
ഓരോരുത്തരുടേയും വണ്ണംകുറയ്ക്കൽ യാത്ര വ്യത്യസ്തമായിരിക്കും. ശരീരപ്രകൃതി വ്യത്യസ്തമായതിനാൽ തന്നെ സ്വീകരിക്കുന്ന രീതികളിലും മാറ്റംവരുത്തേണ്ടിവരും. സിമ്രാൻ പൂനിയ എന്ന ഹെൽത്ത് ഇൻഫ്ലുവൻസറും ഒരുഘട്ടംവരെ വണ്ണംകുറയ്ക്കുന്നതിനേക്കുറിച്ച് ആലോചിച്ചിരുന്നില്ല. എന്നാൽ 2020-ൽ ബാലി യാത്രയ്ക്കിടെ പടിക്കെട്ടുകൾ കയറുന്നതിൽ തടസ്സം നേരിട്ടതോടെ വണ്ണംകുറയ്ക്കണമെന്ന് സിമ്രാൻ തീരുമാനിക്കുകയായിരുന്നു. അങ്ങനെ കഠിനാധ്വാനത്തിന്റെ ഫലമായി അതിശയിപ്പിക്കുന്ന രീതിയിൽ വണ്ണംകുറയ്ക്കുകയും ചെയ്തു.
ഹ്യൂമൻസ് ഓഫ് ബോംബെ ഫേസ്ബുക്ക് പേജിലൂടെയാണ് സിമ്രാൻ തന്റെ അനുഭവം പങ്കുവെച്ചിരിക്കുന്നത്. കുട്ടിക്കാലംതൊട്ടേ താൻ വണ്ണത്തിന്റെ പേരിൽ പരിഹാസം നേരിട്ടിരുന്നുവെന്ന് സിമ്രാൻ പറയുന്നു. 130 കിലോവരെ തന്റെ ഭാരം വർധിച്ചിരുന്നുവെന്നും അതോടെ പഠനവും സാമൂഹിക ബന്ധങ്ങളുമൊക്കെ ഉപേക്ഷിച്ച് വീട്ടിലിരിക്കുന്ന അവസ്ഥയുണ്ടായെന്നും സിമ്രാൻ പറയുന്നു
എല്ലാ അർഥത്തിലും ഒളിച്ചോടി ജീവിക്കുന്നതുപോലെയായിരുന്നു അത്. പനി, തലവേദന എന്നൊക്കെപ്പറഞ്ഞ് വീട്ടിൽത്തന്നെയിരിക്കും. ജീവിതംപോലും അവസാനിപ്പിക്കണമെന്ന് തോന്നിയ സമയമുണ്ട്. അത്രത്തോളം കാര്യങ്ങൾ കൈകാര്യം ചെയ്യാൻ കഴിയാതായി. ഇതിനിടയ്ക്ക് ചർമത്തിലൊരു അണുബാധയുമുണ്ടായി. ഭാരം 130 കിലോയോളമെത്തിയ സമയത്ത് നിക്കോട്ടിൻ ആസക്തിയിലേക്ക് ആണ്ടു. എല്ലാദിവസവും കരയുകയും ഒന്നിലും സന്തോഷം കണ്ടെത്താൻ കഴിയാതിരിക്കുകയും ചെയ്തു. 2020-ലെ ബാലി യാത്രയാണ് എല്ലാം മാറ്റിമറിച്ചതെന്ന് സിമ്രാൻ പറയുന്നു.
അന്ന് പടിക്കെട്ടുകൾ കയറാൻ തടസ്സം നേരിട്ടതോടെ മധുരം പാടേ ഉപേക്ഷിക്കുകയും നടത്തം ആരംഭക്കുകയും ചെയ്തു. പെട്ടെന്ന് വണ്ണംകുറയ്ക്കാനുള്ള ഡയറ്റുകൾക്ക് പുറകെ പോകാതെ സ്ഥായിയായ രീതിയാണ് താൻ പിന്തുടർന്നതെന്നും സിമ്രാൻ പറയുന്നുണ്ട്. ചെറിയദൂരം നടന്നാണ് തുടങ്ങിയത്, പിന്നീടത് കിലോമീറ്ററോളം നടക്കുന്ന രീതിയിലേക്കെത്തി. കഠിനമായ വർക്കൗട്ടുകൾക്ക് പിന്നാലെ പോകാതെ നടത്തത്തിൽ നിന്നു തുടങ്ങി ഓട്ടവും പതിയെ മറ്റു വ്യായാമങ്ങളിലേക്കും കടക്കുകയാണുണ്ടായത്. ആദ്യമൊക്കെ വ്യായാമം എന്നോർക്കുമ്പോൾ മടുപ്പായിരുന്നെങ്കിൽ പിന്നെ അതിനാേട് തനിയേ താൽപര്യം വർധിക്കുകയായിരുന്നുവെന്നും സിമ്രാൻ കൂട്ടിച്ചേർക്കുന്നു.
Discover more from MALAYALAM
Subscribe to get the latest posts sent to your email.