
കൊടുങ്ങല്ലൂര്‍ (തൃശ്ശൂര്‍): ചാലക്കുടിയിലെ ബ്യൂട്ടിപാര്‍ലര്‍ സംരംഭക ഷീലാ സണ്ണിയെ വ്യാജ മയക്കുമരുന്ന് കേസില്‍ കുടുക്കിയ കേസില്‍ ഒളിവിലായിരുന്ന മുഖ്യപ്രതി നാരായണദാസ് പിടിയില്‍. കൊടുങ്ങല്ലൂര്‍ എസിപി വി.കെ. രാജുവിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. ഇന്ന് രാത്രിതന്നെ ഇയാളെ കൊടുങ്ങല്ലൂര്‍ എത്തിക്കും എന്നാണ് വിവരം. കേസിലെ ഒന്നാംപ്രതിയാണ് തൃപ്പൂണിത്തുറ സ്വദേശിയായ നാരായണദാസ്.
കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയിലാണ് നാരായണദാസിനെ പ്രതിചേര്‍ത്ത് കേസില്‍ എക്‌സൈസ് ക്രൈം ബ്രാഞ്ച് കുറ്റപത്രം നല്‍കിയത്. 2023 ഫെബ്രുവരി 27-നാണ് അജ്ഞാത ഫോണ്‍ സന്ദേശത്തെ തുടര്‍ന്ന് ഷീലാ സണ്ണിയെ എക്‌സൈസ് ഉദ്യോഗസ്ഥര്‍ പിടികൂടിയത്. പരിശോധനയില്‍ ഷീലയുടെ ബാഗില്‍നിന്ന് എല്‍എസ്ഡി സ്റ്റാമ്പിന് സമാനമായ വസ്തുക്കള്‍ കണ്ടെടുത്തു.
ഇതോടെ അറസ്റ്റിലായ ഷീല 72 ദിവസം ജയിലില്‍ കഴിഞ്ഞിരുന്നു. രാസപരിശോധനയില്‍ സ്റ്റാമ്പില്‍ മയക്കുമരുന്നിന്റെ സാന്നിധ്യമില്ലെന്ന കണ്ടെത്തലിന് പിന്നാലെ ഇവര്‍ കുറ്റവിമുക്തയായി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഷീലയെ നാരായണദാസ് ചതിയില്‍ പെടുത്തുകയായിരുന്നു എന്ന് തെളിഞ്ഞതിനെ തുടര്‍ന്നാണ് എക്‌സൈസ് ക്രൈംബ്രാഞ്ച് ഇയാളെയും കേസില്‍ പ്രതിയാക്കിയത്.
പിന്നാലെയാണ് ഷീല കേസുമായി ഹൈക്കോടതിയെ സമീപിച്ചു. ഹൈക്കോടതി നിര്‍ദേശത്തെ തുടര്‍ന്ന് ഈ വര്‍ഷം ജനുവരിയില്‍, എക്‌സൈസ് ക്രൈംബ്രാഞ്ച് അന്വേഷിച്ചിരുന്ന കേസില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ മാര്‍ച്ച് ഏഴാംതീയതിയാണ് എസിപി വി.കെ. രാജുവിന്റെ കേരള പോലീസ് ഈ കേസില്‍ അന്വേഷണം ആരംഭിച്ചത്.
Discover more from MALAYALAM
Subscribe to get the latest posts sent to your email.