ്യപ്പെട്ടത്. സ്റ്റേഷനിലേക്ക് പോകുമ്പോള്‍ പിതാവ് വീണ്ടും മുസ്‌കാനെ ചോദ്യം ചെയ്തു. അപ്പോഴാണ് താനും കാമുകന്‍ സാഹിലും ചേര്‍ന്നാണ് സൗരഭിനെ കൊന്നതെന്ന് മുസ്‌കാന്‍ സമ്മതിച്ചത്.’ കവിത പറഞ്ഞു.
സാഹിലും മുസ്‌കാനും എട്ടാംക്ലാസുവരെ ഒരുമിച്ച് പഠിച്ചതാണെന്നാണ് പിതാവ് പ്രമോദ് റസ്‌തോഗി വ്യക്തമാക്കിയിരിക്കുന്നത്. 2019 മുതല്‍ സോഷ്യല്‍ മീഡിയ വഴിയാണ് ഇരുവരും ബന്ധം പുനരാരംഭിച്ചത്. രണ്ടുവര്‍ഷം മുന്‍പ് സൗരഭ് ലണ്ടനിലേക്ക് പോയതിനുപിന്നാലെ സാഹില്‍ വഴി മുസ്‌കാന്‍ മയക്കുമരുന്നിന് അടിമയായിരുന്നെന്നും പിതാവ് പറഞ്ഞു. മുസ്‌കാനെ സൗരഭ് അന്ധമായി സ്‌നേഹിച്ചിരുന്നുവെന്നാണ് ഇരുവരും മാധ്യമങ്ങളോട് പ്രതികരിച്ചത്. സൗരഭിന് നീതി ലഭിക്കണമെന്നും അവര്‍ പറഞ്ഞു.
‘തങ്ങളുടെ മയക്കുമരുന്നുപയോഗം സൗരഭ് നിര്‍ത്തുമോയെന്ന ഭയംകൊണ്ടാണ് അദ്ദേഹത്തെ കൊലപ്പെടുത്താന്‍ കാരണമെന്ന് മുസ്‌കാന്‍ പറഞ്ഞു. സൗരഭ് ലണ്ടനിലേക്ക് പോയപ്പോള്‍ മുസ്‌കാനെ ഞങ്ങള്‍ക്കൊപ്പം നിര്‍ത്താന്‍ താത്പര്യമുണ്ടെന്ന് ഞങ്ങള്‍ അവനോട് പറഞ്ഞിരുന്നു. എന്നാല്‍ സ്വതന്ത്രയായി നില്‍ക്കാനായിരുന്നു അവളുടെ താത്പര്യം. അതിനെ സൗരഭും അനുകൂലിച്ചു. സൗരഭ് ലണ്ടനിലായിരിക്കുമ്പോള്‍ മുസ്‌കാന് പത്ത് കിലോയോളം ശരീരഭാരം കുറഞ്ഞിരുന്നു. സൗരഭ് സ്ഥലത്തില്ലാത്ത വിഷമംകൊണ്ടാണെന്നാണ് ഞങ്ങള്‍ കരുതിയത്. സാഹില്‍ അവള്‍ക്ക് മയക്കുമരുന്ന് കൊടുക്കുന്നതിനേക്കുറിച്ച് അറിയില്ലായിരുന്നു.’ മുസ്‌കാന്റെ രക്ഷിതാക്കളുടെ വാക്കുകള്‍. സൗരഭിനും മുസ്‌കാനും ഒരു മകളുണ്ട്. കുട്ടി മുസ്‌കാന്റെ രക്ഷിതാക്കള്‍ക്കൊപ്പമാണിപ്പോള്‍.
2016ല്‍ ആയിരുന്നു സൗരഭ് രജ്പുത്തും മുസ്‌കന്‍ റസ്‌തോഗിയും പ്രണയിച്ച് വിവാഹിതരായത്. ഭാര്യയോടൊപ്പം കൂടുതല്‍ സമയം ചെലവഴിക്കാന്‍ ആഗ്രഹിച്ച സൗരഭ്, മര്‍ച്ചന്റ് നേവിയിലെ ജോലി ഉപേക്ഷിച്ചു. പ്രണയ വിവാഹവും ജോലി ഉപേക്ഷിച്ചതും സൗരഭിന്റെ കുടുംബത്തിന് ഇഷ്ടപ്പെട്ടില്ല. ഇത് തര്‍ക്കങ്ങള്‍ക്ക് കാരണമായതോടെ സൗരഭും മുസ്‌കാനും ഒരു വാടക വീട്ടിലേക്ക് താമസം മാറി. 2019-ല്‍ ഇവര്‍ക്ക് ഒരു മകളും ജനിച്ചു. എന്നാല്‍ മുസ്‌കന്‍ സുഹൃത്തായ സാഹിലുമായി പ്രണയത്തിലാണെന്ന് സൗരഭ് പിന്നീട് മനസ്സിലാക്കി. വിവാഹമോചനത്തെ കുറിച്ച് ആലോചിച്ചെങ്കിലും മകളുടെ ഭാവി ഓര്‍ത്ത് തീരുമാനത്തില്‍നിന്ന് സൗരഭ് പിന്നോട്ടുപോയി. വീണ്ടും മര്‍ച്ചന്റ് നേവിയില്‍ ചേരാനും അദ്ദേഹം തീരുമാനിച്ചു. 2023-ല്‍ ജോലിക്കായി അദ്ദേഹം രാജ്യംവിട്ടു.
ഫെബ്രുവരി 28-നായിരുന്നു ഇവരുടെ മകളുടെ ആറാം പിറന്നാള്‍. മകളുടെ ജന്മദിനം ആഘോഷിക്കാനായി ഫെബ്രുവരി 24-ന് സൗരഭ് വീട്ടിലേക്കെത്തി. ഈ സമയം മുസ്‌കാനും സാഹിലും സൗരഭിനെ കൊല്ലാന്‍ പദ്ധതിയിട്ടിരുന്നു. മാര്‍ച്ച് നാലിന് മുസ്‌കാന്‍ സൗരഭിന്റെ ഭക്ഷണത്തില്‍ ഉറക്കഗുളികകള്‍ കലര്‍ത്തി. സൗരഭ് മയങ്ങി കഴിഞ്ഞപ്പോള്‍ സാഹിലിനൊപ്പം ചേര്‍ന്ന് കത്തി ഉപയോഗിച്ച് സൗരഭിനെ കൊലപ്പെടുത്തുകയും വെട്ടിനുറുക്കി വീപ്പയ്ക്കുള്ളിലാക്കി സിമന്റിട്ട് അടയ്ക്കുകയായിരുന്നു.


Discover more from MALAYALAM

Subscribe to get the latest posts sent to your email.

Leave a comment

Leave a Reply